Image

വരിക്കപ്പിലാവ് (ഇമലയാളി കഥാമത്സരം 2024: വേണുനമ്പ്യാർ)

Published on 15 November, 2024
വരിക്കപ്പിലാവ് (ഇമലയാളി കഥാമത്സരം 2024: വേണുനമ്പ്യാർ)

കിണറ്റിൻകരയിലെ മുതുക്കൻ വരിക്കപ്പിലാവ് തുടരെത്തുടരെ മൂന്നു വർഷം കായ്ക്കാതിരിക്കുകയും
അതിന്റെ തായ്ത്തടിയിൽ
ഒരു വലിയ പോട് രൂപപ്പെടുകയും
ചെയ്തപ്പോൾ അച്ഛൻ ശംഭു ആശാരിയെ ആളയച്ചു വിളിപ്പിച്ചു.

വെള്ളപ്പാണ്ടിന്റെ പുള്ളികളുള്ള മരം
അടി മുടി പരിശോധിച്ചിട്ട് ശംഭു ആശാരി അറിയിച്ചു:

"കൊറച്ച് കേടുണ്ടെങ്കിലും 
നല്ല കാതലാ"

"മുത്തശ്ശൻ രൈരു നമ്പ്യാർ നട്ടതാത്രെ"
അച്ഛൻ പറഞ്ഞു:
"പൊന്ന് കായ്ക്കുന്ന മരമാണേലും
പുരയ്ക്ക് ചാഞ്ഞാൽ മുറിക്കണംന്നല്ലേ"

"മുറിക്കണെങ്കിൽ മുറിക്കാം, നമ്പ്യാരെ.
അതിനെന്താ വെഷമം?"

"മുറിച്ചാ മാത്രം പോര. രണ്ട് പീഠവും പണിയണം. ഒന്ന് കാവിലെ ഭഗവതിക്ക്; ഒന്നെനിക്കും!"

2

ശംഭു ആശാരിയുടെ മനസ്സാം മൂശയിൽ
അച്ഛന്റെ നാലു കാലൻ കസേരയുടെ പ്രാഗ്രൂപവും കണക്കും പെട്ടെന്ന് തെളിഞ്ഞു.  

അച്ഛൻ പുതിയ കസേരയിൽ ആസനസ്ഥനായി ഭഗവതിക്ക് അർച്ചിക്കാനുള്ള പീഠത്തെയും
കാത്ത് നിമിഷങ്ങളെണ്ണി 
അസ്വസ്ഥനായിക്കൊണ്ടിരുന്നു. വരിക്കപ്പിലാവിന്റെ ഊർജ്ജതാണ്ഡവത്തിന് അറുതിയായി.
ഇപ്പോൾ ഊർജ്ജതാണ്ഡവം കുടിയേറിയിരിക്കുന്നത് നാലു കാലുള്ള
ഈ ധർമ്മക്കസേരയിലാണ്. അച്ഛൻ
ഉള്ളിൽ ഒരു കവിയായതു കൊണ്ട്
കാട് കയറി എന്തൊക്കെയൊ
ചിന്തിച്ചു കൂട്ടുകയാണ്.

ശംഭു ആശാരി നിഷ്ക്രിയനായി പകലും ഉറക്കം വരാതെ രാവും വൃഥാ പാഴാക്കി.
ഭഗവതിയുടെ പീഠത്തിന്റെ ചിത്രം
അസ്പഷ്ടം. ഭാവനയിൽ ഒന്നും തെളിഞ്ഞു വിരിയുന്നില്ല. കണക്കൊന്നും കവിത പോലെ ഉറന്നു വരുന്നില്ല. നിരവധി
കോലധാരികളുടെ ചിത്രങ്ങൾ മനസ്സിൽ അശാന്തിയുടെ ഘോഷയാത്ര നടത്തുന്നു.

ദുരന്തം സംഭവിക്കാനിരിക്കുന്ന
പാതിരക്ക് ശംഭു ആശാരി ചിലങ്കകളുടെ
കിലുകിലാരവം കേട്ടു. ഇരുട്ടിൽ
ഒരു ചുവന്ന നാവ് നീണ്ട് വന്ന്
ആശാരിയുടെ തൊണ്ടയ്ക്ക് ചുറഞ്ഞു.
പ്രകാശത്തിന്റെ നേർത്ത ഒരു കുന്തമുന
ആശാരിയുടെ ഇടത്തെ കണ്ണ് തുരന്നു.

എന്റെ വൃക്ഷം മുറിച്ചതെന്തിനാ നീ? എന്തിനാ നീ? നിനക്ക് ഉത്തരമുണ്ടൊ? പറ..... പറ! മനുഷ്യാ, നിനക്ക് ഉത്തരമുണ്ടൊ?

