പെട്ടിയോട്ടോ റോഡിലേക്കിറങ്ങാൻ പാകത്തിൽ തിരിച്ചിട്ട് തലയിലൊരു തോർത്തും കെട്ടി വാഴവിത്ത് പെറുക്കിക്കേറ്റാൻ തുടങ്ങുമ്പോഴാണ് ജയിംസിനെക്കണ്ട് ബാറ്റും കക്ഷത്തിൽ വച്ച് മൈതാനം ലക്ഷ്യമാക്കി റോഡേപോയ ബാബുക്കുട്ടൻ കേറിവന്നത്.
'നീയെപ്പ വന്നെടാവ്വേ? ഇതെവിടാര്ന്ന് രണ്ടുമൂന്നുമാസം? നിന്റെ ഒരു വിവരോമില്ലാരുന്നല്ലോ? അതെങ്ങനാ, ഇക്കാലത്തും ഫോണില്ലാത്ത ഒരുത്തൻ നീയല്ലാതെ വേറെ വല്ലോരുമുണ്ടോ?'
'അതുകൊണ്ട് മനുഷേനു സ്വൈര്യമൊണ്ട്. ഒറ്റാന്തടിയായി നടക്കുന്നോന് എന്നാ വിവരം അറിയാനാടാ? ഇന്നലെയാ വന്നത്. വട്ടവടേലാരുന്നു. ഇനീം പോണം. അവിടിച്ചിരെ പരിപാടിയൊണ്ട്.'
'അവ്ടെന്നാടാ പരിപാടി? മറ്റോൻ വല്ലോവാണോ? സൂക്ഷിച്ചോണം കേട്ടോ! പിടിച്ചാൽ ജാമ്യം കിട്ടാത്ത എടപാടാ.."
'പോടാ പുല്ലേ, ഇച്ചിരെ കെഴക്കോട്ടു പോയാലൊടനെ മറ്റോനാത്രേ! എടാ കട്ടും പാത്തും കഞ്ചാവൊണ്ടാക്കി ജീവിക്കണ്ട കാര്യമൊന്നും ജയിംസിനില്ല. അങ്ങനെ മറിച്ചൊണ്ടാക്കി വളർത്താൻ എനിക്ക് കുടുംബോം പരാധീനോം ഒന്നുമില്ലല്ല്. ഒരു തള്ളക്കെളവിക്കും എനിക്കുമൊള്ളത് അന്തസ്സായി പണിയെടുത്തൊണ്ടാക്കുന്നൊണ്ട്. നീ ചെല്ല്. ഞാനാ എടത്തറേലെ മൂപ്പിലാന് അമ്പത് ഏത്തവാഴവിത്ത് ചോദിച്ചിട്ടൊള്ളത് കൊണ്ടുക്കൊടുക്കട്ടെ.'
'മൂപ്പിലാനും വാഴവിത്തും അവിടെ നിക്കട്ടെ, എടാ ജയിംസേ, നീ ലവടെ കാര്യം അറിഞ്ഞാരുന്നോ?'
'ഏതവടെ? എന്തു കാര്യം?'
'എടാ നിന്റെ ജന്മശത്രു രജനീടെ, അല്ലാതാരുടെയാ?'
'അവക്കെന്നാ?'
വാഴവിത്തുകൾ ഓരോന്നായി വണ്ടിയുടെ പെട്ടിയിലേക്കിടുന്നതിനിടയിൽ ജയിംസ് ചോദിച്ചു
'എടാ അവക്ക് കാൻസറാന്ന്. ബ്രെസ്റ്റ് കാൻസർ! അറിയാതെ വെച്ചോണ്ടിരുന്നുപോലും. ഇപ്പം മിഷനാശൂത്രീലാ. ഓപ്പറേഷൻ കഴിഞ്ഞു.'
ലക്ഷ്യം തെറ്റി പുറത്തേക്കു പോയൊരു വാഴവിത്തിനെ, അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങി ബൗണ്ടറി കടക്കാനൊരുങ്ങിയ ബോൾ അതിസമർത്ഥമായൊരു ക്യാച്ചിലൂടെ കയ്യിലൊതുക്കുന്ന വൈദഗ്ദ്ധ്യത്തോടെ പിടിച്ചെടുത്ത് താലോലിച്ചുകൊണ്ട് ബാബുക്കുട്ടൻ ഒരു വഷളൻചിരി ചിരിച്ചു.
'നീ ഞെട്ടിയില്ലേ? അതാണ്!
പോയി മോനേ! ഇനിയിപ്പം അവക്ക് കാണിച്ചു ഞെളിയാനും നിന്നെ ചീത്ത പറയാനും ഐറ്റമില്ല. നിനക്കു സന്തോഷമായിക്കാണുമെന്ന് എനിക്കറിയാം. അതു നേരിട്ടുകാണാനാ ഞാൻ വന്നുപറഞ്ഞത്. ഹോ! എന്തൊരഹങ്കാരമാരുന്നവക്ക്! ആണുങ്ങളെ കാണിക്കുവേം വേണം എന്നാലൊട്ടാരും നോക്കാനും പാടില്ല!'
ജയിംസപ്പോൾ പെരുമ്പേച്ചിക്കുന്നിൻ്റെ മുകളിലായിരുന്നു. ഇരുപത്തെട്ടു കൊല്ലം മുമ്പത്തെ ഒരുച്ചവെയിൽ ചാഞ്ഞനേരത്ത്! പെരുമ്പേച്ചിപ്പാറയിലെ കാറ്റിന് ചൂളം വിളിക്കുന്ന ഒച്ചയാണ്. ആ പ്രലോഭനമായിരുന്നു കുട്ടിക്കൂട്ടത്തിൻ്റെ യാത്രാഹേതു. ഒന്നോരണ്ടോ വർഷത്തിൻ്റെ മൂപ്പിളമക്കാരായ ജെയിംസും ബാബുക്കുട്ടനുമായിരുന്നു സംഘത്തിൻ്റെ നേതാക്കൾ. തൊട്ടുതാഴെ രമേശൻ. പത്തുപേരുടെ സംഘത്തിൽ രജനിയടക്കം മൂന്നു പെൺപിള്ളേർ. പെരുമ്പേച്ചിക്കുന്നിനെക്കുറിച്ചുള്ള കൂട്ടുകാരുടെ നിരന്തരവർണ്ണനകളിൽ വശപ്പെട്ടിരുന്നകൊണ്ട് അച്ഛൻ വീട്ടിലില്ലാതിരുന്ന അവസരം നോക്കി പോന്നതാണ് അവൾ. അകലെനിന്നു കാണുമ്പോൾ മലമുകളിൽ അങ്ങിങ്ങായി ആകാശം തൊട്ടുനിൽക്കുന്ന മരങ്ങളായിരുന്നു അവളുടെ കൗതുകം. അവയെല്ലാംതന്നെ വൻമരങ്ങളാണെന്നായിരുന്നു അവളുടെ ധാരണ. അടുത്തു കണ്ടപ്പോഴാണ് ആകാശം തൊടാൻ ഭാഗ്യം ചെയ്ത ആ മരങ്ങളെല്ലാം ചെറുമരങ്ങളാണെന്നറിഞ്ഞത്.
ഒന്നൊന്നര മണിക്കൂറിലെ കയറ്റം എല്ലാരെയും ക്ഷീണിപ്പിച്ചുകളഞ്ഞിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളെ. ക്ഷീണം മാറ്റാൻ പാറപ്പുറത്ത് അവിടവിടെയായി ഇരുന്ന് ചിലരൊക്കെ വീട്ടിലാരും കാണാതെ കയ്യിൽ കരുതിക്കൊണ്ടുപോന്ന കപ്പലണ്ടിയും നെല്ലിക്കയുമൊക്കെ പങ്കുവച്ചുതിന്നു. കുടിക്കാനുള്ള വെള്ളം ബാബുക്കുട്ടൻ്റെയും ജയിംസിൻ്റെയും വകയായിരുന്നു. പോരാനെഴുന്നേറ്റപ്പോൾ അതുവരെ കൂട്ടുകൂടാത്തേൻ്റെ കൊതിക്കെറുവിന് രജനിയുടെ പുള്ളിപ്പാവാടത്തുമ്പിൽ രമേശൻ മന:പൂർവ്വമൊന്ന് ചവിട്ടിപ്പിടിച്ചു. അവൾ ഒറ്റവീഴ്ച. കാൽമുട്ടിലെയും കൈവെള്ളയിലേയും ലേശം തൊലിപോയി. ആശ്വസിപ്പിക്കാനും പേടിയും കരച്ചിലും മാറ്റാനും നിന്നവരുടെ കൂട്ടത്തിൽ ജയിംസില്ലായിരുന്നു. കുന്നിറങ്ങുമ്പോൾ പത്തുപേരും ഉണ്ടായിരുന്നെങ്കിലും തിരിച്ചെത്തിയപ്പോൾ കൂട്ടത്തിൽ രമേശനുണ്ടായിരുന്നില്ല. കാലിൻ്റെ എല്ലും പൊട്ടി ഇടവഴിയിൽക്കിടന്ന അവനെ നേരം വൈകിയിട്ടും കാണാഞ്ഞ് തിരക്കി ച്ചെന്ന വീട്ടുകാർ തപ്പിയെടുത്തു കൊണ്ടുപോന്നിട്ടും, വീട്ടിൽ പറയാതെ പോയതിന് കണക്കറ്റു വഴക്കു കേട്ടിട്ടും അവൻ ജയിംസിൻ്റെ പേരുപറഞ്ഞില്ല.
