അമരാവതി: തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ മാപ്പപേക്ഷ നിരസിച്ച് നാഗാർജുന. മന്ത്രിക്കെതിരെ മാനനഷ്ടക്കേസും നടൻ നല്‍കിയിട്ടുണ്ട്.
നാഗചൈതന്യ-സമാന്ത ഡിവോഴ്സിന് കാരണം കെടിആറിന്റെ ഇടപെടലുകളായിരുന്നു എന്നാണ് തെലങ്കാന മന്ത്രി ആരോപിച്ചത്. കൊണ്ട സുരേഖയുടെ ആരോപണം വിവാദത്തിലേക്കും വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാഗാർജുന മാനനഷ്ടക്കേസ് നല്‍കിയത്.
അവരുടെ അതിരുകടന്ന അഭിപ്രായങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ഇപ്പോള്‍ അവർ പറയുന്നത് പ്രസ്താവനകള്‍ പിൻവലിക്കുന്നുവെന്നാണ്. സമാന്തയോട് അവർ മാപ്പുപറഞ്ഞു. ഞങ്ങളുടെ കുടുംബത്തോട് ഖേദപ്രകടനം നടത്താൻ അവർ ഇതുവരെയും തയ്യാറായിട്ടില്ല. രാഷ്‌ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി സിനിമാതാരങ്ങളുടെ പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നാഗാർജുന പറഞ്ഞു.
ബിആർഎസ് നേതാവ് കെ.ടി രാമറാവുവിനെതിരെ നടത്തിയ ആരോപണങ്ങളിലാണ് സമാന്ത-നാഗാർജുന വിഷയം കൊണ്ട സുരേഖ തിരുകി കയറ്റിയത്. വീട്ടില്‍ ലഹരിപാർട്ടികള്‍ നടത്തിയിരുന്ന ആളാണ് കെടിആറെന്നും ഇതിലേക്ക് സമാന്തയെ അയക്കാൻ നാഗാർജുനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും കൊണ്ട സുരേഖ പറയുന്നു. സമാന്തയെ അയച്ചില്ലെങ്കില്‍ നാഗാർജുനയുടെ എൻ കണ്‍വെൻഷൻ സെന്റർ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് കെടിആർ ഭീഷണിപ്പെടുത്തി. സമാന്തയെ കെടിആറിന്റെ വീട്ടിലേക്ക് വിടാൻ നാഗാർജുനയോട് നാഗചൈതന്യ ആവശ്യപ്പെട്ടു. ഇതിന് സമാന്ത തയ്യാറായില്ല. പിന്നാലെയാണ് ഇരുവരും ഡിവോഴ്സായത്- എന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം.