Image

ട്രപ്പീസ് (ഇമലയാളി കഥാമത്സരം 2024: ദിവ്യാഞ്ജലി. പി)

Published on 16 November, 2024
ട്രപ്പീസ് (ഇമലയാളി കഥാമത്സരം 2024: ദിവ്യാഞ്ജലി. പി)

കളി തുടങ്ങാന്‍ ഇനി പത്ത് മിനുട്ടേ ബാക്കിയുളളൂ. കസേരകള്‍ എന്നത്തേയും പോലെ ഇന്നും നിറഞ്ഞിട്ടുണ്ടാവണം. കഴിഞ്ഞ കുറേ മാസങ്ങളായി കളി വിജയകരമാണെന്നാണ് ഡിക്രൂസിന്റെ അഭിപ്രായം.

നഷ്ടത്തില്‍ കൂപ്പുകുത്തിത്തുടങ്ങിയ കമ്പനിയെ ഇന്നത്തെ നിലയില്‍ പരിപോഷിപ്പിച്ചതിന് പിന്നില്‍ ഡിക്രൂസ് എന്ന കുശാഗ്ര ബുദ്ധിക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. റിംങ്ങുകള്‍ ഉയരത്തില്‍ ഉറപ്പിച്ചും, മൃഗങ്ങളെ അടിച്ചു മെരുക്കി പുത്തന്‍ അഭ്യാസങ്ങള്‍ പഠിപ്പിച്ചും, പെണ്‍കുട്ടികള്‍ അണിയുന്ന വസ്ത്രങ്ങളുടെ നീളം വീണ്ടും  വീണ്ടും കുറച്ചും... അങ്ങനെ നീളുന്നു ഡിക്രൂസിന്റെ പരിഷ്‌ക്കരണങ്ങള്‍.

    അടുത്ത വിസില്‍ മുഴങ്ങേണ്ട താമസം ; ഞാനുള്‍പ്പെടുന്ന പതിനഞ്ചംഗ പെണ്‍പട ഒന്നിച്ച് വേദിയിലെത്തും. പച്ച നിറത്തിലുളള കുഞ്ഞുടുപ്പുകള്‍ ധരിച്ച്, മുഖത്ത് മുഴുവന്‍ ചായം തേച്ച്, മുടി വലിച്ച് നെറുകയില്‍ കെട്ടി ഞങ്ങളെത്തുമ്പോഴേക്കും കരഘോഷങ്ങളും, വിസിലടികളും മുഴങ്ങാന്‍ തുടങ്ങും.

'നിങ്ങള്‍ക്കുമാത്രമേയുളളൂ ഇത്ര വലിയ കൈയ്യടി.' കിഷോര്‍ദാ എപ്പോഴും പരിഭവം പറയും.

മുന്‍നിരയിലെ രണ്ടുപേരും മണിപ്പൂരികളാണ്. വെളുത്ത് തുടുത്ത് മംഗോളിയന്‍ മുഖങ്ങളുളള, ഉരുണ്ട് മിനുസപ്പെട്ട കുറിയ കാലുകളും, നിറം തേച്ച, നിവര്‍ന്ന തലമുടിയുമുളള ചെറുപ്പക്കാരികള്‍. വെളുപ്പും തുടിപ്പും ഫലം കാണും എന്ന ഡിക്രൂസിന്റെ കണ്ടെത്തലാണ് ഇരുപത് തികയാത്ത ഇരുവരേയും മുന്‍നിരക്കാരാക്കിയത്.

തീഷ്ണയൗവ്വനം പുരുഷ സിരകളെ ചൂടുപിടിപ്പിക്കുമെന്ന് പറയുമ്പോഴൊക്കെ അയാളുടെ തടിച്ച് വസൂരിക്കലകളുളള മുഖം ഒരു കുറുക്കന്റേതുപോലെ കൂര്‍ത്ത് ചുരുങ്ങുമെന്നാണ് ബെല്‍വന്ദ് പറയാറ്.

അവര്‍ക്ക് തൊട്ടുപിന്നിലായി സര്‍ക്കസ് പതാകയും പിടിച്ച് അരക്കെട്ടിന് താഴോട്ട് അഞ്ചിഞ്ച് കഷ്ടിച്ച് ഇറക്കമുളള പാവാട ഇടയ്ക്കിടെ വലിച്ചു താഴ്ത്താന്‍ ശ്രമിച്ചു കൊണ്ട് കമലയുമുണ്ടാകും.

