ഒക്ടോബർ 31-ന് തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖർ സല്‍മാന്റെ പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്കർ' 9 ദിവസം കൊണ്ട് ആഗോളതലത്തില്‍ 77 കോടി രൂപയുടെ വൻ കളക്ഷൻ നേടിയിരിക്കുന്നു. കേരളത്തിലും ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ്. ഇതിനോടകം സംസ്ഥാനത്ത് 13 കോടി രൂപയുടെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകള്‍.ആദ്യ ദിനം 175 സ്ക്രീനുകളില്‍ പ്രദർശനം ചെയ്ത ചിത്രം രണ്ടാം വാരത്തിലും 200-ലധികം സ്ക്രീനുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദർശിപ്പിക്കപ്പെടുന്നു. ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്യുന്നത്.1992-ലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രശസ്തമായ തട്ടിപ്പിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, ഒരു സാധാരണ ബാങ്ക് ക്ലർക്കായ ഭാസ്കറുടെ ജീവിതകഥയാണ് പറയുന്നത്.
കുടുംബപ്രേക്ഷകരും കുട്ടികളും യുവാക്കളും ഉള്‍പ്പെടെയെല്ലാവരും ചിത്രത്തെ ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ദുല്‍ഖർ സല്‍മാൻ ചിത്രത്തില്‍ അതിഗംഭീരമായ പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകൻ വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം.തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം ദുല്‍ഖർ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ്. തെലുങ്കില്‍ ഇതോടെ ദുല്‍ഖർ സല്‍മാന് ഹാട്രിക് ബ്ലോക്ക്ബസ്റ്റർ നേടാനും സാധിച്ചു. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്‌സും ഫോർച്യൂണ്‍ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്‌കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം 9 ദിവസം കൊണ്ട് 77 കോടി രൂപയുടെ വൻ കളക്ഷൻ നേടിയത് വിജയത്തിന്റെ തെളിവാണ്.