പെട്ടിയടച്ച് ലോക്കിട്ട് ജയിംസ് വണ്ടി ഒതുക്കിയിട്ടു. തലയിലെ തോർത്തഴിച്ചു കുടഞ്ഞ് അഴയിലിട്ട് മുറ്റത്തരുകിൽ വച്ചിരുന്ന ബൈക്കു സ്റ്റാർട്ടാക്കിയപ്പോൾ ബാബുക്കുട്ടൻ ചോദിച്ചു. 'നീ വാഴവിത്തും കൊണ്ട് പോണില്ലേ? ഇതെങ്ങോട്ടാ?'
ഒരക്ഷരവും മറുപടി പറയാതെ ജയിംസ് വണ്ടിയെടുത്തു പോയി.
പ്രൈവറ്റ് ബസ്റ്റാൻഡിനു മുമ്പിൽ കുടുംബശ്രീക്കാർ നടത്തുന്ന ടീഷോപ്പിലായിരുന്നു രജനി ജോലിചെയ്തിരുന്നത്.
ടൗണിൽ എന്തിനെങ്കിലും പോകുമ്പോൾ ഒരു ചായ കുടിക്കാൻ തോന്നിയാൽ ജയിംസ് അവിടെയേ കയറൂ. ചിലപ്പോൾ വഴിയിൽ വച്ചും കാണാറുണ്ട്. ഒറ്റക്കോ മറ്റു കുടുംബശ്രീക്കൂട്ടുകാരായ ഷീബ യുടെയോ ബെറ്റിയുടെയോ ഒപ്പമോ ആകും. എന്തായാലും എവിടെ കണ്ടാലും അവൻ അവളെ വിസ്തരിച്ചു നോക്കും. അവളുടെ കണ്ണിലെ നീരസമോ ഉച്ചരിക്കാറുള്ള ഏതെങ്കിലുമൊരു ചീത്തവാക്കോ ഒന്നും കണക്കാക്കാറില്ല. വർഷങ്ങളിത്ര കഴിഞ്ഞിട്ടും അതിനൊന്നും ഒരു മാറ്റവുമില്ല. നാല്പതുകളുടെ ഓരത്തു കൂടി നടന്നിട്ടും ആ നിറകുടങ്ങൾ കാഴ്ചയ്ക്കു വിരുന്നായി തലയുയർത്തിത്തന്നെ നിന്നു.
പട്ടാളം പാക്കരന്റെ മകൾക്ക് കോഴിപ്പാപ്പന്റെ മകനോടുള്ള ഉരസൽ ഇന്നുമിന്നലെയും തുടങ്ങിയതല്ല. മുറിപ്പാവാടയിട്ട് പള്ളിക്കൂടത്തിൽ പോണകാലത്തേയുള്ളതാണ്. പട്ടാളം പാക്കരനെന്നാൽ രജനിയുടെ അപ്പൻ. ഭാസ്കരൻ പട്ടാളക്കാരനൊന്നുമായിട്ടല്ല, പണ്ടെങ്ങാണ്ട് കുറേക്കാലം വടക്കേയിന്ത്യയിലെങ്ങോ ആയിരുന്നു പോലും. ആരോടും ചേരാത്ത മൊരട്ടു സ്വഭാവം കൊണ്ട് വീണുകിട്ടിയ പേരാണ് പട്ടാളം. അതുപോലെതന്നെ അയലോക്കംകാരൻ പാപ്പന് കോഴിക്കച്ചവടം നടത്തിയ വകയിൽ നാട്ടുകാർ അറിഞ്ഞു നൽകിയതാണ് കോഴിപ്പാപ്പൻ എന്ന പേര്. കോഴിക്കച്ചവടം നിർത്തിയിട്ടും പേര് മാഞ്ഞില്ലെന്നു മാത്രമല്ല, ഒരു ദാക്ഷിണ്യവുമില്ലാതെ നാട്ടുകാർ അയാളുടെ വീടിനെ കോഴിപ്പെരയെന്നും മകനെ കോഴിജയിംസെന്നും വിളിച്ചുപോന്നു.
പ്ലാവും മാവും സപ്പോട്ടയും ചാമ്പയും പേരയുമെല്ലാമായി പുരയിടത്തിൽ ധാരാളം ഫലവൃക്ഷങ്ങളുണ്ടായിട്ടും ഒരൊറ്റക്കുഞ്ഞുങ്ങളെപ്പോലും പട്ടാളം പറമ്പിൽ കേറ്റിയില്ല. മുറ്റത്തുള്ള കർപ്പൂരമാവാണെങ്കിൽ മണം കൊണ്ടും മധുരം കൊണ്ടും വഴിയേ പോണവരെ വിളിച്ചുകേറ്റാൻ പാകത്തിൽ നിന്നു. കണ്ടുകണ്ട് സഹിക്കവയ്യാതെ ഒരു ദിവസം കൊച്ചുജയിംസ് ഒന്നു കേറിപ്പോയി. പട്ടാളം തല്ലിയില്ലെന്നേയുള്ളു. അതിനെക്കാൾ ഭീകരമായിരുന്നു വിളിച്ച തെറികൾ. അതിൻ്റെ കേടുതീർത്ത് പാപ്പൻ അവൻ്റെ രണ്ടു കാലിൻ്റേം ട്രൗസറൊഴിച്ചുള്ള ഭാഗം മുഴുവൻ വഴിക്കണക്കു തെറ്റിക്കുമ്പം കണക്കുസാറ് നോട്ടുബുക്കേൽ ഒരു കണക്കുമില്ലാതെ വെട്ടിക്കുത്തി വരച്ചിടുന്ന കുത്തിവരപോലെ തല്ലിപ്പതം വരുത്തി അടയാളമിട്ടു കളഞ്ഞു. തല്ലിൻ്റെ വേദനയെക്കാളും അവനെ നോവിച്ചത് അവൾ അകത്തിരുന്ന് അതുകണ്ടു ചിരിച്ചല്ലോ എന്ന അപമാനമായിരുന്നു.
'പോടീ ഉണ്ടക്കണ്ണീ ' എന്ന വിളിയും 'പോടാ കോഴിക്കാലാ ' എന്ന മറുവിളിയും കാലം ചെല്ലുന്തോറും മറ്റു സംബോധനകളിലേക്ക് പരിഷ്ക്കരിക്കപ്പെട്ടതല്ലാതെ, മാറിയില്ല. അത്ര വലിയ മുഖസൗന്ദര്യമല്ലെങ്കിലും പെൺകുട്ടിയിൽ നിന്നും പെണ്ണിലേക്കുള്ള പരിവർത്തനം അവളെ തികഞ്ഞ ഉടലഴകിയാക്കി മാറ്റിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് അവളുടെ മാറിടങ്ങൾ!
കൊത്തിവച്ച ശില്പം പോലെ അവയങ്ങനെ ഭംഗിയോടെ തലയുയർത്തിനിന്ന് അസൂയയാൽ പെണ്ണുങ്ങളുടെയും, കൊതികൊണ്ട് ആണുങ്ങളുടെയും ഉറക്കം കെടുത്തി.
അവൾ പള്ളിക്കൂടത്തിലും പിന്നെ കോളേജിലും പോണവഴി പലപ്പോഴും "നിന്നെ ഞാനാടീ കെട്ടുന്നെ, അല്ലെങ്കിക്കണ്ടോ" എന്ന വെല്ലുവിളിയും, 'പിന്നേ അതിന് കോഴിജയിംസ് ഒന്നൂടെ ജനിക്കണം. പോടാ വായ്നോക്കീ ' എന്ന നിർദാക്ഷിണ്യമുള്ള മറുപടിയും തുടർന്നു പോന്നു. അല്ലേലും പത്താം ക്ലാസിൽ പഠിപ്പും നിർത്തി ചില്ലറ മൈക്കാടുപണികളും വീട്ടിലും നാട്ടിലും അത്യാവശ്യം തല്ലുകൊള്ളിത്തരവുമായി നടക്കുന്നോന് അങ്ങനെ വെറുതെയാണേലും പറയാൻ നാട്ടുനടപ്പനുസരിച്ച് യാതൊരു യോഗ്യതയുമില്ലല്ലോ!