എളളുനിറമുളള അവളുടെ തടിച്ച ശരീരത്തെ ഒതുക്കിനിര്‍ത്താനാവാത്ത വിധം ഉടുപ്പ് പല ഭാഗങ്ങളേയും തളളി നിര്‍ത്തുന്നുണ്ട്.

'കിടപ്പിലായ അമ്മയേയും, മനോനില തെറ്റിയ ചേട്ടനേയും, വിഷം കൊടുത്തുകൊല്ലാന്‍ മനസ്സ് വരാഞ്ഞിട്ടാണ് ചേച്ചി... അല്ലെങ്കില്‍...'

ഒഴിവ് സമയങ്ങളില്‍ മുഴുമിപ്പിക്കാനാവാതെ വിങ്ങിക്കരഞ്ഞുകൊണ്ട് ആ വാചകം എത്രയോ തവണ അവള്‍ എന്നോടുതന്നെ ആവര്‍ത്തിച്ചിരിക്കുന്നു.

ഒറ്റമുറി വീട്ടില്‍ നടുതളര്‍ന്നുകിടപ്പായ അമ്മയുണ്ടാക്കുന്ന വേദനയുടെ ഞരക്കങ്ങളും അനുജന്‍ ചെക്കന്റെ ഭ്രാന്തിന്റെ ബഹളങ്ങളും അവളെ വിടാതെ പിന്തുടരുകയാണ്.


ഇവിടെ ഓരോരുത്തര്‍ക്കും ഓരോ കഥകളുണ്ട്. പറഞ്ഞുകേട്ടാല്‍ ഒരു നിമിഷം വിശ്വസിക്കാന്‍പോലും മടിക്കുന്ന കഥകള്‍. വേദനയും, വിശപ്പും വേട്ടയാടുന്ന കുറേ മനുഷ്യര്‍. കടബാധ്യതകള്‍ കഴുത്തറ്റം മൂടുമ്പോള്‍ അവസാന രക്ഷയെന്നോണം ഓടിവന്ന് അഭയം പ്രാപിച്ചവര്‍. ഒടുവില്‍ കടവും, ബാധ്യതയും ഒക്കെ വീട്ടി കുടുംബത്തിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ അതുവരെയില്ലാത്ത സദാചാരം കഴുത്തിന് പിടിച്ചുപുറന്തളളി ഈ കൂടാരത്തിലേക്ക് തന്നെ തിരിച്ചുകയറിയവരും എണ്ണത്തിലേറെയുണ്ട്.

രണ്ടു വരിയിലായി നില്‍ക്കുന്ന പതിനാല് പേരുടേയും നടുവിലായി ഏറ്റവും വലിയ പതികയുമുയര്‍ത്തി നടക്കേണ്ട മധ്യസ്ഥാനക്കാരിയാണ് ഞാന്‍. ഈ സര്‍ക്കസ് കൂടാരത്തില്‍ ഇന്നുളളതില്‍ ഏറ്റവും പ്രായം ചെന്ന സ്ത്രീ. തൊലിയുടെ നിറവും , ശരീരത്തിന്റെ വഴക്കവും കുറയാത്തതിനാല്‍ നാല്പത്തിയഞ്ചാം വയസ്സിലും ഞാനിവിടെ ബാക്കിയാവുന്നു.

'വണ്ടര്‍ സര്‍ക്കസിന്  അഴകും, ആത്മാവും തന്ന ഭാഗ്യദേവതയാണ് ഗിരിജ.' എന്ന് ജോണ്‍ സാര്‍ നിരന്തരം പറയാറുണ്ടായിരുന്നു. ആറുവര്‍ഷം മുമ്പ് ഡിക്രൂസ് സര്‍ക്കസ് കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് വരെ ജോണ്‍ സാറായിരുന്നു വണ്ടര്‍ സര്‍ക്കസിന്റെ ഉടമ. അയാളുടെ കാലശേഷമാണ് മരുമകനായ ഡിക്രൂസ് ഉടമയായി വരുന്നത്.

ഞാനെപ്പോഴാണ് ഇവിടെ വന്നെത്തിയതെന്നോ എങ്ങനെയാണ് എത്തിയതെന്നോ എനിക്കറിയില്ല. ഓര്‍മ്മകളില്‍ നിറമുളള നാടോ, വീടോ ഒന്നുമില്ല. കാഴ്ചകളും, കേല്‍വികളും തുടങ്ങുന്നതും, ഒടുങ്ങുന്നതും ഈ കൂടാരത്തിനകത്താണ്. ഒന്ന് മുതിര്‍ന്നപ്പോള്‍ ഈ കൂടാരത്തിലുണ്ടായിരുന്ന പലരോടുമന്വേഷിച്ചിരുന്നു എന്റെ അസ്ഥിത്വത്തെക്കുറിച്ച്. വല്ലയിടത്തുനിന്നും വന്നതാണോ, ഇവിടെത്തന്നെ ആര്‍ക്കെങ്കിലുമുണ്ടായതാണോ എന്നറിയാനുളള കൗതുകം കൊണ്ട് മാത്രം. വേലുമാമയ്ക്കും, ഇന്ദിരാമ്മയ്ക്കുമൊക്കെ അറിയാമായിരുന്നിരിക്കണം. പക്ഷേ ആരുമൊന്നും പറഞ്ഞില്ല.

അന്ന് കൂടാരത്തില്‍ ഒരു വയസ്സിത്തളള ഉണ്ടായിരുന്നത് ഓര്‍മ്മയുണ്ട്. ജോണ്‍സാര്‍ ഉള്‍പ്പെടെ എല്ലാവരും വലിയ ബഹുമാനത്തോടെയായിരുന്നു അവരോട് സംസാരിച്ചത്.

ഭചിന്നത്താ' എന്നോ മറ്റോ ആണ് എല്ലാവരും അവരെ വിളിക്കാറ്.

എന്തുകൊണ്ടാണെന്നറിയില്ല, എന്റെ നിഴല്‍വെട്ടം കണ്ടാലുടന്‍ തളള പ്രാക്ക് തുടങ്ങും.ഇനി എന്നെ കണ്ടില്ലെങ്കില്‍ത്തന്നെ എണ്ണിപ്പെറുക്കലുകള്‍ക്കിടയില്‍ മലയാളം കലര്‍ന്ന തമിഴില്‍ അവരെന്നെ മുടങ്ങാതെ ചീത്ത വിളിക്കുമായിരുന്നു.

കഷായത്തിന്റെ മണമുളള ഇരുണ്ട മുറിയില്‍ നിന്ന് ഭനശൂലമേ.. നശൂലമേ..'എന്നവര്‍ കൂവി വിളിച്ചു. ആരെന്ത് വിളിച്ചാലും എനിക്കൊരുപോലെയായിരുന്നു. വാക്കായിരുന്നില്ല, ആ വാക്ക് ഉച്ചരിക്കപ്പെടുന്ന ശബ്ദമായിരുന്നു എന്നെയെന്നും അലട്ടിയത്. പച്ചയ്ക്ക് കത്തിക്കാനുളളത്രയും വെറുപ്പ് വിളമ്പിയ ആ ശബ്ദം എന്നെ ഭയപ്പെടുത്തി ; കാരണം എന്തെന്നറിയാഞ്ഞിട്ടുകൂടി.

അവര്‍ മരിച്ചപ്പോള്‍ അന്നിവിടെയുണ്ടായിരുന്ന എല്ലാവരും കരഞ്ഞു, ഞാനൊഴികെ. നശൂലമേ എന്ന ശബ്ദം എന്നന്നേക്കുമായി അവസാനിച്ചതിന്റെ സമാധാനമായിരുന്നു എനിക്ക്. അന്നുമുതല്‍ ഞാന്‍ ഗിരിജ മാത്രമായി. എല്ലാവരുമെന്നെ ഗിരിജ എന്നുമാത്രം വിളിച്ചു. ഞാനതിന് വിളികേട്ടു.

ഭമണിയപ്പാ'.. എന്ന് വിളിക്കുമ്പോള്‍ ഇവിടുത്തെ കുരങ്ങന്‍ കുട്ടന്‍ ഓടിവരും. ഭബ്ലാക്കീ..' എന്ന് വിളിക്കുമ്പോള്‍ പട്ടി ഉറക്കെ കുരയ്ക്കും. ഭഗിരിജാ...' എന്ന് വിളിക്കുമ്പോള്‍ ഞാന്‍ വിളികേള്‍ക്കും. റിങ്ങിലോട്ട് വിളിക്കുമ്പോള്‍ എന്നെയാണെന്ന് തിരിച്ചറിയണം. വേദിയിലെത്തിയിരിക്കണം. അത്രമാത്രം.

നയീസയുടെ പേര് കേള്‍ക്കുമ്പോള്‍ മാത്രമാണ് പേരുകളുടെ അര്‍ത്ഥങ്ങളെക്കുറിച്ചും, സൗന്ദര്യത്തെക്കുറിച്ചും ഞാനോര്‍ക്കാറ്. നയീസയോട് എനിക്കെപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. അവളുടെ ഓര്‍മ്മകളില്‍ കണ്ണെത്താദൂരത്തോളം മഞ്ഞുമൂടികിടക്കുന്ന വലിയ മലഞ്ചെരിവുകളും, അമ്മയുണ്ടാക്കിയ പലഹാരങ്ങളുടെ മധുരവും ഇപ്പോഴും ബാക്കിയുണ്ട്.

ഭയംതാങ് താഴ്‌വരകളില്‍ മഞ്ഞ പോപ്പി പൂക്കളും, ഓര്‍ക്കിഡ് പൂക്കളും പൂത്തുനില്‍ക്കുന്നത് കണ്ടിട്ടുണ്ടോ ഗിരിജാക്കാ?'

ലാചൂങ്ങിലെ ഞങ്ങളുടെ കൊച്ചുവീട്ടില്‍ നിന്ന് ഞാനും ദായും , ബാബയും, ആമയും കൂടി വര്‍ഷത്തിലൊരിക്കല്‍ അതു കാണാന്‍ വേണ്ടി പോകുമായിരുന്നു. എന്തൊരാഘോഷമാണെന്നോ അന്ന്!

തലേന്ന് രാത്രി ഞാനും ദായും സന്തോഷം കൊണ്ട് ഉറങ്ങാറേയില്ല. യാത്രാമധ്യേ കഴിക്കാന്‍ ആമ ഇളം മധുരമുളള, കടിക്കുമ്പോള്‍ ഭകറുമുറു' എന്ന് ഒച്ചയിടുന്ന സേല്‍ റൊട്ടികളും, ഷാഫലേയും ഉണ്ടാക്കുമായിരുന്നു. യാത്രയ്ക്കിടയില്‍ പാലിക്കേണ്ട മര്യാദകളുടെ ഒരു നീണ്ട ലിസ്റ്റ് രണ്ടുനാള്‍ മുമ്പേ ബാബ ഓര്‍മ്മിപ്പിച്ചിരിക്കും.

ഭഅനുസരണക്കേട് കാട്ടിയാല്‍ യാത്ര അവസാനത്തേതാകും'. ബാബയുടെ താക്കീതാണിത്.

ഓര്‍മ്മകളിലൂടെ നയീസ കുസൃതിയോടെ ചിരിക്കും... പിന്നെ പതിയെ ചിരി മായും...അവള്‍ നിശ്ശബ്ദയാകും.

ഭനയീസാ..'എന്ന് വിളിച്ചാല്‍ അവള്‍ പതിയെ തിരിച്ചുവരും. മഞ്ഞുമൂടി കിടക്കുന്ന താഴ്‌വരയും, ഓര്‍ക്കിഡ് പൂക്കളുടെ ഗന്ധവുമില്ലാത്ത മുഷിഞ്ഞ ഈ സര്‍ക്കസ് കൂടാരത്തിലേക്ക്.

ഭഗിരിജാക്കായിക്കറിയോ.. നയീസാ എന്ന പേരിന്റെ അര്‍ത്ഥം?

ദൈവത്തിന്റെ സമ്മാനമെന്നാണ്. ബാബ കണ്ടുപിടിച്ചിട്ടതാണ്. ബാബയുടെ ഒരുപാടുനാളത്തെ പ്രാര്‍ത്ഥനയ്‌ക്കൊടുവിലാണ് ഞാനുണ്ടായതെന്ന് ഹസുര്‍ബുവ എന്നും പറയുമായിരുന്നു.'

വീണ്ടും നിശ്ശബ്ദത. പിന്നെ ഒന്നും മിണ്ടാതെ അവള്‍ എഴുന്നേറ്റുപോവും.

കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട്, നയീസയുടെ മനസ്സ് ഇപ്പോഴും ഇളം പര്‍പ്പിള്‍ നിറമുളള ഓര്‍ക്കിഡ് പൂക്കളിലെവിടെയോ കുരുങ്ങികിടപ്പാണെന്ന്.

ഞങ്ങളെ പൊതിഞ്ഞ് പുഴുങ്ങി നില്‍ക്കുന്ന ചൂടിലും മൈലുകള്‍ക്കപ്പുറത്ത് നിന്നും അവളെ മാത്രം തലോടുന്ന ഒരു തണുത്ത കാറ്റ് ഈ കൂടാരത്തിലേക്ക് എത്തിനോക്കുന്നുണ്ടെന്ന്.  

വിസില്‍ മുഴങ്ങി. കളിയിതാ ആരംഭിക്കുന്നു. റിങ്ങിന്റെ നാല് ഭാഗത്തുനിന്നും കുളളന്‍ ക്ലൗണുകള്‍ റിങ്ങിലേക്ക് ഓടിക്കയറി. അവരുടെ മണ്ടന്‍ ചേഷ്ടകള്‍ക്കിടയിലൂടെ ആനയും, കരടിയും ഒട്ടകവുമൊക്കെ കടന്നുവരുമ്പോഴേക്കും വണ്ടര്‍ സര്‍ക്കസ്സിന്റെ കൊടി ആഞ്ഞുവീശി ഞങ്ങള്‍ക്ക് ഉളളിലേക്ക് പോകാന്‍ സമയമായി.

ഇനി ഇന്‍ഡിവിഡ്വല്‍ പെര്‍ഫോര്‍മന്‍സാണ്. ഫൈസൂക്കായുടെ കരടിഷോ കഴിഞ്ഞേ എനിക്ക് വേദിയില്‍ എത്തേണ്ടു.

ഭദീദീ...'

ഭഓള്‍ ദ ബെസ്റ്റ് ബേട്ടാ.'

പായലാണ്. ഈ കൂടാരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി. ആദ്യത്തെ ഷോ എന്നും അവളുടേതാണ്. കുഞ്ഞുടുപ്പിട്ട് സൈക്കിളില്‍ അവളെത്തുമ്പോഴേക്കും ആരവം തുടങ്ങും.

ഭജാക്ക്‌പോട്ട്'. അവളെചൂണ്ടിക്കൊണ്ട് ഡിക്രൂസ് ആവേശം കൊളളും. എട്ടുവര്‍ഷം മുമ്പ് ഒരു കോടമഴയത്ത് തിരുനെല്‍വേലിയിലെ ടെന്റിലാണ് ചെറിയച്ഛന്‍ അവളെ വിറ്റുപോയത്. ആ രാത്രി മുഴുവന്‍ പെയ്തുകൊണ്ടിരുന്ന മഴയെ കീറിമുറിച്ചുകൊണ്ട് ഭചാച്ചൂ' എന്ന് വിളിച്ചവള്‍ അലറിക്കരഞ്ഞു. അയാള്‍ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്തിരുന്നില്ല. കണ്ണുകളില്‍ ഒടുങ്ങാത്ത ഭീതിയും, മേലാസകലം വിരല്‍നഖപ്പാടുകളും, രക്തക്കല്ലിപ്പുകളും  ബാക്കിയാക്കിയ ഒരെട്ടുവയസ്സുകാരി. കരഞ്ഞു തളര്‍ന്ന് ടെന്റിന്റെ മൂലയില്‍ പതുങ്ങികിടന്ന അവളെ ഞാനാണ് എന്റെയരികിലേക്ക് മാറ്റികിടത്തിയത്. പിന്നീടവളെനിക്ക് പ്രിയപ്പെട്ടവളായി. അപരിചിതമായ രണ്ടു ലോകങ്ങളില്‍ ഭാഷകളറിയാതിരുന്നിട്ടും ഞങ്ങള്‍ സംസാരിച്ചു. മറ്റേതു ഭാഷയേക്കാളും പരിചിതമായിരുന്നു എനിക്കവളുടെ സ്‌നേഹത്തിന്റെ ഭാഷ.

