ന്യു യോർക്ക്: ലാന നവംബർ 1-3 വരെ ന്യൂയോർക്കിലെ അക്ഷരനഗരിയിൽ നടന്ന സാഹിത്യോത്സവത്തിൽ കവിത/ലിംഗസമത്വം /വിവർത്തനം എന്നീ വിഷയങ്ങളിൽ നടന്ന സംവാദത്തിൽ വെബ് കോൺഫറൻസ് വഴി ചരിത്രകാരി, ഗവേഷക, അദ്ധ്യാപിക, വിവർത്തക എന്നീനിലകളിൽ പ്രശസ്തയായ പ്രൊഫ. ഡോ. ജെ ദേവിക, നിരൂപകയും കവിയും അദ്ധ്യാപികയും ആയ ഡോ. നിഷി ലീല ജോർജ്ജ്, കവിയും ഗവേഷകയും വിദ്യാഭ്യാസപ്രവർത്തകയും ആയ സ്റ്റാലീന എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ഡോ. ദേവികയുടെ പ്രസംഗം വളരെ ശ്രദ്ധേയം ആയിരുന്നു. ആധുനിക സാഹിത്യമണ്ഡലത്തിൽ സ്ത്രീ എഴുത്തുകാർ അനുഭവിച്ചു വന്നതും ഇന്നും അനുഭവിയ്ക്കുന്നതുമായ സാമൂഹികവും മാനസ്സികവുമായ പ്രശ്നങ്ങളെ കുറിച്ചു ഡോ. ദേവിക സസാരിച്ചു. സാഹിത്യപൊതുമണ്ഡലത്തിലുണ്ടായ മാറ്റങ്ങൾ ആണ് പ്രവാസസാഹിത്യത്തിലുണ്ടായ മാറ്റങ്ങൾ. സ്ത്രീകളുടെ സാഹിത്യത്തിന് ഇടം അനുവദിയ്ക്കുന്നു എന്ന തോന്നലുളവാക്കുകയും എന്നാൽ ആ എഴുത്തുകളെ എതിർക്കുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്. സാഹിത്യപൊതുമണ്ഡലത്തിലെ ആദ്യകാല എഴുത്തുകാരികൾ മുതൽ അനുഭവിക്കുന്നതാണ് ഇത്. സാഹിത്യപൊതുമണ്ഡലത്തിന്റെ സോഷ്യോളജി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പുരുഷന്മാരായ എഴുത്തുകാർ സ്വവർഗ്ഗത്തിൽ സ്നേഹബന്ധത്താൽ കൂടുതൽ ഇഴയടുപ്പമുള്ള ചെറിയചെറിയവൃത്തങ്ങളായി സ്വവർഗ്ഗ സഹൃദയ സംഘങ്ങൾ രൂപപ്പെടുത്തി എഴുത്തുകാരെ കൂടുതൽ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ ശ്രമിയ്ക്കുന്നു.
ആധുനിക സാഹിത്യത്തിൽ "ശാസ്ത്രം സുഹൃത്തിനെപോലെയും, തത്വചിന്ത ഗുരുവിനെപോലെയും കവിത ഭാര്യയെപോലെയും" ആണ്.
എഴുത്തുകാരായ സ്ത്രീകൾക്ക് സാഹിത്യത്തിൽ അർഹിക്കുന്ന സ്ഥാനം ഇല്ലാതെ ആകുന്നു.
"ഉത്തമ സ്ത്രീ ഉത്തമസാഹിത്യം" എന്നതാണ് സ്ത്രീകളിൽ നിന്ന് സാഹിത്യലോകം പ്രതീക്ഷിയ്ക്കുന്നത്. ബാലസാഹിത്യമോ പുരാണങ്ങളോ, ഉത്തമസാഹിത്യമോ ഒഴിച്ച് ബാക്കിയെല്ലാം എഴുതാൻ പുരുഷനുമാത്രം അവകാശം.
ആദ്യകാലം മുതലെ മുഖ്യധാരാ സാഹിത്യം പുരുഷനുമാത്രമുള്ളതും സ്ത്രീ എഴുതുന്നതെന്തും അവളുടെ ജീവിതവുമായി ബന്ധപ്പെട്ടതെന്നും ഉള്ളതായിരുന്നു സാഹിത്യലോകത്തെ ചിന്താധാര. ഉദാഹരണങ്ങൾ ലളിതാംബിക അന്തർജ്ജനം പുരോഗമന സാഹിത്യത്തെ ചോദ്യം ചെയ്തത്, മാധവിക്കുട്ടിയുടെ എഴുത്തുകൾ, രാജലക്ഷ്മിയുടെ എഴുത്തുകൾ, ചന്ദ്രമതിയുടെ കഥകൾ...പലരും എഴുത്തുവഴിയിൽ നിന്നോ ജീവിതത്തിൽ നിന്നോ തന്നെ പിൻവാങ്ങി. രാജലക്ഷ്മി എഴുത്തുകാരി ആയി തുടരാൻ സാധിക്കില്ല എന്നു പറഞ്ഞ് ജീവിതത്തോട് തന്നെ വിടപറഞ്ഞു.
മോഡേണിസം സാഹിത്യത്തിലെത്തിയപ്പോഴേക്കും എഴുത്തുകാരികളുടെയും വായനക്കാരുടെയും എണ്ണം കൂടിയതായിക്കാണാം. കവിത തുടക്കം മുതൽ സവർണ്ണരുടേതായിരുന്നു. അതുകൊണ്ട് തന്നെ കവിതയിൽ സ്ത്രീകൾ അധികം ആക്രമിയ്ക്കപ്പെട്ടില്ല.
