ഇന്ത്യൻ സിനിമയിലാകെ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. പഴയ കാലത്ത് ഹിറ്റായതും പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകള്‍ ആയതും ഉള്‍പ്പെടെ നിരവധി സിനിമകളാണ് മലയാളത്തില്‍ അടക്കം ഇതിനോടകം റീ റിലീസ് ചെയ്തത്.
പഴയ ചിത്രങ്ങള്‍ റീമാസ്റ്റര്‍ ചെയ്ത് പുതിയ കാലത്തിന് ചേര്‍ന്ന ദൃശ്യ, ശ്രാവ്യ അനുഭവത്തോടെയാണ് പുറത്തിറങ്ങുന്നത്.
ഇക്കൂട്ടത്തില്‍ മോഹൻലാല്‍, മമ്മൂട്ടി സിനിമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ കയ്യടികള്‍ നേടിയിട്ടുള്ളത്. ഇപ്പോഴിതാ, 44 വർഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ പഴയൊരു സിനിമ റീ റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മലയാളികളുടെ എക്കാലത്തെയും ആക്ഷൻ സ്റ്റാറായ ജയൻ നായകനായ 'മീൻ' എന്ന ചിത്രമാണ് റീ റിലീസിനൊരുങ്ങുന്നത്.
ടി ദാമോദരൻ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രം 1980-ലാണ് പുറത്തിറങ്ങിയത്. 2k ദൃശ്യമികവോടെ 5.1 ഡോള്‍ബി അറ്റ്‌മോസ് ശബ്ദമികവോടെയാണ് മീൻ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രം 2025 ഫെബ്രുവരിയിലാണ് റീ റിലീസ് ചെയ്യുന്നത്. ജയനെ കൂടാതെ, മധു, സീമ, ശ്രീവിദ്യ, അടൂർ ഭാസി, ജോസ്, ശങ്കരാടി, അംബിക, ബാലൻ കെ നായർ തുടങ്ങിയ വമ്ബൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ചെന്നൈയിലും മുംബൈയിലുമായി ചിത്രത്തിന്റെ റീമാസ്റ്ററിങ് നടന്നുകൊണ്ടിരിക്കുകയാണ്. ജി ദേവരാജന്‍ സംഗീതം നല്‍കിയ മീനിലെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. റോഷിക എന്റർപ്രൈസസാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്