ശംഭു ആശാരിയുടെ കാതിൽ
അസഹ്യമായ പറയടി മുഴങ്ങി. ശരീരം
വിയർത്തു കുളിച്ചു. വരിക്കപ്പിലാവ്
ചുവന്ന ചായത്തിൽ കുളിച്ച ഒരു
പ്ലാവിലത്തെയ്യമായി മനസ്സിൽ
നടനമാടി.

3

അച്ഛൻ പുതിയ കസേരയിലിരുന്ന്
ആ ദുരന്ത വാർത്ത കേട്ടു

ശംഭു ആശാരി പോയി. ചോര ഛർദ്ദിച്ചാ
ചത്തത്! ശംഭു ആശാരിയുടെ
അച്ഛനാശാരിക്കും ബ്ലഡ് കാൻസറായിരുന്നുവത്രെ!

ശോകമൂകമായ കസേരയിൽ
അച്ഛന്റെ മനസ്സും ശോകമൂകമായി.
അച്ഛന് ഉറക്കവും വിശപ്പും നഷ്ടപ്പെട്ടു.
മരിച്ച മുത്തശ്ശൻ തെക്കെ പറമ്പിലെ മണ്ണിന്റെ പൊത്തിൽ
നിന്ന് ഇഴഞ്ഞെത്തി ഭർത്സിച്ചു:

"നീയാരാടാ ഞാൻ നട്ട പിലാവ്
മുറിക്കാൻ. എന്റെ പിലാവിന്റെ
കസേരയിലിരുന്ന് അധിക കാലം
വാഴാൻ നോക്കണ്ട. ഇദ് നിന്റെ
അവസാനാന്ന് കരുതിക്കൊ!കേട്ടോ കുരുത്തം കെട്ടോനെ!"

അച്ഛന് പഴയ അർശ്ശസിന്റെ അസ്കിത വീണ്ടും തുടങ്ങി. സോഡിയത്തിന്റെ കുറവാണൊ എന്തൊ, ഒരു ദിവസം സന്ധ്യക്ക് കസേരയിൽ നിന്നെഴുന്നേൽക്കവെ അച്ഛൻ
കുഴഞ്ഞു വീണു. ആരൊ അച്ഛനെ
ഉന്തിയിട്ടതു പോലെയാണ് അമ്മയ്ക്ക് 
തോന്നിയത്.

പിന്നെ എല്ലാം ശീഘ്രഗതിയിലായിരുന്നു.
ചെയറിൽ നിന്ന് വിൽചെയറിലേക്ക്
വീൽചെയറിൽ നിന്ന് വെന്റിലേറ്ററിലേക്ക്
വെന്റിലേറ്ററിൽ നിന്ന് ഫ്രീസറിലേക്ക്
ഫ്രീസറിൽ നിന്ന് ചുടലയിലെ ചൂളയിലേക്ക്!

അച്ഛന്റെ പതിനാറിന്
ആരെയും ക്ഷണിച്ചിരുന്നില്ല. കോൺവെന്റിലെ അനാഥാലയത്തിലെ
അന്തേവാസികൾക്ക് അച്ഛന്റെ പേരിൽ
അറുപത്തിനാല് ബിരിയാണിപ്പൊതികൾ
സമ്മാനിച്ചു.

പൂമുഖത്ത് അച്ഛന്റെ കസേര അനാഥമായി കിടന്നു. ആ കസേര
കാണുമ്പോഴൊക്കെ അമ്മയുടെ
കണ്ണ് നിറഞ്ഞൊഴുകുമായിരുന്നു.
ഒരു പക്ഷെ കസേരയിലിരുന്ന് 
അച്ഛൻ ആകാശത്തിലേക്ക്
നോക്കുന്ന ദൃശ്യം അമ്മ ഇപ്പോഴും
അയവിറക്കുന്നുണ്ടാകാം. അച്ഛൻ
മടിയനും ഭാവനാസമ്പന്നനുമായിരുന്നു.
ഭാവനകൾക്ക് എളുപ്പം വശംവദനാകുമെങ്കിലും സഹജമായ മടി മൂലം വിശദാംശങ്ങളിൽ പര്യാപ്തമായ ശ്രദ്ധ കൊടുക്കുവാൻ കഴിഞ്ഞിരുന്നില്ല.