ജയിംസിനെന്നല്ല, നാട്ടുമ്പുറത്താർക്കും അവളെ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടായില്ല. 'ഇന്നാട്ടിലുള്ള ഒരൊറ്റ അലവലാതിക്കും ഞാനെൻ്റെ മോളെ കൊടുക്കുകേല' എന്നു പ്രഖ്യാപിച്ച പട്ടാളം പാതിവഴിക്ക് പഠിപ്പും നിർത്തി അവളെ ഒരു പരിഷ്ക്കാരി ബോംബേവാലായ്ക്ക് പിടിച്ച് കെട്ടിച്ചുകൊടുത്തു. ആർഭാടമായ കല്യാണം കഴിഞ്ഞ് വല്യ ഗമേൽ ചെക്കൻ്റൊപ്പം പോയ പെണ്ണ് കൃത്യം ഒറ്റമാസം കഴിഞ്ഞപ്പോ കരിഞ്ഞുണങ്ങി തിരിച്ചുപോന്നു. നാട്ടുകാർ അവരവരുടെ യുക്തിപോലെ 'ലവൻ മയക്കുമരുന്നാര്ന്ന് ', 'അവന് വേറെ സെറ്റപ്പാര്ന്ന് ' എന്നൊക്കെ പലതും പറഞ്ഞ് സമാധാനിച്ചതല്ലാതെ പട്ടാളവും കുടുംബവും ആരോടും അതേക്കുറിച്ച് വിശദീകരിക്കാൻ പോയില്ല.
നാട്ടിക്കൂടെ തേരാപ്പാരാ നടന്ന് ചെരുപ്പു തേയുന്നതിൻ്റെ പഴി കേട്ടുകേട്ട്, അപ്പനുമായിട്ട് പണ്ടേ ചേരാതിരുന്ന ജയിംസ് പഴയ സിനിമകളിലെ നായകനെപ്പോലെ തമിഴ്നാട്ടിനു വണ്ടി കയറി. പാപ്പൻ, പട്ടാളത്തിൻ്റെ അയലോക്കത്തെ വീട്ടും പറമ്പും വിറ്റ് കോഴിക്കച്ചോടവും നിർത്തി രണ്ടുകിലോ മീറ്റർ അപ്പുറെയുള്ള ഭാര്യാവിഹിതത്തിലോട്ട് പൊറുതിമാറ്റി കപ്പക്കൃഷി തുടങ്ങി. പിന്നൊരുനാൾ ഓർക്കാപ്പുറത്ത് വിഷം തീണ്ടി പാപ്പനങ്ങ് മരിച്ചു. അതിൽപ്പിന്നെ നാടുവിട്ടുപോയ നായകൻ തിരിച്ചുവന്നു. ആരോ കൃത്യമായി എഴുതിവച്ച ഒരു തിരക്കഥയിലെന്നപോലെ ഇങ്ങനെ ഓരോ സംഭവങ്ങളിലൂടെ വർഷങ്ങൾ കടന്നുപൊയ്ക്കൊണ്ടേയിരുന്നു. പെങ്ങളുകൊച്ചിനെ അവളുടെ കാമുകനായ ടിപ്പർ സജിക്ക് കെട്ടിച്ചു കൊടുത്തതുകൊണ്ട് ജയിംസിന് രണ്ടു ഗുണങ്ങളുണ്ടായി. ഒന്ന്, അയാൾ നല്ല അദ്ധ്വാനിയും മര്യാദക്കാരനുമായിരുന്നകൊണ്ട് അവളെ നല്ലപോലെ സംരക്ഷിക്കും. രണ്ട്, ജയിംസ് നാട്ടിലില്ലാത്തപ്പോൾ അമ്മച്ചിക്ക് അവിടെപ്പോയി സമാധാനമായി നിൽക്കാം.
