മാഞ്ചസ്റ്റര്‍: കൊച്ചി - യു കെ യാത്രയ്ക്കായി എയര്‍ ഇന്ത്യ വിമാന സര്‍വീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയിരിക്കുകയാണ് പ്രവാസി മലയാളികളുടെ പ്രബല സംഘടനകളില്‍ ഒന്നായ ഒ ഐ സി സിയുടെ യു കെ ഘടകം. ഈ റൂട്ടിലെ എയര്‍ ഇന്ത്യയുടെ പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, ഇപ്പോള്‍ ഗാറ്റ്വിക് എയര്‍പോര്‍ട്ടില്‍ അവസാനിക്കുന്ന സര്‍വീസുകള്‍ ബിര്‍മിങ്ങ്ഹം / മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് കഴിഞ്ഞ ദിവസം ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ടത്.
എയര്‍ ഇന്ത്യ സി ഇ ഒ & എം ഡി ക്യാമ്പെല്‍ വില്‍സണ്‍, കേന്ദ്ര വ്യോമയാന മന്ത്രി വ്യോമയാന മന്ത്രി കിഞ്ചരാപ്പൂ റാം മോഹന്‍ നായ്ഡു, കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശന് എം എല്‍ എ, ഫ്രാന്‍സിസ് ജോര്‍ജ് എം പി എന്നിവര്‍ക്കാണ് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ചത്.
നിവേദനം ലഭിച്ച ഉടനെ കെ സുധാകരന് എം പി കാര്യങ്ങള്‍ ചോദിച്ചറിയുകയും പ്രവാസി മലയാളികളുടെ ആശങ്കകളും അറിയിച്ചുകൊണ്ടും ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടുമുള്ള വിശദമായ കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറി. കെ പി സി സി അധ്യക്ഷന്റെ സമയോചിതമായ ഇടപെടല്‍ പ്രവാസി മലയാളികള്‍ക്ക് ഒരു ഉണര്‍വ്വും പ്രതീക്ഷയും പകര്‍ന്നിട്ടുണ്ട്.
വളരെ തിരക്ക് പിടിച്ചതും വരുമാനം കൂടുതലുള്ളതുമെങ്കിലും ഇപ്പോള്‍ കൊച്ചി - യു കെ വ്യോമ റൂട്ടില്‍ മൂന്ന് പ്രതിവാര സര്‍വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യ നടത്തുന്നത്. മലയാളി യാത്രക്കാരില്‍ കുറെയേറെ പേര് എയര്‍ ഇന്ത്യ വിമാന സര്‍വീസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരാണ്. ശൈത്യകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ നിന്നും യു കെയിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഗവര്‍മെന്റുകള്‍ തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. അതനുസരിച്ചു എയര്‍ ഇന്ത്യ തങ്ങളുടെ ഡല്‍ഹി / മുംബൈ / ബാംഗ്ലൂര്‍ / ഗോവ എന്നിവിടങ്ങളില്‍ നിന്നും യു കെയിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിച്ചുവെങ്കിലും കൊച്ചിയെ അവഗണിക്കുകയായിരുന്നു. ഈ കാര്യം നിവേദനത്തില്‍ എടുത്തു കാട്ടിയിട്ടുണ്ട്.
കൂടാതെ കൊച്ചിയില്‍ നിന്നും ആരംഭിച്ച് ഇപ്പോള്‍ ഗാറ്റ്വിക്കില് അവസാനിക്കുന്ന എയര്‍ ഇന്ത്യ സര്‍വീസുകള്‍ ബിര്‍മിങ്ങ്ഹം, മാഞ്ചസ്റ്റര്‍ എന്നീ എയര്‍പോര്‍ട്ടുകള്‍ വരെ നീട്ടിയാല്‍ വടക്ക് - മദ്ധ്യ യു കെയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി യാത്രക്കാരുടെ യാത്രാ ദൈര്‍ഖ്യം കുറയ്ക്കാനാകുമെന്ന വസ്തുതയും നിവേദനത്തില്‍ മുന്നോട്ട് വച്ചിട്ടുണ്ട്.