പ്രേക്ഷകനെ മറ്റൊന്നും ചിന്തിക്കാന്‍ വിടാതെ കഥയ്ക്കൊപ്പം കൂട്ടുന്ന ഒരു ചിത്രം. ദുരൂഹമായ സാഹചര്യത്തില്‍ കാണാതാകുന്ന ഒരു സമര്‍ത്ഥനായ മാധ്യമ പ്രവര്‍ത്തകന്റെ കോളിളക്കം സൃഷ്ടിക്കുന്ന തിരോധാനവും സംസ്ഥാനത്ത് അരങ്ങേറുന്ന ചില കൊലപാതകങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയവും സാമൂഹികവുമായ കുറേ സംഭവ വികാസങ്ങളും ചേര്‍ത്ത് ഉദ്വേഗജനകമായ ഒരു ക്രൈം ത്രില്ലര്‍ ഒരുക്കിയിരിക്കുകയാണ് എന്‍.എ നിഷാദ് എന്ന സംവിധായകന്.
പൊതുസമൂഹത്തെ ബാധിക്കുന്ന ഏതൊരു പ്രശ്നവും അപ്പോള്‍ തന്നെ തന്റെ മാധ്യമത്തിലൂടെ അറിയിക്കുന്ന സമര്‍ത്ഥനായ ജേണലിസ്റ്റാണ് ജീവന് തോമസ്. മാധ്യമ പ്രവര്‍ത്തനത്തോടുള്ള അതിയായ ആവേശമാണ് മുംബൈയില്‍ മികച്ച ശമ്പളമുള്ള എന്‍ജിനീയറിംഗ് ജോലി ഉപേക്ഷിച്ച് ടെലിവിഷന്‍ ക്യാമറ കൈയ്യിലേന്താന്‍ അയാളെ പ്രേരിപ്പിച്ചത്. തന്റെ ക്യാമറയിലൂടെ അയാള്‍ മികച്ച വാര്‍ത്താ പ്രാധാന്യമുള്ള സ്റ്റോറികള്‍ കണ്ടെത്തുന്നു. സ്ഥാപനത്തിനും അയാളെ കുറിച്ച് നല്ല മതിപ്പ് തന്നെ. സുഹൃത്തായ റൂബിയുമായി അയാളുടെ മന:സമ്മതവും കഴിഞ്ഞു. പ്രണയാതുരമായ ഹൃദയത്തോടെ വിവാഹദിനം കാത്തിരിക്കുകയാണ് അയാള്‍.
അന്നും പതിവ്പോലെ അയാള്‍ തന്റെ ജോലിക്കായി ഇറങ്ങിയതാണ്. വാകത്താനം കൊലക്കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന ദിവസം അതിന്റെ വിഷ്വല്‍സ് എടുക്കാന്‍ വേണ്ടി പോയതാണ് അയാള്‍. പക്ഷേ, അയാള്തന്റെ സ്ഥാപനത്തിലേക്കോ വീട്ടിലേക്കോ തിരിച്ചു ചെല്ലുന്നില്ല. ഇടയ്ക്കൊക്കെ ജീവന് ഇങ്ങനെ അപ്രതീക്ഷിതമായി പലയിടത്തും പോകാറുള്ളതാണ്. അതു കൊണ്ടു തന്നെ ആദ്യ ദിവസം വീട്ടുകാരും അത്ര കാര്യമാക്കിയില്ല. എന്നാല്‍ അടുത്ത ദിവസവും ജീവന് വീട്ടിലേക്ക് വിളിക്കാതിരുന്നപ്പോള്‍ അവര്‍ക്ക് ആശങ്കയായി. അധികം താമസിയാതെ അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നു. ഇതോടെ വീട്ടുകാര്‍ അയാളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലാതെ വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നു. തുടര്‍ന്ന് നിരന്തര സമ്മര്‍ദ്ദം ചെലുത്തിയതോടെ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. തുടര്‍ന്നു നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.
ജീവന് തോമസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് പോലീസിന്റെ മുന്നില്‍ വലിയ വെല്ലുവിളിയാണുയര്‍ത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ ക്രൈം ബ്രാഞ്ച് മേധാവിയായ ഐസക് മാമന് ഈ കേസന്വേഷണത്തില്‍ നിന്നും തലയൂരാന്‍ പരമാവധി ശ്രമിച്ചെങ്കിലും അത് അയാളിലേക്ക് തന്നെ വന്നു ചേരുകയാണ്. ജീവനെ കാണാതാകുന്ന ദിവസം മുതലുളള കാര്യങ്ങള്‍ പരമാവധി ശേഖരിച്ചു കൊണ്ട് മുന്നേറുന്നതിനിടയില്‍ കോട്ടയത്തും ഇടുക്കിയിലും നടന്ന ചില സംഭവങ്ങള്‍ കൂടി ഇതുമായി ബന്ധപ്പെടുന്നതോടെ കേസന്വേഷണവും കഥാഗതിയും ഊര്‍ജ്ജിതമാകുന്നു. അതിന്റെ പിരിമുറിക്കം പ്രേക്ഷകരിലേക്കും പടരുന്നു.