അപ്പനുണ്ടാക്കിയ തട്ടിക്കൂട്ടുവീട് ജയിംസ് സാമാന്യം നല്ലൊരു വീടാക്കി മാറ്റിയിരുന്നു. വീട്ടിൽ നിന്നുള്ള നിർബന്ധത്തിന് അത്ര ബലം പോരാഞ്ഞിട്ടോ, സ്വന്തമായി കണ്ടെത്താൻ തോന്നാഞ്ഞിട്ടോ എന്തോ പെണ്ണുകെട്ടിയില്ല. ഇടയ്ക്ക് പ്രത്യക്ഷനും ഇടയ്ക്ക് അപ്രത്യക്ഷനും ആയി ഒറ്റത്തടിയായങ്ങ് നടന്നു. അവന് ഉസലാം പെട്ടിയിൽ ഭാര്യയും കൊച്ചുങ്ങളുമുണ്ടെന്നും അതല്ല കൊച്ചുള്ള പെണ്ണിനെയാണു കെട്ടിയതെന്നുമൊക്കെ നാട്ടുകാർ തരാതരം പോലെ പറഞ്ഞാശ്വസിച്ചു, ആരും നേരിട്ടു കണ്ടിട്ടില്ലെങ്കിലും. ഒന്നിനും അവൻ ചെവി കൊടുക്കാൻ പോയില്ല.
രജനിയെ പിന്നെ കല്യാണം കഴിപ്പിച്ചില്ല. ആർഭാടമായി കെട്ടിച്ചുവിട്ട മകളുടെ ദയനീയമായ തിരിച്ചുവരവ് പട്ടാളത്തിനു വലിയ അടിയായിപ്പോയിരുന്നു. അയാൾ ഒതുങ്ങിപ്പോയെന്നു പറഞ്ഞാൽ കുറഞ്ഞു പോകും - ഏതാണ്ട് പുലിയിൽ നിന്നും എലിയിലേക്കുള്ള പരിവർത്തനം! ഷുഗറുകൂടി കാലുമുറിച്ചും പല അസുഖങ്ങൾക്ക് ചികിത്സിച്ചും വർഷങ്ങളോളം കിടന്നു നരകിച്ചിട്ടാണ് അയാൾ മരിച്ചത്. ഇക്കാലം കൊണ്ട് വീടൊഴികെ മറ്റെല്ലാം വിറ്റുപെറുക്കിക്കഴിഞ്ഞിരുന്നു. ഒരു കാര്യത്തിനും സാമർത്ഥ്യമില്ലാതെ വീട്ടിനുള്ളിലൊതുങ്ങിയിരിക്കുന്ന ഒരു സ്ത്രീയായിരുന്നു അവളുടെ അമ്മ. കുറേനാൾ ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസിൽ, പിന്നെ സാനിറ്ററി ഷോപ്പിൽ കണക്കെഴുത്ത്, എംപ്ളോയ്മെൻ്റു വഴി ഒന്നുരണ്ടുതവണ ആറുമാസത്തെ വീതം താത്ക്കാലിക നിയമനം ഇങ്ങനെ പല വേഷങ്ങൾക്കുമൊടുവിൽ കുടുംബശ്രീയുടെ ടീഷോപ്പിൽ വരെ എത്തിനിൽക്കുന്നു ആ പഴയവീട്ടിൽ അമ്മയെയും സംരക്ഷിച്ചു കൊണ്ടുള്ള രജനിയുടെ പിൽക്കാലജീവിതയാത്ര.
..............
റിസപ്ഷനിൽ അന്വേഷിച്ച് നൂറ്റിപ്പതിനാറിലേക്കു പോകാൻ മൂന്നാം നിലയുടെ സ്റ്റെപ്പ് കയറിക്കൊണ്ടിരിക്കുമ്പോഴാണ് ഏത്തയ്ക്കാപ്പത്തിന്റെ എണ്ണ കിനിഞ്ഞ പൊതിയും ചായഫ്ളാസ്ക്കുമായി രണ്ടാം നിലയിലെ കാൻറീനിൽ നിന്നു വരുന്ന ഷീബയെക്കണ്ടത്. ജയിംസിനെ കണ്ടപാടെ ഷീബ പറഞ്ഞു.
