കൊച്ചി: മലയാളത്തിലെ യുവ നടന്മാരിലൊരാളായ അർജ്ജുൻ അശോകന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ആനന്ദ് ശ്രീബാല' വെള്ളിയാഴ്ച തിയറ്ററിലേക്ക്.
റൊമാൻസ്, കോമഡി, നായകൻ, പ്രതിനായകൻ, കാമുകൻ എന്നിങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങള്‍ അർജ്ജുൻ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നത് ആദ്യമായാണ്.
ഇത്രയേറെ ഗൗരവമുള്ളൊരു കഥാപാത്രത്തെ ഇതിന് മുൻപ് അർജ്ജുൻ അവതരിപ്പിച്ചിട്ടില്ല. ലോ കോളേജ് വിദ്യാർത്ഥിയായ മെറിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പൊലീസ് അന്വേഷണവുമാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ.
ഹരിശ്രീ അശോകന്റെ മകൻ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും കഥാപാത്രങ്ങളെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചത്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങള്‍ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകള്‍ ചേർത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന അർജ്ജുൻ ഇതിനോടകം ഒരുപിടി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുമുണ്ട്. 'പറവ'യിലെ ഹക്കീം, 'ബി ടെക്കിലെ ആസാദ് മുഹമ്മദ്, 'രോമാഞ്ച'ത്തിലെ സിനു സോളമൻ, 'ഭ്രമയുഗ'ത്തിലെ തേവൻ, തുടങ്ങിയ കഥാപാത്രങ്ങളാണിത്. 'ആനന്ദ് ശ്രീബാല'യിലെ ആനന്ദ് ഈ ശ്രേണിയില്‍ ഏറെ തിളക്കമുളള മറ്റൊരു കഥാപാത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
2012-ല്‍ പുറത്തിറങ്ങിയ 'ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്' എന്ന ചിത്രത്തിലെ ഗണേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അർജ്ജുൻ അശോകൻ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.