കേസന്വേഷണമാണ് പ്രമേയമെങ്കിലും ഒരു വ്യക്തിയുടെ തിരോധാനം അയാളുടെ കുടുംബത്തിലും മറ്റുള്ളവരിലും ഉളവാക്കുന്ന ആഘാതങ്ങളും പ്രതിസന്ധികളും ചിത്രം തുറന്നു കാട്ടുന്നുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും ഇഴയടുപ്പവും ചിത്രത്തില്‍ കാണാം. കൂടാതെ തിരോധാനം എപ്രകാരം മറ്റു കേസുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു, കേന് അന്വേഷണം പുരോഗമിക്കുനന്തിനുള്ള വഴികള്‍, തെളിവുകളുടെ ശേഖരണം അതിന്റെ പിന്‍ബലത്തിലുള്ള യാത്ര തുടങ്ങിയവയെല്ലാം വളരെ വ്യക്തമായി ചിത്രം കാട്ടിത്തരുന്നു. കോട്ടയത്ത് ആരംഭിക്കുന്ന കേസന്വേഷണം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കും നീളുമ്പോള്‍ അതെല്ലാം വളരെ സ്വാഭാവിമായി തന്നെ സംവിധായകന് അവതരിപ്പിക്കുന്നുണ്ട്. പ്രമാദമായ കേസുകളില്‍ കൂട്ടായ്മയുടെ കരുത്തുകൊണ്ട് സത്യം കണ്ടെത്തുന്നത് എങ്ങനെയെന്ന് ഈ ചിത്രത്തില്‍കാണാം.
ജീവന് തോമസായി ഷൈന്‍ ടോം ചാക്കോ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സമീപ കാലത്തിറങ്ങിയ ഷൈന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ജീവന് തോമസ് എന്ന് നിസ്സംശയം പറയാം. അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന എം. എ നിഷാദ് പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്. സംവിധായകര്‍ അഭിനയിക്കുന്നത് പുതുമയല്ലെങ്കിലും നിഷാദിന്റെ ഈ ചിത്രത്തിലെ പ്രകടനത്തെ എടുത്തു പറയാതെ വയ്യ. വാണി വിശ്വനാഥിന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയിട്ടുണ്ട്. കൂടാതെ ദുര്‍ഗകൃഷ്ണ, സ്വാസിക എന്നിവരുടെ ആക്ഷന്‍ രംഗങ്ങളും മികച്ചതായി.
തിരക്കഥയുടെ കെട്ടുറപ്പാണ് സിനിമയുടെ കരുത്ത്. കുറ്റാന്വേഷണ ചിത്രത്തിന് ചേരുന്ന വിധം പശ്ചാത്തല സംഗീതമൊരുക്കിയത് മാര്‍ക്ക് ഡിമൂസ് ആണ്. വിവേക് മേനോന്റെ ഛായാഗ്രഹണവും മികച്ചതായി. ക്രൈം സീനുകളുടെയും അന്വേഷണഘട്ടങ്ങളുടെയും രംഗങ്ങള്‍ വളരെ മികവോടെ ഒപ്പിയെടുത്തിട്ടുണ്ട്. തിരോധാനം സംബന്ധിച്ച ദുരൂഹത സ്ക്രീനില്‍ നിറയ്ക്കാന്‍ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങളും അതിമനോഹരമാണ്. പ്രഭാവര്‍മ്മ, ഹരിനാരായണന്, പളനിഭാരതി എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന് സംഗീതം നല്കിയിരിക്കുന്നു.
മുകേഷ്, സുധീര്‍ കരമന, വിജയ് ബാബു, സായ് കുമാര്‍, ഗൗരി പാര്‍വതി, പ്രശാന്ത് അലക്സാണ്ടര്‍, സമുദ്രക്കനി, ബൈജു, ജോണി ആന്റണി, അശോകന്, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, കലാഭവന്‍ ഷാജോണ്‍, അനുമോള്‍, രമേഷ് പിഷാരടി, മഞ്ജുപിളള, ശിവദ, ബാബു നമ്പൂതിരി, ശ്യാമപ്രസാദ്, പി.ശ്രീകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങള്‍#ക്കും ആവശ്യമായസ്ക്രീന് സ്പേസ് കൊടുത്തിട്ടുണ്ട്.
ബെന്സിപ്രൊഡക്ഷന്സിന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച ചിത്രം ഒരു നല്ല തിയേറ്റര്‍ എക്സ്പീര്യന്‍സ് ആയിരിക്കുമെന്നതില്‍ സംശയമില്ല.