'ആഹാ, അറിഞ്ഞുകേട്ട് ആളിങ്ങു വന്നല്ലോ. ഇനീപ്പം അവിടേമിവിടേം കാത്തുനിന്ന് ചാഞ്ഞും ചരിഞ്ഞും നോക്കി ബുദ്ധിമുട്ടണ്ടല്ലോ. ശത്രു ഒതുങ്ങിയല്ലോ!'
സാധാരണ ഗതിയിൽ മറുപടിയായി പറയേണ്ടിയിരുന്ന ഒരു തെറിവാക്ക് വിഴുങ്ങി ജയിംസ് ചോദിച്ചു.
'ഓപ്പറേഷൻ കഴിഞ്ഞിട്ട്?'
'എന്നിട്ടെന്താ എടുത്തു കളഞ്ഞു ! അതുകൊണ്ടായില്ലല്ലോ. ഇനിയിപ്പം കീമോ ചെയ്യണം. മൂന്നാമത്തെ സ്റ്റേജിലോട്ടായിരുന്നു. ഡോക്ടറ് ഒത്തിരി പറഞ്ഞതാ. അവള് അമ്പിനും വില്ലിനും സമ്മതിക്കുന്നില്ല. കീമോയും റേഡിയേഷനും ഒന്നും വേണ്ടാന്നാ പറയുന്നെ. കരിഞ്ഞും കരുവാളിച്ചും മുടി കൊഴിഞ്ഞും ഒക്കെ എന്തിനാ ആർക്കു വേണ്ടിയാ ജീവിച്ചിരിക്കുന്നേന്ന്. നേരല്യോ? ആലോചിച്ചേച്ച് ഒരു തീരുമാനം പറയാൻ ഡോക്ടറു പറഞ്ഞിട്ടുണ്ട്. '
ഷീബ മുന്നിലും ജയിംസ് പിന്നിലായും മുറിയിലേക്കു കയറിച്ചെല്ലുമ്പോൾ രജനി തലയിണ വച്ച് ചുമരും ചാരി കട്ടിലിൽ ഇരിക്കുകയായിരുന്നു. കാനുലയിട്ട കൈ മടിയിലെ തലയിണയിലും.
'ദേ ഇതാരാന്ന് നോക്കിക്കേ. നിന്റെ ശത്രു'
ഷീബ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ വിളറിയ ചുണ്ടിൽ ഒരു ചിരി മിന്നിമാഞ്ഞോ എന്ന് ജയിംസിനു തോന്നി.
'ഇരിക്ക്' ഷീബ സ്റ്റൂൾ നീക്കിയിട്ടുകൊടുത്തു.
'രജനീടമ്മയ്ക്ക് ആശൂത്രീ വന്നു നിക്കാനൊന്നും വയ്യാത്തോണ്ട് ഞാനാ കൂടെ, അല്ലേലും വയ്യാത്ത കാലും കൊണ്ട് ആയമ്മ വന്നു നിന്നിട്ടെന്തിനാ !'
കെട്ടിയവൻ ഇട്ടിട്ടു പോയിട്ടും തോറ്റുകൊടുക്കാതെ പാടുപെട്ട് പണിയെടുത്ത് രണ്ടു മക്കളെയും പ്രായമായ അപ്പനെയും അമ്മയെയും പോറ്റുന്നവളാണ് ഷീബ. പാഴാക്കാനൊരു സമയവുമില്ലാത്തവൾ!
'ചായകൊടുക്ക് ഷീബേ..'
രജനി പറഞ്ഞു.
ജയിംസിനെ കാണുമ്പോഴേ ഇരുണ്ടു മൂടാറുള്ള മുഖത്ത് അപ്പോൾ വെറുപ്പും സ്നേഹവുമൊന്നുമല്ലാത്ത ഒരു നിസംഗ ഭാവമായിരുന്നു.
'വേണ്ട വേണ്ട, നിങ്ങള് കുടിക്ക്. വയ്യാതിരിക്കുന്നോർക്കു വാങ്ങിച്ചിട്ട് ...! '
'അയ്യോ ചായ കൂടുതലുണ്ടെന്നേ.. ആരും വരുമെന്ന് ഓർത്തിട്ടല്ലേലും ഞാനൊരെണ്ണം കൂടുതലാ മേടിച്ചത്.. '
ഷീബ ഗ്ലാസിൽ പകർന്ന് നീട്ടിയ ചായ ജയിംസിനു വാങ്ങാതെ തരമില്ലാതായി.
