തൻ്റെ അരികിൽശാന്തമായുറങ്ങുന്ന രാഹുല നെനോക്കിയശോധരനെടുവീർപ്പിട്ടു. ഗൗതമൻ്റെ അതേ ഛായ!
എന്ത് വേഗത്തിലാണ് കാലചക്രം കറങ്ങുന്നത്?
നീണ്ട 13 വർഷങ്ങൾ...
കഴിഞ്ഞു പോയ നാളുകൾ ഒന്നൊന്നായി പിന്നിട്ടപ്പോൾ ഒരു കാര്യംവ്യക്തമായി.ഒരിക്കൽ.... ഒരിക്കൽ പോലും തങ്ങൾ പിണങ്ങിയിട്ടില്ലല്ലോ!
എന്നിട്ടും... എന്നിട്ടും...
എന്തേ, ഇങ്ങനെ ??
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ചിന്തകളുട കുത്തൊഴുക്കിൽ യശോധര ഒഴുകിപ്പോയി.
ഒരു വാക്ക് ....
ഒരു വാക്ക് തന്നോട് പറയാമായിരുന്നില്ലേ? അതോ! എല്ലാം വ്യർത്ഥമായിരുന്നോ? ഏവർക്കും അസൂയ ജനിപ്പിക്കും വിധം തങ്ങളുടെ മധുവിധു രാവുകൾ കടന്നു പോയി. അതിൽ തെല്ലഹങ്കരിച്ചിരുന്നുവോ? ആവോ?
രണ്ട് പേരും പതിനാറിൻ്റെ നിറവിലായിരുന്നു അന്ന്. ഒരു വൈശാഖ മാസത്തിൽഒരേ ദിവസം ജനിച്ചവർ. ഒരുമിച്ച് കളിച്ചു വളർന്നവർ. സ്നേഹവും പ്രണയവും പരസ്പരംപങ്കിട്ട വർ . ഒരിക്കൽ പോലും അച്ഛൻ തമ്പുരാനോ അമ്മ മഹാറാണിയോ അനിഷ്ടം പ്രകടിപ്പിച്ചില്ല. മധുരപതിനേഴിലേക്ക് കാലെടുത്ത് വെക്കുമ്പോഴേക്കും തങ്ങൾ ഒന്നായി. പതിമൂന്ന് വർഷങ്ങൾ കടന്നു പോയതറിഞ്ഞില്ല. അപ്പോഴേക്കും രാഹുലൻ ഉദരത്തിൽ വളരുകയായിരുന്നു. പിന്നീടങ്ങോട്ട് ഏറെ കരുതലോടെ അതിലേറെ സ്നേഹത്തോടെയാണ് ഗൗതം തന്നോടിട പഴകിയത്.തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടറിയുകയായിരുന്നു, ഒരിക്കൽ പോലും നോവിപ്പിക്കാതെ.
തൻ്റെ ഒരാഗ്രഹത്തിനും എതിര് നിന്നില്ല. ഒരിക്കൽ കൊട്ടാരത്തിലെ മട്ടുപ്പാവിലിരുന്നപ്പോഴാണ്അങ്ങകലെ പൂത്തുലഞ്ഞു നിൽക്കുന്ന മേപ്പിൾ തോട്ടങ്ങളിലേക്ക് പോകാം എന്ന തൻ്റെ ആഗ്രഹം അറിയിച്ചത്. ഒട്ടും മടിക്കാതെ തന്നോടൊപ്പം വന്നു.
നനുത്ത കാറ്റ് തങ്ങളെ തഴുകിക്കൊണ്ട് കടന്നു പോയി. പൂത്തുലഞ്ഞു നിൽക്കുന്ന മേപ്പിൾ മരങ്ങളുടെ ദൃശ്യം അതിമനോഹരമായിരുന്നു. 'ഈ മേപ്പിൾ മരങ്ങളെപ്പോലെ പൂത്തുലഞ്ഞ് നീയും അതിസുന്ദരിയായിരിക്കുന്നു യശോ' തൻ്റെ ഇടതൂർന്ന മുടിയിഴകളിലൂടെ വിരലോടിച്ച് കണ്ണിമകളിൽ ചുംബിച്ച് കൊണ്ട് ഗൗതംപറഞ്ഞു.
സ്വർഗ്ഗത്തിലെത്തിയ പ്രതീതിയായിരുന്നു തനിക്കപ്പോൾ
എല്ലാം തികഞ്ഞവളെന്ന് ഒരു വേള താൻ അഹങ്കരിച്ചിരുന്നു രാഹുലൻ ജനിക്കുന്നത് വരെ...
പിന്നീടെപ്പോഴോ ഗൗതമനിൽ മാറ്റങ്ങൾ പ്രകടമായി. കളി ചിരികൾ മാഞ്ഞു. അന്നൊരു നാൾ ദേവനുമൊത്ത് കൊട്ടാരത്തിന് വെളിയിൽ യാത്ര പോയിരുന്നു. അന്നു മുതലാണ് പ്രകടമായ മാറ്റം കണ്ടത്. പതിവിന് വിപരീതമായി ക്ഷീണിതനായാണ് തിരിച്ചെത്തിയത്. എത്തിയ പാടെ കുളി കഴിഞ്ഞ് ഒരിടത്തിരിപ്പായി. ഭക്ഷണമൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല. അല്പം വെള്ളം മാത്രം കുടിച്ചു. കുഞ്ഞിനെ ചുംബിച്ച് തന്നെ ഒന്ന് തലോടിയതല്ലാതെ അധികം സംസാരമൊന്നും ഉണ്ടായില്ല. യാത്രാക്ഷീണമാവാം എന്നേ താനും കരുതിയുള്ളൂ. കൊട്ടാരത്തിന് വെളിയിലെ വേദനിപ്പിക്കുന്ന ചില കാഴ്ചകളാണ് ചിന്തകൾക്ക് കാരണമെന്ന് ദേവനിലൂടെ പിന്നീടറിഞ്ഞു.
അന്ന്... അന്ന് രാത്രിയാണ് തന്നോട് യാത്ര പോലും പറയാതെ കൊട്ടാരം വിട്ടിറങ്ങിയത്. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ നിയന്ത്രിക്കാൻ യശോധര പാടുപെട്ടു.
കൊട്ടാരം വിട്ടിറങ്ങിപ്പോകുമൊന്നും ഈ ബന്ധം നമുക്ക് വേണ്ട മോളെ എന്നും അച്ഛൻ പല തവണ വിലക്കിയിരുന്നു. പക്ഷേ... അന്നൊന്നും താനത് വിശ്വസിച്ചിരുന്നില്ല. തെറ്റായ പ്രവചനമാകാം എന്നേ കരുതിയുള്ളൂ.
പല വഴിക്കും തിരഞ്ഞു പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പല തവണ അച്ഛനമ്മമാർ വീട്ടിലേക്ക് തിരികെ വിളിച്ചെങ്കിലും പോകാൻ മനസ്സനുവദിച്ചില്ല.
ഒത്തിരിയൊത്തിരി വിവാഹാലോചനകൾ വന്നെങ്കിലും എല്ലാം നിരസിച്ചു യശോധരയുടെ ജീവിതത്തിൽ ഒരു പുരുഷനെ സ്ഥാനമുള്ളു ആ ആൾ. തന്നെ ഉപേക്ഷിച്ചെങ്കിലും...
ഒരിക്കലും... ഒരിക്കലും തനിക്കതിന് കഴിയില്ലല്ലോ കവിളിലൂടെ ധാരധാരയായി ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് മാറ്റ വേ അവളോർത്തു.
കഴിഞ്ഞ നാളുകളിലെ ആ നല്ല ഓർമ്മകളിൽ മുഴുകി കുഞ്ഞു രാഹുലൻ്റെ കളി ചിരികളിലൂടെ അച്ഛൻ തമ്പുരാനും അമ്മ മഹാറാണിക്കു മൊപ്പം അവൾ കഴിഞ്ഞു. പക്ഷേ, പള്ളിയറയുടെ വാതിൽ അവൾ എന്നെന്നേക്കുമായി അടച്ചു. മറ്റൊരു മുറിയിൽ നിലത്ത് പാ വിരിച്ചായി പിന്നീടുള്ള കിടപ്പ്. മുമ്പേ പ്പോലെ ആടയാഭരണങ്ങളിൽ ശ്രദ്ധയില്ലാതായി.കണ്ണാടി നോക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
അമ്മ മഹാറാണിക്കോ അച്ഛൻ തമ്പുരാനോ അവളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.
ജീവിക്കണം കുഞ്ഞു രാഹുലന് വേണ്ടി .അത് മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ.
പിന്നെയുംഏറെ നാൾ കഴിഞ്ഞാണ് സന്യാസിമാരോടൊപ്പമാണെന്നും ധ്യാനത്തിലാണെന്നും മറ്റും അറിയാൻ കഴിഞ്ഞത്.
എങ്ങുനിന്നോ പാതിരാക്കോഴിയുടെ കൂവൽ അവളെ ചിന്തയിൽ നിന്നുണർത്തി.
ആറു വർഷങ്ങൾ ......
അറുപത് യുഗങ്ങൾ പോലെ തോന്നുന്നു.
ഇന്നിതാ ബോധോദയം നേടി ജന്മനാട്ടിലേക്ക് തിരിച്ചു വരുന്നുവതെ. കാണാൻ പോകണമെന്നൊന്നും തോന്നിയില്ല. ഒരുതരം നിർവികാരതയാണ് തൻ്റെ മനസിലിപ്പോഴുള്ളത്.
രാഹുലനെ പറഞ്ഞയക്കാം. തന്നെകാണണമെങ്കിൽതൻ്റെ ശയ്യാ ഗൃഹത്തിൽ ഒറ്റയ്ക്ക് വരട്ടെയെന്നും കരുതി.
'നിന്നെ വിശ്വസിച്ച് ഇറങ്ങിത്തിരിച്ചവൾ !
എന്ത് തെറ്റാണ് അവൾ ചെയ്തത്?
ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും ഭർതൃഗൃഹത്തിൽ ശ്വ ശുരന്മാരെ പരിചരിച്ച് എല്ലാ സുഖ സൗകര്യങ്ങളുമുപേക്ഷിച്ച് വെറും തറയിലാണവൾ അന്തിയുറങ്ങിയത്.ഒരിക്കൽ പോലും അവൾ നിന്നെ കുറ്റപ്പെടുത്തിയില്ല. എല്ലാമറിഞ്ഞ് അവളെ സ്വീകരിക്കാൻ വന്നവരെയെല്ലാം അവൾ തിരസ്കരിച്ചു. എന്തിന് സ്വന്തം മാതാപിതാക്കൾ കൂട്ടാൻ വന്നപ്പോഴും അവൾ പിന്മാറി.ആർക്ക് വേണ്ടിയായിരുന്നു അവൾ ഇത്രയും കാലം ജീവിച്ചത്? ഒരു വാക്കെങ്കിലും നിനക്കവളോട് പറയാമായിരുന്നു....
അച്ഛൻ തമ്പുരാൻ നിർത്താതെ പറയുന്നത് കേട്ടപ്പോഴാണ് ആൾ എത്തിയിരിക്കുന്നു എന്നവൾ മനസിലാക്കിയത്. മനസ്സിനെ പാകപ്പെടുത്തി എടുക്കുകയായിരുന്നു. തെല്ലിട കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടും തിരിഞ്ഞ് നോക്കാൻ മനസ്സനുവദിച്ചില്ല. ഒരു തരം നിർവികാരതയായിരുന്നു മനസ്സ് നിറയെ.
