മലയാളചലച്ചിത്രരംഗത്ത് 1980-കളിൽ സജീവമായിരുന്ന ഒരു നടിയും ഡബ്ബിംഗ് കലാകാരിയുമായിരുന്ന ലക്ഷ്മി കൃഷ്ണമൂർത്തി ഓർമ്മയായിട്ട് ഇന്ന് ആറാണ്ട്. സിനിമാരംഗത്ത് ലക്ഷ്മി ചേച്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവർ 1970-ൽ പുറത്തിറങ്ങിയ സംസ്കാര എന്ന കന്നഡ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.ആകാശവാണിയിലെ ആദ്യ മലയാളം വാർത്താവതാരികയുമാണവർ.
1928-ൽ കോഴിക്കോട് ചാലപ്പുറത്ത് മുല്ലശ്ശേരി ഗോവിന്ദമേനോന്റേയും ചെങ്ങളത്ത് ദേവകിയമ്മയുടെയും മകളായി നാടകം, കഥകളി, നൃത്തം തുടങ്ങി കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. മദ്രാസ് പ്രസിഡൻസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം1950-ൽ കോഴിക്കോട് ആകാശവാണിയിൽ ചേർന്ന് ആർട്ടിസ്റ്റ് അനൗൺസർ എന്നീ പദവികളിൽ പ്രവർത്തനമാരംഭിച്ചു. ഇക്കാലയളവിൽ തിക്കോടിയനോടൊപ്പം ചേർന്ന് അവതരിപ്പിച്ച ബാലരംഗവും ലക്ഷമി നാണിയമ്മയായി എത്തിയ നാട്ടിൻപുറവും ഏറെ ശ്രദ്ധ നേടിയിരുന്നു. ആകാശവാണിയിൽ തന്നെ ഉദ്യോഗസ്ഥനായ കൃഷ്ണമൂർത്തിയെ വിവാഹം ചെയ്തതിന് ശേഷം ഡൽഹി ആകാശവാണി നിലയത്തിൽ വാർത്താവതാരകയായി പ്രവർത്തിച്ചു. പിന്നീട് ചെന്നൈയിലും അമേരിക്കയിലും കുറച്ചുകാലം അദ്ധ്യാപികയായും ലക്ഷ്മി സേവനം ചെയ്തിരുന്നു.
നിരവധി നാടകങ്ങളിൽ അഭിനയിച്ച ലക്ഷ്മി 1970-ൽ പുറത്തിറങ്ങിയ പട്ടാഭിരാമ റെഡ്ഡിയുടെ 'സംസ്കാര' എന്ന കന്നഡ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. ഗിരീഷ് കർണാട്, സ്നേഹലത റെഡ്ഡി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.
1986-ൽ എം.ടി.യുടെ രചനയിലുള്ള പഞ്ചാഗ്നി എന്ന സിനിമയിൽ ഗീതയുടെ അമ്മയായുള്ള വേഷം ചെയ്താണ് അവർ മലയാളചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എം.ടി.യുടെ തന്നെ നാലുകെട്ട് എന്ന നോവലിനെ ആധാരമാക്കി ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്ന ടെലിസീരിയലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയൽ രംഗത്തെ പ്രമുഖനായ മധുമോഹന്റെ മലയാളം സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി. ഷാജി എൻ കരുൺ, ഹരിഹരൻ, ജി. അരവിന്ദൻ, ടി. വി. ചന്ദ്രൻ, മണിരത്നം, സിബി മലയിൽ തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടേതായി ഇരുപതോളം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
2018 നവംബർ 10-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ലക്ഷ്മി അന്തരിച്ചു.
ആ കലാകാരിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!