ആരും ഒന്നും മിണ്ടാത്ത നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
'എങ്ങനേണ്ട്? വേദനയുണ്ടോ?'
ചായ ഒന്നുരണ്ടിറക്കു കുടിച്ചിട്ട്
എന്തെങ്കിലുമൊന്ന് മിണ്ടണമല്ലോ എന്നു കരുതി ജയിംസ് എന്നു ചോദിച്ചു.
അയഞ്ഞൊരു പച്ചനൈറ്റിയിൽ കഴുത്തിനു കീഴോട്ട് പുതുതായി രൂപപ്പെട്ട പാതിസമതലഭൂമിയുടെ ശൂന്യത വ്യക്തമായിരുന്നു. നേരത്തെ അയാളുടെ കണ്ണിനു മുൻപിൽ പെടുന്ന മാത്രയിൽ ചുരിദാറിൻ്റെ ഷാളോ കുടുംബശ്രീയുടെ യൂണിഫോംകോട്ടോ ഉള്ളതു പോരാതെ ഈർഷ്യയുടെ ഒരു കവചംകൂടി വലിച്ചിട്ട് ഓടിയൊളിക്കാൻ തിടുക്കപ്പെട്ടിരുന്ന അവൾ, ഇപ്പോഴാ നോട്ടത്തിനു മുൻപിൽ ഒട്ടും അസഹ്യയല്ലാതെ ഇരിക്കുന്നതു കണ്ട് അവനു വല്ലായ്മ തോന്നി.
അവളെപ്പോഴും പറയാറുള്ള ഏതെങ്കിലുമൊരു ശാപവാക്ക് കേൾക്കാനായി അന്നേരം അതിയായ ആഗ്രഹം തോന്നി.
'വേദന സാരമില്ല. ഇനീപ്പം ആരു നോക്കിയാലും എടുത്തോണ്ട് ഓടിയൊളിക്കാൻ ഒന്നും ഇല്ലല്ലോ.. ഇങ്ങനെ തോറ്റുതൊപ്പിയിട്ടിരിക്കുന്ന കണ്ട് ഇഷ്ടം പോലെ ചിരിക്കാലോ, ല്ലേ!'
ജയിംസിനപ്പോൾ പട്ടാളം പാക്കരന്റെ മതിലിനു പുറത്ത് ഇരുമ്പുഗേറ്റിനിടതു വശത്തായി കാത്തുവച്ചിരുന്നപോലെ വട്ടയിലയിൽ പൊതിഞ്ഞിരുന്ന രണ്ടു കർപ്പൂരമാമ്പഴങ്ങൾ പുളിയോടെ മധുരിച്ചു. അടിയുടെ ചതവും ചീത്തയുടെ മുറിവും ചേർന്ന് വേണ്ട വേണ്ട എന്നു വിലക്കിയിട്ടും, ആരും കാണാതെ എടുത്തോണ്ടു പോന്ന ആ കൊതിമധുരങ്ങൾ! നിധിപോലെ സൂക്ഷിച്ചുവച്ച് കുഴിച്ചിട്ട ആ രണ്ടു മാങ്ങയണ്ടികളിലൊന്ന് കേടായിപ്പോയെങ്കിലും മറ്റേത് വളർന്നു മരമായി വർഷാവർഷം കായ്ച്ച് പഴയ കോഴിപ്പെരമുറ്റത്ത് നിൽപ്പുണ്ട്.
'പോട്ട്. അതങ്ങ് പോയാലും അതിന്റുളളിലൊളളത് അവിടെത്തന്നെ ഒണ്ടല്ലോ....'
രജനി അവന്റെ മുഖത്തേക്കു നോക്കി. ആ ഒരൊറ്റ നിമിഷം അവളുടെ കണ്ണിലൂറിക്കൂടിയ കണ്ണീർത്തുള്ളിയിൽ ആയിരം സൂര്യന്മാരുടെ തിളക്കമുണ്ടായിരുന്നു.
യാത്രപറയാതെ ജയിംസ് പുറത്തിറങ്ങി. റൗണ്ട്സിനു ഡോക്ടർ റൂമിലേക്കു കയറി വരികയായിരുന്നു. ഡോക്ടറോടു ജയിംസ് പറഞ്ഞു
'കീമോയോ റേഡിയേഷനോ എന്താന്നു വച്ചാ ചെയ്യണം ഡോക്ടറെ, അവൾക്കു സമ്മതവാ!'