ചുമലിൽ കൈ വന്ന് പതിഞ്ഞപ്പോഴാണ് ആൾ അടുത്തെത്തിയതായറിഞ്ഞത്. മനസ്സിനെ ആകാവുന്നത്ര അടക്കിപ്പിടിച്ചു.
ഗൗതം നീ എവിടെയായിരുന്നു? എന്തിനു വന്നു? ആ ചോദ്യം തൻ്റെ നാവിൽ നിന്നുതിർന്നുവോ? അതോ വഴുതി വീണതോ? നിശ്ചയമില്ല. ബോധാ ബോധതലങ്ങളിലൂടെയുള്ള യാത്രയായിരുന്നല്ലോ ഇക്കാലമത്രയും.
ഓർത്തതേയില്ല. താനിപ്പോൾ പഴയ ഗൗതമൻ്റെ യശോധരയല്ല. അരുത്. വികാരത്തിനടിപ്പെടരുത്. ഒരടി പിന്നോട്ട് മാറി കൈകൂപ്പി 'ആതിഥ്യമര്യാദ' കാട്ടി.
എന്തായിരുന്നു ആ മുഖത്ത് മിന്നി മറഞ്ഞ ഭാവം?
കുമ്പസാരമായിരുന്നുവോ? അതോ.?...
പിന്നീട് പറഞ്ഞതൊന്നും താൻ കേട്ടതേയില്ല.
അതോ കേട്ടില്ലെന്ന് നടിച്ചതോ?
ഓർത്തെടുക്കാൻ കഴിയുന്നതിന് മുമ്പേ മുറി വിട്ടിറങ്ങിപ്പോയിരിക്കുന്നു.
മോളെ , നീ ഒന്നും കഴിച്ചില്ലല്ലോ എന്ന്
ഇടയ്ക്കെപ്പഴോ ഗൗതമിയമ്മ വന്നു പറഞ്ഞപ്പോഴാണ്
സമയമേറെയായെന്നും ഒന്നും കഴിച്ചില്ലെന്നും യശോധര ഓർത്തത്. വിശപ്പും ദാഹവും എപ്പഴോ വിട്ടകന്നിരുന്നു. സമയ കാലങ്ങൾ തന്നിൽ നിന്നകലെയാണല്ലോ ? വർത്തമാനത്തിനും ഭാവിക്കുമിടയിലെവിടെയോ ആണ് തന്റെ കാലചക്രം കറങ്ങുന്നതെന്നും
അവളോർത്തു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ഗൗതമിയമ്മ കാണാതിരിക്കാൻ അവൾ പാടുപെട്ടു. ജനിച്ച് ഏഴാം നാൾ അമ്മയെ നഷ്ടമായ ഗൗതം പിന്നീട് വളർന്നത് ഗൗതമിയമ്മയുടെ കൈകളിലായിരുന്നു. ഗൗതം ആവർത്തിച്ചു പറഞ്ഞ കഥകൾ സ്മൃതിപഥത്തിലെ വിടെയോ മായാതെ നിൽക്കുന്നു.
മീവൽ പക്ഷികൾ കൂട്ടമായി പറന്നകന്നപ്പോൾ ഒരു ദിനം കൂടി കൊഴിയാറായെന്ന് അവളോർത്തു
നാളെ തന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവാണ്.
ഒന്നോർത്താൽ താൻ തികച്ചും സംതൃപ്തയാണ്.
ഉത്തരവാദിത്തങ്ങൾ നിറവേറ്റി കർമ്മബന്ധനങ്ങളിൽ നിന്നും താൻ മുക്തയാവുകയാണ്.
തന്റെ ശരണം താൻ തന്നെയാണെന്ന്
യശോധര പറഞ്ഞു കൊണ്ടിരുന്നു.
മേപ്പിൾ മരത്തിൽ നിന്ന് അപ്പോഴും പൂക്കൾ കൊഴിഞ്ഞു കൊണ്ടിരുന്നു.