മലയാളത്തിൽ വമ്പിച്ച സാമ്പത്തിക വിജയം നേടിയ 'മഞ്ഞുമ്മൽ ബോയ്‌സ്' റഷ്യയിലെ സോച്ചിയിൽ നടന്ന കിനോ ബ്രാവോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീതത്തിനുള്ള അവാർഡ് നേടി.
സുഷിൻ ശ്യാമിന്റെ സംഗീതം ചിത്രത്തിന്റെ വിജയഘടകങ്ങളിൽ ഒന്നായിരുന്നു. 'മഞ്ഞുമ്മൽ ബോയ്‌സി'നു പുറമെ 'ആവേശം' എന്ന ചിത്രത്തിന്റെയും സംഗീത രചനകൾ ഗ്രാമി അവാർഡിനും സമർപ്പിച്ചുവെന്നു അവാർഡ് വാർത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ശ്യാം പറഞ്ഞു.
ഊഷ്‌മള സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്. സംഭവ കഥയിൽ അധിഷ്‌ഠിതമായ ചിത്രം ലോകമൊട്ടാകെ 200 കോടി രൂപ സമ്പാദിച്ചു എന്നാണ് കണക്ക്.
തായ്‌ലൻഡിൽ നിന്നുള്ള 'How to Make Millions Before Grandma Dies,' ഇറാന്റെ 'Fossil,' സൗത്ത് ആഫ്രിക്കയുടെ 'Hans Crosses the Rubicon' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുമായാണ് മഞ്ഞുമ്മൽ ബോയ്‌സ് മത്സരിച്ചത്.
ഇന്ത്യയിൽ നിന്നു പായൽ കപാഡിയയുടെ ‘All We Imagine As Light’ മത്സരേതര വിഭാഗത്തിൽ ഉണ്ടായിരുന്നു.
Manjummel Boys bags music award