ഒരിക്കൽ ഒരു വാരികയിൽ അച്ഛന്റെ
കവിത വരികയും പ്രതിഫലമായി
ഇരുന്നൂറ് രൂപയുടെ മണിയോർഡർ
കിട്ടുകയും ചെയ്തപ്പോൾ അച്ഛൻ അന്ന്
ഭൂമിയിലൊന്നുമായിരുന്നില്ല. ഇനി ഞാൻ
ആരോടും വെറുതെ മിണ്ടില്ല, കണ്ടില്ലേ
ഒരു വാക്കിന് അവർ തന്നത് മൂന്ന് രൂപയാ. ഇങ്ങനെ പോകുകയാണെങ്കിൽ ആധാരമെഴുതി
കിട്ടുന്നതിനെക്കാൾ കാശ് ഞാൻ കവിതയെഴുതി സമ്പാദിക്കും.

ഞങ്ങൾ മക്കൾക്കാർക്കും ആ കസേരയിൽ ഇരിക്കാൻ ധൈര്യം
പോര. അതിൽ ഇരുന്നാൽ ആ
കസേര പെട്ടെന്ന് ഒരു കരിമൂർഖനായി
രൂപാന്തരപ്പടുകയും അത് നമ്മളെ
കൊത്തുമെന്നും ഞങ്ങൾ ശങ്കിച്ചു.

അച്ഛന്റെ നാൽപ്പതിന് രാവിലെ
അമ്മ വാതിൽ തുറന്നപ്പോൾ
പൂമുഖത്തെ കസേരയിൽ ഇരിക്കുന്നു ഒരു പൂച്ച! ബ്രൗൺ നിറമുള്ള രോമത്തടിയിൽ എമ്പാടും കറുത്ത പുള്ളികളുള്ള കുറിഞ്ഞി.

മ്യാവൂ! മ്യാവോ!!

കുറിഞ്ഞിപ്പൂച്ച ഓരോരുത്തരുടെയും
മുഖത്ത് മാറി മാറി നോക്കി കരഞ്ഞു.
അതിനെന്തൊ പറയണമെന്നുണ്ട്.
എന്നാൽ പറയാൻ കഴിയുന്നില്ല.

അസത്ത്! അതിനെ മുളവടി
കാട്ടി ഓടിക്കാൻ നോക്കിയ
ഞങ്ങളെ അമ്മ തടഞ്ഞു.

"വേണ്ട മക്കളെ; ആ പാവം അവിടെ
തന്നെ ഇരുന്നോട്ടെ. അത്
നിങ്ങളുടെ അച്ഛനല്ലെന്ന് ആര് കണ്ടു?"
 

Join WhatsApp News
Sudhir Panikkaveetil 2024-11-17 01:57:26
അന്ധവിശ്വാസം കഥാപാത്രമായി വരുന്ന കഥ വിശ്വസനീയമായി എഴുതാൻ കഴിയുക രചനാതന്ത്രത്തിന്റെ ഒരു ഭാഗമാണ്. പ്ലാവ് നട്ട മുത്തച്ഛനും കാവിലെ ഭഗവതിക്കും പ്ലാവിനെ അങ്ങനെ തന്നെ കാണാനായിരുന്നു ആഗ്രഹം. അന്ധവിശ്വാസങ്ങളെ തകിടം മറീ ക്കാൻ ശ്രമിക്കുന്ന പുതിയ തലമുറ ചിലപ്പോഴെല്ലാം ആശയകുഴപ്പത്തിലാകാറുണ്ട്. ആശാരി മരിച്ചു, അച്ഛൻ മരിച്ചു. അതുംപോരാഞ് അച്ഛൻ പൂച്ചയുടെ രൂപത്തിൽ വന്നു. കൊള്ളാം, വിശ്വാസത്തിന്റെ നൂലിഴകൾ കെട്ടു പിണഞ്ഞും കെട്ടഴിഞ്ഞും അന്ധവിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഒരു സൂത്രം. കവിയായ ശ്രീ നമ്പ്യാർ കവിത പോലെ എഴുതിയ കഥ. നർമ്മരസം താമ്പൂലരസം പോലെ ഇടക്കൊക്കെ ഒലിച്ചു വരുന്നുണ്ട്.
(ഡോ.ശശിധരൻ) 2024-11-17 04:10:55
അന്ധവിശ്വാസമില്ലാതെ ആർക്കും ജീവിക്കാൻ സാധ്യമല്ല.അന്ധവിശ്വാസമില്ലെങ്കിൽ ഈ ലോകമില്ല.അന്ധവിശ്വാസവും അബദ്ധ വിശ്വാസവും തമ്മിലുള്ള അങ്ങേയറ്റത്തെ അന്തരം ആദ്യം തന്നെ നന്നായി അറിഞ്ഞിരിക്കേണ്ടതാണ്, മനസ്സിലാക്കേണ്ടതാണ്.ഈ ലോകം തന്നെ നിലനിൽക്കുന്നത് അന്ധവിശ്വാസത്തിലൂടെയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക