ബ്രിസ്റ്റോള്‍: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും പ്രവാസികളായി യുകെയില്‍ എത്തിയ കുടുംബങ്ങളുടെ സൗഹൃദ സംഗമം ആവേശോജ്ജ്വലമായി. പകിട കളിയുടെയും, നാടന്‍ പാട്ടുകകളുടെയും നാടന്‍പന്തുകളിയുടെയും ആരവമുഖരിതമായ അന്തരിക്ഷത്തില്‍ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ബ്രിസ്റ്റോളിലെ സെന്റ് ജോണ്‍സ് ഹാളില്‍ ആവേശകരമായ പരിസമാപ്തി കുറിച്ചു.
പുതുപ്പള്ളി മണ്ഡലംകാര്‍ എന്ന വികാരത്തെ ആഘോഷമാക്കുവാനും, നാട്ടുകാരുമായി സൌഹൃദം പങ്കുവക്കുവാനുമായി യുകെയില്‍ അങ്ങോളം ഇങ്ങോളമുള്ള പുതുപ്പള്ളിക്കാര്‍ പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് കുടുബത്തോടൊപ്പം രാവിലെതന്നെ എത്തിയിരുന്നു.
മനോഹരമായി അലങ്കരിച്ച വേദിയും അടുക്കും ചിട്ടയോടുകുടിയുള്ള ഒരുക്കങ്ങളുമായി സംഗമ വിജയത്തിനു റോണിയും,ലിസയും മികവുറ്റ സംഘാടകത്വം നിര്‍വ്വഹിച്ചു. രാവിലെ ഒമ്പതു മണിക്ക് രജിട്രേഷനോടെ ആരംഭിച്ച കൂട്ടായ്മയില്‍ വിരുന്നുകരല്ലാതെ, വീട്ടുകാരായി ഏകമനസ്സോടെ സന്തോഷത്തോടെ നാടിന്റെ ഓര്‍മ്മകള്‍ ഏവരും പങ്കുവച്ചു.
തനത് കായിക രൂപമായ പകിടകളിക്കൊപ്പം നാടന്‍ പന്തുകളിയും കലാപരിപാടികളുമായി നടന്ന സംഗമത്തില്‍ പകിടകളിയില്‍ ബിജൂ ഇപ്‌സിച്ച് ട്രോഫി കരസ്ഥമാക്കി. നാടന്‍ പന്തുകളിയില്‍ വാശിയും ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ ജെയിന്റെ നേതൃതത്തിലുള്ള ടീമും കപ്പ് ഉയര്‍ത്തി.കാണികളെയും കളിക്കാരെയും ഒരുപോലെ ത്രസിപ്പിച്ച ഗെയിമുകല്‍ക്ക് ലിസ നേതൃത്വം
വഹിച്ചു.
പ്രാത്ഥനാ ഗാനത്തോട് ആരംഭിച്ച സംഗമത്തില്‍ സണ്ണിമോന്‍ മത്തായി അദ്ധൃഷത വഹിച്ചു. പുതുപ്പള്ളി മണ്ഡലം MLA ചാണ്ടി ഉമ്മന്‍ ഒണ്‍ലൈന്‍ വഴി സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റോണി,ലിസാ, ബീജൂ ഇപ്‌സിച്ച്,എബ്രാഹാം കുരൃന്‍,മാത്തുകുട്ടി എന്നിവര്‍ തിരി തെളിച്ച് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
പുതുപ്പള്ളി സംഗമത്തിന് പൂതിയ ഭാരവാഹികളായി ബീജോയ്,അനില്‍ മര്‍ക്കോസ്, എബ്രാഹാം കുരൃന്‍,രാജൂ എബ്രാഹാം എന്നിവര്‍ ചുമതലയേറ്റു. കേരള തനിമയിലുളള വിഭവങ്ങളടങ്ങിയ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴ ഭക്ഷണം എന്നിവ ഏവരും ഏറെ ആസ്വദിച്ചു.
പുതുപ്പള്ളി കലാപ്രതിഭകള്‍ നൃത്തങ്ങളാലും, ഗാനങ്ങളും നാടന്‍പാട്ടുകളുമായും സംഗമത്തെ വര്‍ണ്ണാഭമാക്കി. പുതുപ്പള്ളിയുടെ സ്വന്തം ഗായകനായ ബീജു തമ്പിയുടെ നേതൃതത്തിലുള്ള 'ശ്രൂതി വോയ്‌സ്' വേദിയില്‍ സംഗീതസാന്ദ്രത പകര്‍ന്നു.
ഏറെ സൗഹൃദവും നാടിന്റെ സ്‌നേഹവും ഗൃഹാതുരയും പകര്‍ന്ന ആവേശകരമായ പുതപ്പള്ളി സംഗമം രാത്രി പത്തുമണി വരെ നീണ്ടു നിന്നു.