'കപ്പേള' എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് മുഹമ്മദ് മുസ്തഫ. സൗഹൃതത്തിന്റെയും പ്രതികാരത്തിന്റെയും പുതിയ മാനങ്ങള്‍ തീര്‍ക്കുന്ന 'മുറ' എന്ന ചിത്രവുമായി എത്തി വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മുഹമ്മദ്. മലയാളത്തിലെ എണ്ണം പറഞ്ഞ ഗ്യാങ്ങ്സ്റ്റര്‍ ചിത്രങ്ങളോട് കിട പിടിക്കുന്ന രീതിയിലാണ് 'മുറ' എത്തുന്നത്.
തലസ്ഥാന നഗരിയിലെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയുടെ കഥയാണ് 'മുറ'. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുടെ നേതാവാണ് അനി. അടുപ്പമുളളവര്‍ക്കെല്ലാം അയാള്‍ അനിയണ്ണനാണ്. ക്വട്ടേഷനും മറ്റുമായികളം നിറഞ്ഞു നിന്നിരുന്ന അനി ഇപ്പോള്‍ ഇത്തരം പരിപാടികളൊന്നും ഏറ്റെടുക്കാറില്ല. എന്നാല്‍ ഒഴിവാക്കാന്‍ കഴിയാത്ത ആരെങ്കിലും എന്തെങ്കിലും പണി ഏല്‍പ്പിച്ചാല്‍ അത് എന്ത് റിസ്കെടുത്തും അയാള്‍ പൂര്‍ത്തിയാക്കിയിരിക്കും. പ്രൈവറ്റ് ബാങ്കുടമയും കള്ളപ്പണ ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന രമാദേവിയാണ് അനിയുടെ ഏറ്റവും പ്രിയപ്പെട്ട ആള്. രമചേച്ചി പറഞ്ഞാല്‍ അനി എന്തും അനുസരിക്കും. രമാദേവി പറയുന്ന കാര്യങ്ങള്‍ ജീവന് കൊടുത്തും അനുസരിക്കുന്ന ആളാണ് അനി. അയാള്‍ക്ക് വിശ്വസ്തരായ രണ്ടു കൂട്ടാളികളുമുണ്ട്. അവരാണ് സജിയും ചൊക്ളിയും.
ഒരു ദിവസം ചൊക്ളി നാല് പുതിയ പിള്ളേരെ കൊണ്ടു വന്ന് അനിക്ക് പരിചയപ്പെടുത്തി. മനു, സജി, അനന്തു, മനാഫ് എന്നിങ്ങനെ കൗമാരപ്രായക്കാരായ നാല് പേര്. പ്രത്യേകിച്ച് പണിയൊന്നുമില്ല. പഠിക്കാനും പോകുന്നില്ല. കറങ്ങിതിരിഞ്ഞ് നടപ്പാണ് പ്രധാന പണി. യാദൃശ്ചികമായി കണ്ടു മുട്ടിയ ചൊക്ളിക്കൊപ്പം പോന്നതാണ്. പ്രായത്തിന്റെ ചോരത്തിളപ്പില്‍ എന്തു സാഹസികതയ്ക്കും അവര്‍ തയ്യാറായിരുന്നു. അനിക്ക് നാല് പയ്യന്മാരെയും വളരെ ഇഷ്ടപ്പെട്ടു. അവരുടെ മനോഭാവം മുതലെടുത്ത് അനി അവരെ ഒരു വലിയ കാര്യം ചെയ്യാന്‍ നിയോഗിക്കുന്നു. കാര്യമറിഞ്ഞ ഇവരുടെ അമ്മമാര്വിലക്കുന്നുണ്ടെങ്കിലും ചോരത്തിളപ്പില്‍ അതൊന്നും വക വയ്ക്കാതെ അവര്‍ അനി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ പുറപ്പെടുകയാണ്. വഴിക്ക് സഹായത്തിനായി രണ്ടു തമിഴന്മാരും ഒപ്പം കൂടി. എന്നാല്‍ ദൗത്യത്തിനായി ഇറങ്ങി തിരിച്ച വഴിയില്‍ അവരെ കാത്തിരുന്നത് വലിയൊരു കെണിയും അപകടവുമാണ്. അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിനപ്പുറമുള്ള, ജീവന് പോലും അപകടത്തിലാകുന്ന വലിയൊരു പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുന്നു.
ഗുണ്ടാനേതാവായ അനിയായി സുരാജ് വെഞ്ഞാറമൂട് പക്വതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. കരിയറിലാദ്യമായി ഗ്യാങ്ങ്സ്റ്റര്‍ റോള്‍ ചെയ്യുന്ന സുരാജ് ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി. ഗുണ്ടാനേതാവിന്റെ സംസാരവും ശരീരഭാഷയും പകര്‍ത്തുന്നതില്‍ കാട്ടിയ മികവ് ആക്ഷന്‍ രംഗങ്ങളില്‍ ഉള്‍പ്പെടെ അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. സുരാജിന്റെ കരിയറിലെ തന്നെ വ്യത്യസ്തവേഷമായിരിക്കും അനി എന്നതില്‍ സംശയമില്ല.
പ്രകടനം കൊണ്ട് അമ്പരപ്പിച്ചു കളഞ്ഞത് മാലാ പാര്‍വതിയുട രമാദേവിയാണ്. അവരുടെയും കരിയര്‍ ബെസ്റ്റായിരിക്കും രമാദേവി എന്ന കഥാപാത്രമെന്നതില്‍ സംശയമില്ല. അമ്മ വേഷങ്ങളും ഡോക്ടര്‍ വേഷങ്ങളിലും തളച്ചിടപ്പെട്ട മാലാപാര്വതിക്ക് ലഭിച്ച മോചനം കൂടിയാണ് ഇതിലെ രമാദേവിയെന്ന് പറയാം.
പുതുമുഖം ഹൃദു ഹാരൂണ്‍ താന്‍ മലയാള സിനിമയ്ക്ക് പുതിയൊരു വാഗ്ദാനമാണെന്ന് പ്രഖ്യാപിക്കുന്ന പ്രകടനം തന്നെ സ്ക്രീനില്‍ കാഴ്ച വച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പിക്സ് അവാര്‍ഡ് നേടിയ ഓള്വി ഇമാജിന്‍ ആസ് ലൈറ്റ്സ് എന്ന ചിത്രത്തിലും ഹൃദു അഭിനയിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളായി വന്ന മറ്റു പുതുമുഖ താരങ്ങളായ ജോബിന് ദാസ്, അനുജിത്ത് കണ്ണന്, യദു കൃഷ് ണന് തുടങ്ങിയവരും ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന്റെ പതര്‍ച്ചയൊന്നുമില്ലാതെ നന്നായി അഭിനയിച്ചു. സിബി ജോസഫ്, വിഘ്നേശ്വര്‍, സുരേഷ്, കനി കുസൃതി, ക്രിഷ് ഹസ്സന്, കണ്ണന് നായര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി സ്ക്രീനില്‍ എത്തുന്നു