Image

പരേതൻ്റെ സങ്കീർത്തനങ്ങൾ : പോളി പായമ്മൽ

Published on 14 November, 2024
പരേതൻ്റെ സങ്കീർത്തനങ്ങൾ : പോളി പായമ്മൽ

ജീവിച്ചിരിക്കെയല്ല മരിച്ചതിനു ശേഷമാണ് അയാൾ സന്തോഷവാനായ് കാണപ്പെട്ടത്.

വീടും വസ്തുവകകളും ബാങ്കു ബാലൻസും മറ്റും ഇല്ലാത്തതു കൊണ്ട്  അവയെ പറ്റി  ആരും തിരക്കിയില്ല.

അന്ത്യയാത്രയ്ക്കുള്ള ശവപ്പെട്ടിയുടെ ചിലവ് ദുർഗന്ധം വമിക്കുമെന്ന് കരുതി അയൽപക്കകാരാണ് വഹിച്ചത്.
സെമിത്തേരിയിൽ കൊണ്ടു തള്ളിയതും അവർ തന്നെ.

പള്ളീലച്ചൻ വന്ന് അന്ത്യ കർമ്മങ്ങൾ ചൊല്ലിയപ്പോൾ മാറത്തടിച്ചോ മൃതദേഹത്തിൽ കമിഴ്ന്ന് കിടന്നോ 
വാ വിട്ടു നിലവിളിക്കാനോ പേരിനെങ്കിലുമൊരു  സഹധർമ്മിണി അയാൾക്ക് ഉണ്ടായിരുന്നില്ല

അവൾക്ക് മക്കളോട് നിങ്ങളുടെ അപ്പച്ചൻ നമ്മെ വിട്ടു പോയേ എന്നു ചങ്ക് പൊട്ടി കരഞ്ഞു പറഞ്ഞ് തളർന്നു വീണുറങ്ങേണ്ടി  വന്നില്ല.

എല്ലാ മരണ വീട്ടിലെയും പോലെ അടുത്തതും അകന്നതുമായ ബന്ധങ്ങളും സ്വന്തങ്ങളും മിത്രങ്ങളും അയാൾ ചത്തെന്നുറപ്പിച്ച മാതിരി കണ്ണ് കലങ്ങി നിൽക്കണ കാഴ്ച ഒരാവർഡു പടം പോലെ അനുഭവപ്പെട്ടിരുന്നു

ഒരു കാലത്തും നയാ പൈസയുടെ ഉപകാരം ചെയ്യാതിരുന്ന ചില മനുഷ്യർ എടുക്കാനാവാത്ത റീത്തുകൾ ദേഹത്ത് സമർച്ചിച്ച് നെറ്റിയിൽ കുരിശ് വരച്ച് ആൾക്കൂട്ടത്തിലേക്ക് വലിഞ്ഞപ്പോൾ
അവർക്കാർക്കും മരണമുണ്ടാവില്ല എന്ന പ്രതീതിയായിരുന്നു

നഷ്ടങ്ങളുടെ ഒരു കണക്കു പോലുമില്ല
ശവക്കുഴിയിലൊടുങ്ങുന്ന യാത്രയിൽ
എല്ലാം ലാഭമാണ്.

ഒരു മെഴുതിരി പോലും ഈ മൃതശരീരത്തിലിട്ട് പൊള്ളിക്കരുത്
കുന്തരിക്കത്തിന്റെ ത്രസിപ്പിക്കുന്ന ഗന്ധത്താൽ പൊറുതി മുട്ടിക്കരുത്
ശവമടക്കിനു ശേഷം ഈ വഴി തിരിഞ്ഞു നോക്കേണ്ടതില്ല
ഓർക്കേണ്ടതില്ല.
പൂക്കൾ അർപ്പിക്കേണ്ടതില്ല
നിങ്ങളിവിടെ ഈ ആറടി മണ്ണിൽ എത്തിച്ചേരും വരെ ...!!


 

Join WhatsApp News
സുഭാഷ് പോണോളി 2024-11-15 07:03:59
നല്ലെഴുത്ത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക