ലക്ഷ്യങ്ങൾ നേടുന്നതിന് മോഹം മാത്രം പോരാ; നിരന്തരമായി അധ്വാനിക്കുന്നതിനുള്ള ആവേശം കൂടി വേണം. കത്തിജ്വലിക്കുന്ന ആവേശം കൂടി ഉണ്ടാവണം. ''അസാധ്യം'' എന്ന വാക്ക് വിഡ്ഢികൾ മാത്രമേ പറയൂ എന്ന് നെപ്പോളിയൻ ചക്രവർത്തി പറയുമായിരുന്നു.
ഇതാ, ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാർത്ഥിത്വം ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഏകകണ്ഠമായി അംഗീകരിച്ചിരിക്കുന്നു.
നവംബർ 11-ന് എച്ച്.വി.എം.എ പ്രസിഡൻ്റ് സജി എം. പോത്തന്റെ അധ്യക്ഷതയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ സെക്രട്ടറി - തോമസ് നൈനാൻ, ട്രഷറർ - വിശ്വനാഥൻ, പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, ജിജി ടോം, അജി കളീക്കൽ എന്നീ എല്ലാ ബോർഡ് അംഗങ്ങളും പങ്കെടുത്തു.
നല്ല പെരുമാറ്റം മാന്യതയുടെ ലക്ഷണമാണ് .സംസ്കാരമുള്ളവർക്കേ മാന്യതയുടെ മുഖം മനസിലാവുകയുള്ളു. നല്ല വാക്കും, പുഞ്ചിരിയും, പിന്നെ ''ഗർജ്ജിക്കുന്ന ഒരു മുഖം'' കൂടിയുണ്ടെങ്കിൽ ഏതന്ധകാരത്തിലും പ്രകാശം പരത്തുകയും, സൗഹൃദം ജനിപ്പിക്കുകയും ചെയ്യും.
നേതൃസ്ഥാനത്തായാലും സാദാ പ്രവർത്തകനെന്ന നിലയിലായാലും ഏത് കാര്യം ഏല്പിച്ചാലും അത് ആത്മാർത്ഥതയോടെ ചെയ്ത് വിജയത്തിലെത്തിക്കുന്നു എന്ന് നാളിതുവരെയുള്ള ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു. ആ നേതൃ മികവിനുള്ള അംഗീകാരമെന്ന നിലയിൽ നിലവിൽ അദ്ദേഹം രണ്ടാം തവണയും ലോകകേരളസഭാ മെംബറാണ്.
കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും (ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), ന്യൂയോര്‍ക്ക് പോളിടെക്നിക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ടികെഎം എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം കോളേജ് യൂണിയൻ ചെയർമാനായിരുന്നു.
വിജ്ഞാനം, വിവേകം, പക്വത എന്നൊക്കെപ്പറയുന്നത് നല്ല പെരുമാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓരോ ഇഞ്ചും മാന്യമായിരിക്കുക, ഓരോ നിമിഷവും മാന്യമായി പെരുമാറുക എന്നിവയൊക്കെ അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ഏറ്റവും ആവശ്യമായ കാര്യമാണ്. ജീവിതത്തിന്റെ ഏത് തലം പരിശോധിച്ചാലും മാന്യത പാലിക്കുന്നവർക്കേ ബഹുമാനം ലഭിക്കുകയുള്ളുവെന്ന് നമുക്ക് ബോധ്യമാകും. നമ്മുടെ സംസ്കാരവും പ്രവർത്തനവും എല്ലാം കൂടി ചേർന്നതാണ് നമ്മുടെ സ്വഭാവം.
ലീഗൽ കോർഡിനേറ്റർ എന്ന നിലയിലുള്ള ഫിലിപ്പോസ് ഫിലിപ്പിന്റെ ശ്രമങ്ങൾ 2018 മുതലുള്ള 7 വ്യവഹാരങ്ങളിലും ഫൊക്കാനയെ പ്രതിരോധിക്കുകയും എതിർ കക്ഷികൾ സമർപ്പിച്ച ഹർജികൾക്കെതിരെ വിജയിപ്പിക്കുകയും ചെയ്തു.
ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ജനറൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്, ഫൊക്കാന കൺവെൻഷൻ ചെയർമാൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, സുവനീർ എഡിറ്റർ, നാഷണൽ കമ്മിറ്റി അംഗം
തുടങ്ങി വിവിധ പദവികളിൽ ഫൊക്കാനയിൽ സേവനം അനുഷ്ഠിച്ചു.
ത്യാഗം, ധർമ്മം, നീതി, സത്യം, സാഹോദര്യം, സമത്വം മുതലായി അനേകം നന്മകൾ മഹാത്മാക്കൾ ചൂണ്ടിക്കാണിക്കുന്നു. അവയിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് സത്യം തന്നെ. പറയുന്ന ഓരോ വാക്കിനേയും സത്യം കൊണ്ട് ശുദ്ധമാക്കണം.
കഴിഞ്ഞ 8 വർഷമായി റോക്ക് ലൻഡ് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി അംഗമായ ഇദ്ദേഹം ക്ളാർക്സ്ടൗൺ ടൗണിന്റെ ട്രാഫിക് അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിക്കുന്നു .
ഓരോ വ്യക്തിക്കും ഓരോ കർത്തവ്യങ്ങളുണ്ട്. 1989 മുതല്‍, റോക് ലൻഡ് കൗണ്ടിയിലെ ഏറ്റവും പഴക്കമുള്ള ഹഡ്സന്‍വാലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. ഇവിടെയുള്ള മലയാളിസമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യൻ സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
നിസാര കാര്യങ്ങളിൽ പോലും വാക്ക് പാലിക്കുന്നവരാകണം. പക്വമായ ആലോചനയ്ക്ക് ശേഷമെടുക്കുന്ന തീരുമാനമാണ് ശരിയായിട്ടുള്ളത് .
കേരള എഞ്ചിനീയറിങ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരില്‍ ഒരാളെന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹം കീൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ബോര്‍ഡ് ചെയര്‍, പബ്ലിക് റിലേഷൻസ് ഓഫിസർ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന
'കീൻ' എൻജിനീയറിങ് വിദ്യാർത്ഥികളെ മികച്ച രീതിയിൽ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നതിനൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സ്കോളർഷിപ്പുകൾ നൽകിയും സഹായിക്കുന്നു .
ഫിലിപ്പോസ് ഫിലിപ്പ് അടക്കം ഏതാനും എൻജിനീയർമാരുടെ നേതൃത്വത്തിൽ 2009ൽ സംഘടന രൂപീകൃതമായ കീൻ ഇന്ന് അംഗത്വത്തിലും പങ്കാളിത്തത്തിലും മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നു.
''ഈശ്വരനെ പ്രേമിക്കുകയാണ് ഏറ്റവും വലിയ റൊമാൻസ് .അദ്ദേഹത്തെ അന്വേഷിക്കുകയാണ് ഏറ്റവും വലിയ സാഹസികത. ദൈവത്തെ കണ്ടെത്തുകയാണ് ഏറ്റവും വലിയ കണ്ടുപിടുത്തം,'' റാഫേൽ സൈമൺ എഴുതിയ ഈ വാചകമാണ് ഫിലിപ്പോസ് ഫിലിപ്പിനെ മുന്നോട്ട് നയിക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി (2002-2012) കാലയളവിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. (2012-2017) മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. റോക്ക്‌ലൻഡ് കൗണ്ടിയിലെ ജോയിൻ്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു, സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം: ഭാര്യ: ലിസി ഫിലിപ്പ് (എൻജിനീയർ), മക്കൾ: സിജു (എൻജിനീയർ), ലിജു (ഡോക്ടർ).
അഭിരുചികളിൽ, ജീവിത കാഴ്ചപ്പാടിൽ ഒരു പ്രക്ഷോഭണം ഉണ്ടാക്കാൻ ആർക്കും കഴിയില്ല. പക്ഷെ, ഒരു തുടക്കം - മാറ്റത്തിന്റെ ഒരു തുടക്കം- ഒരെളിയ ശ്രമം എവിടെ നിന്നെങ്കിലും വേണമല്ലൊ .അതാണ് ഫിലിപ്പോസ് ഫിലിപ്പ് ഇപ്പോൾ ചെയ്യുന്നത്.
എല്ലാവരും ഒത്തു ചേർന്ന് അദ്ദേഹത്തോട് ചേരാം. അതിലല്ലേ ഇന്നിന്റെ പ്രസക്തി.