കവിത ആന്തരികമായ കാഴ്ചപ്പാടാണ്. ഒരേ വിഷയം തന്നെ പലരും എഴുതുന്നത് പലവിധമാണ്. കവിതകൾ യുണീക് ആണ്. കാലത്തിന്റെ ആഴങ്ങളും അടരുകളും സങ്കീർണ്ണതകളും ഉള്ള കവിതകൾ സ്ത്രീ എഴുത്തുകാരുടേതായി ഇന്ന് കാണാം.
എഴുത്തിൽ സംവരണം എന്ന വാക്കും ഇഷ്ടമില്ലാത്തതെല്ലാം മോശമാണെന്നു ചിന്തിക്കുന്നതിനോടും യോജിയിക്കുന്നില്ല എന്ന് ഡോ. ദേവിക പറഞ്ഞു.
വിമർശനം എന്നാൽ വെളിച്ചം പകരുക എന്നാണ്, തള്ളിക്കളയുക എന്നല്ല എന്നതാണ് എന്ന് ദേവിക അഭിപ്രായപ്പെട്ടു.
സാഹിത്യലോകത്ത് രാഷ്ട്രീയസ്വാധീനവും കാണാം. 2018 ൽ നോബൽ പ്രൈസ് കിട്ടിയ ഓൾഗയുടെ നോവൽ വായിയ്ക്കുമ്പോൾ അത്ഭുതമാണ് തോന്നിയത്. ചലനാത്മകതയുടെ പ്രത്യയശാസ്ത്രമണ് മാർക്സിസം എന്നാണ് അവർ പറയുന്നത്. ദ്വീപിലേക്ക് യാത്ര പോകുന്ന ഒരു കുടുംബത്തിന്റെ കഥയാണ്. ആ ദ്വീപ് ആധുനിക മനുഷ്യന്റെ മനസായിട്ടാണ് കാണിച്ചിരിക്കുന്നത്. വൈജാഞാനികമായ മേഖലയില്‍ നിന്ന് സര്‍ഗാത്മകതയിലേക്കുള്ള പുതിയ രചന രീതിയാണ് സ്വീകരിച്ചിരിക്കുന്നത് ആ നോവലിൽ. 2000 മുതലുള്ള എഴുത്തുകളിൽ രാഷ്ട്രീയം കാണാം. ആധുനികം, ഉത്തരാധുനികം, മോഡേണിസം, പോസ്റ്റ് മോഡേണിസം എല്ലാം സാഹിത്യത്തിന്റെ ഭാഷയിലും സാഹിത്യത്തിലും വന്ന മാറ്റങ്ങളാണ്.
ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു താളബോധം ഉണ്ട്. ആ താളബോധം അവൻ ജീവിക്കുന്ന പരിസരത്തു നിന്ന് ആർജ്ജിയ്ക്കുന്നതാണ്. അവൻ ജീവിക്കുന്ന ചുറ്റുപാട്, പാരമ്പര്യം ഇതെല്ലാം അവന്റെ എഴുത്തിനെ സ്വാധിനിയ്ക്കും.
ഓരോരുത്തരുടെയും എഴുത്തിന്റെ ഭാഷ രൂപപ്പെടുന്നത് അവന്റെ സംസ്ക്കാരത്തിൽ നിന്നാണ്. ഓരോരുത്തർക്കും ഒരുതാളം ഉണ്ട്, ചിലർ ആ താളക്രമം തെറ്റിച്ച് താൻ ജീവിച്ച, പരിചയിച്ച, താൻമാത്രം അനുഭവിച്ച ഒരു പുതിയ താളം ഉണ്ടാക്കിയെടുക്കുന്നു. അങ്ങനെ ഒരാളാണ് ദസ്തേവ്സ്കി. പുസ്തകവായനയിൽ ഏകാന്തതീരത്തെത്തി നില്ക്കുമ്പോൾ അനുഭവിക്കുന്ന ഒരാഹ്ലാദമുണ്ട്. വായിച്ചിട്ടില്ലാത്തവർ വായിയ്ക്കണം. അസ്ഥിയിൽ നിന്ന് മജ്ജയിലേക്ക് പടരുന്ന സുഖകരമായ ഒരവസ്ഥ.
ഈ സംവാദ വിഷയങ്ങൾ ഒരുമണിക്കൂറിലോ ഒരുദിവസത്തിലൊ ഒതുങ്ങില്ലെന്നു പറഞ്ഞ് ദേവിക തന്റെ വാക്കുകൾ അവസാനിപ്പിച്ചു.
സ്ത്രീകളുടെ എഴുത്തുലോകത്തേക്ക് വർണ്ണ ഭേദമില്ലാതെ എഴുത്തുകാർ വരുന്നു. സ്ത്രീകവിതകൾ വലിയവിമർശനങ്ങൾ നേരിടേണ്ടി വരുന്നു. ജീവിത സാഹചര്യങ്ങൾ എഴുത്തിൽ പ്രതിഫലിക്കുന്നു. എഴുത്തുകൾ മറ്റുള്ളവരിലേക്ക് എത്തിയ്ക്കാൻ കഴിഞ്ഞവർ തന്നെ ആണ് വലിയ എഴുത്തുകാരായി അറിയപ്പെട്ടവർ എന്ന് ഡോ. നിഷി പറഞ്ഞു.
സമൂഹത്തിലെ മുറിവേറ്റ സ്ത്രീകളുടെ മുറിവുകളാണ് കവിതകൾ എന്ന് സ്റ്റാലിന അഭിപ്രായപ്പെട്ടു.