വൈകിയെത്തി എന്നെ ചേര്‍ന്നുകിടന്ന ഏതോ ഒരു രാത്രി അവള്‍ക്ക് ഡിക്രൂസിന്റെ ദുഷിച്ച മണമുണ്ടെന്ന് തിരിച്ചറിയും വരെ അവളെനിക്ക് മകളായിരുന്നു.

നിവൃത്തിയില്ലായ്മയാവാം. പക്ഷേ എനിക്ക് പൊറുത്തുകൊടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഓരോ കളിക്ക് മുമ്പും ആശീര്‍വാദത്തിനായി ഓടിയെത്തുമ്പോള്‍ എനിക്ക് മുഖം തിരിക്കാനായില്ല. അപ്പോള്‍ അവള്‍ ഒരിക്കല്‍കൂടി എന്റെ പഴയ എട്ടുവയസ്സുകാരിയാകും.

ഭഗിരിജാദീ.. ക്യാ ഹുവാ? അകലാ പെര്‍ഫോര്‍മന്‍സ് ആപ് കീ ഹെ…..

ഭഹാം..മെ, ബസ് ദോ മിനുട്ട് '.

ബെല്‍വന്ദ് ഓര്‍മ്മിപ്പിച്ചത് നന്നായി. അല്ലെങ്കില്‍ ബഹളം വെയ്ക്കാന്‍ ഡിക്രൂസിന് ഒരു കാരണം കിട്ടിയേനെ.

ഡ്രസ്സിങ്ങ് റൂമിലേക്ക് ഓടുമ്പോള്‍ ഫൈസൂക്കാ മെയ്ക്കപ്പ് കഴിഞ്ഞ് സ്റ്റേജിലേക്ക് പോകുന്നേ ഉണ്ടായിരുന്നുളളൂ.

ഭഉസ് ബില്ലു കോ സമ്പാല്‍നാ ഫൈസൂക്ക'.  

അയാള്‍ ചിരിച്ചുകൊണ്ട് തലയാട്ടി. രണ്ടാഴ്ച മുമ്പത്തെ കളിയില്‍ അപ്രതീക്ഷിതമായി കരടി ഒന്നു വിറപ്പിച്ചതാണ്.

ഫൈസൂക്ക കാര്യങ്ങള്‍ നിയന്ത്രിച്ചെങ്കിലും വലം കൈയ്യിലെ ആഴത്തിലുളള നഖപ്പാട് ഉണങ്ങാന്‍ സമയമെടുത്തു. എങ്കിലും ഫൈസൂക്കയ്ക്ക് ബാദുഷയോട് പരിഭവങ്ങളൈാ ന്നുമില്ല.

ഭമനുഷ്യരേക്കാള്‍ ഭേദമാണ് ഗിരിജാ മൃഗങ്ങള്‍. ശരീരം നോവിച്ചാലും മനസ്സ് നോവിക്കില്ല.'

ഫൈസൂക്ക പലപ്പോഴും ആവര്‍ത്തിക്കാറുളള വചനങ്ങള്‍.

എത്ര തിരഞ്ഞിട്ടും ഹാംഗറില്‍ തൂക്കിയിട്ട വസ്ത്രം കാണുന്നില്ല. ഡ്രസ്സിങ്ങ് റൂമില്‍ നിന്നും ഓടിയിറങ്ങുമ്പോള്‍ ഡിക്രൂസ് മുമ്പില്‍ നില്‍ക്കുന്നു.

ഭഎന്നമ്മാ..എന്നാച്ച്...'

ഭസര്‍, കോസ്റ്റ്യൂം കാണാനില്ല. കുറച്ചുമുമ്പ് വരെ ഹാംഗറിലുണ്ടായിരുന്നു'.

വെപ്രാളമൊന്നുമില്ലാതെ ഡിക്രൂസ് എനിക്ക് മുമ്പേ മുറിയിലേക്ക് കയറി.

ഭദോ. അങ്കയിറ്ക്ക്, പാക്കമുടിയാതാ'?

അയാള്‍ ചൂണ്ടിയ വിരലിനിപ്പുറം ഞാന്‍ സംശയിച്ചുനിന്നു.

ഭകൊഞ്ചം ഷോട്ടാര്‍ക്ക്. ആനാ ഹോട്ടാര്‍ക്കും'.

കട്ടിമീശയ്ക്ക് കീഴെ പുകയിലക്കറ പറ്റിയ വലിയ പല്ലുകള്‍ കാട്ടി അയാള്‍ അട്ടഹസിച്ചു.

ഭഡിക്രൂസ് '  

ഭഎന്നാച്ച് ഗിരിജാ...പുടിക്കലയാ..? പുടിക്കലന്നാ വിട്ട്ട്. ട്രപ്പീസ് പണ്ണര്‍ത്ക്ക് സിന്ന പൊമ്പുളേങ്കള്‍ കെടക്കാതാ..?'

എത്ര പെട്ടെന്നാണ് ഡിക്രൂസിന്റെ ചിരി മാഞ്ഞത്.

ഇത്രയും കാലത്തിനിടയ്ക്ക് ഡിക്രൂസിനെ നന്നായി മനസ്സിലാക്കിയതാണ്. പുഴുത്ത പല്ലുകളേക്കാള്‍ വൃത്തികെട്ട മനസ്സ് അയാള്‍ ഇരുമ്പ് പോലുളള ശരീരത്തിനകത്ത് ഒളിച്ചുവെച്ചിട്ടുണ്ട്.

പരാതികളേതുമില്ലാതെ ഞാന്‍ സ്വയമേവ ഒഴിഞ്ഞുപോകലാണ് അയാള്‍ക്കാവശ്യം. പറഞ്ഞുവിട്ടെന്നുളള പഴി ഒഴിവാക്കുകയാണ്.

പക്ഷേ എങ്ങോട്ട്? ഇവിടം വിട്ടാല്‍ ചെന്നുകയറാന്‍ മറ്റൊരിടമില്ല. ഏതെങ്കിലും വേശ്യാലയത്തിന്റെ പ്രകാശം മങ്ങിയ മുറി. അല്ലെങ്കില്‍ ആത്മഹത്യ.

കടം വാങ്ങിയ വിധേയത്വം ചുണ്ടുകളില്‍ തേച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഡ്രസ്സിങ്ങ് റൂമിലേക്ക് നടന്നു.

ഒന്നുറക്കെ ശ്വസിച്ചാല്‍ പൊട്ടാന്‍ പാകത്തില്‍ ഇലാസ്തികതയില്‍ പൊതിഞ്ഞ വസ്ത്രം ശരീരത്തെ അവിടേയും ഇവിടേയും മാത്രം മറച്ചുവെച്ചു. ഇത്തവണ ഗിരിജ കണ്ണാടിയില്‍ നോക്കിയില്ല.വാതില്‍ തുറന്ന് പുറത്തേക്ക് കടക്കുമ്പോള്‍ തുടകളിലടിച്ച് താളം പിടിച്ചുകൊണ്ട് ഡിക്രൂസ് കാത്തുനില്‍പ്പുണ്ടായിരുന്നു.

ഭഅടടാ...എന്നാ ഒരഴക്..സിന്ന പൊണ്ണ് മാതിരിയിറ്ക്ക്. '

അയാളുടെ കണ്ണുകള്‍ ആദ്യാവസാനം ശരീരത്തിലൂടെ നിരങ്ങി നീങ്ങുകയാണ്.

ഒച്ചിഴഞ്ഞതുപോലെ അയാളുടെ കണ്ണുകൊണ്ടിടങ്ങളിലെല്ലാം ശരീരം വഴുവഴുക്കുന്നു.

വീണ്ടും വിസില്‍ മുഴങ്ങുകയായി. റിങ്ങിലേക്ക് കാലെടുത്തുവെയ്ക്കുമ്പോഴേക്കും ഇന്നേവരെ കേട്ടിട്ടില്ലാത്ത ശബ്ദത്തില്‍ കാണികള്‍ കൂകിക്കൊണ്ടിരുന്നു. മാറിടത്തിന്റെ മധ്യത്തില്‍ തുണിയേറെ ഇറങ്ങിനിന്നിട്ടും അസ്വസ്ഥത കാണിച്ചില്ല.

ഭഇവിടുന്നിറങ്ങിയാല്‍ ചെന്നുകയറാന്‍ മറ്റിടങ്ങളില്ല ഗിരിജാ..' മനസ്സ് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു.

ജാസിന്റെ താളം മുറുകുകയായി. ആദ്യത്തെ അഞ്ച് മിനുട്ട് അക്രോബാറ്റിക്‌സ് നൃത്തച്ചുവടുകളാണ്. ഉടുപ്പിന്റെ അറ്റം ഓരോ തവണ ഉയരുമ്പോഴും ആസ്വാദകരുടെ അട്ടഹാസം ടെന്റിനെ പ്രകമ്പനം കൊളളിച്ചു.

ഒന്നും തോന്നരുത്. ഓരോ വേദിയിലും ഇതൊക്കെ പതിവാണ്. റിങ്ങിലേക്ക് പണമെറിഞ്ഞ് കൂടെ കിടക്കാന്‍ ക്ഷണിക്കുന്ന സര്‍ദാര്‍ജികളും ഗൗഡകളും മുതല്‍ ബാക്ക് സ്റ്റേജില്‍ ലക്ക് കെട്ട് കടന്നുവന്ന് പണം നല്‍കി ഫോട്ടോ എടുക്കാനെന്ന വ്യാജേന തോളിലിടുന്ന കൈ ഉടുപ്പിനുളളിലേക്ക് തഞ്ചത്തിലിറക്കുന്ന മാര്‍വാടികളെ വരെ എത്ര കണ്ടതാണ്. ഈ കാലമത്രയും എന്തൊക്കെ സഹിച്ചിരിക്കുന്നു.

മാറുന്നത് വ്യക്തികള്‍ മാത്രമാണ്.

താളം കനക്കുകയാണ്. ചുവടുകളൊന്നുകൂടി അയഞ്ഞു. കാണികള്‍ ഇളകിമറിഞ്ഞ മട്ടാണ്. ഡിക്രൂസിന്റെ കറപിടിച്ച പല്ലുകള്‍ ഇപ്പോള്‍ ഇക്കിളിപ്പെട്ട് ചിരിക്കുന്നുണ്ടാകും. കാണുന്നില്ലെങ്കിലും ഊഹിക്കാവുന്ന തേയുളളൂ. മുകളില്‍ ഉയര്‍ത്തികെട്ടിയ ട്രപ്പീസുകള്‍ ഇപ്പോള്‍ ഗിരിജയ്ക്ക് വ്യക്തമായി കാണാം. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഒരു മായാജാലക്കാരിയെപ്പോലെ പാറിനടക്കാന്‍ സമയമാവുന്നു.

നിരത്തിയിട്ട കസേരകള്‍ക്കിടയിലൂടെ മുന്നോട്ടുവരുന്ന പയ്യനെ അവള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. പൗരുഷത്തിന്റെ ചിഹ്നങ്ങള്‍ മുഖത്ത് മുളച്ചുതുടങ്ങിയിട്ടേയുളളൂ. തിക്കും തിരക്കും കൊണ്ട് കളികാണാന്‍ മുന്നോട്ടുവന്നതാണെന്നാണ് ആദ്യം തോന്നിയത്. രണ്ട് കടലാസുകഷ്ണങ്ങള്‍ റോക്കറ്റ് രൂപത്തില്‍ റിങ്ങിലേക്ക് പറന്നു വന്നപ്പോള്‍ തോന്നലുകള്‍ തെറ്റാണെന്ന് ബോധ്യമായി. വലതു തുടയില്‍തട്ടിവീണത് വെറും കടലാസുകഷ്ണങ്ങളായിരുന്നില്ല. ഗാന്ധിതലയില്‍ പച്ചകലര്‍ന്ന രണ്ട് അഞ്ഞൂറു രൂപ നോട്ടുകള്‍.

ഒരു നിമിഷം ചലനങ്ങളഴിഞ്ഞു.

കുട്ടിത്തം മാറാത്ത മുഖത്ത് അവന്റെ ആര്‍ത്തി നിറഞ്ഞുതുളുമ്പുകയാണ്. ബോംബെയിലും കല്‍ക്കത്തയിലും ഇതിലും മോശപ്പെട്ടത് പലതും കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്.

ഒരു മകനുണ്ടായിരുന്നെങ്കില്‍ ഇതിലും മുതിര്‍ന്നേനെ. ഒരിക്കലുമില്ലാത്തവിധം സ്ത്രീത്വം വ്രണപ്പെടുകയാണ്. ഒരു നിമിഷം... മറ്റ് ശബ്ദങ്ങളും കാഴ്ചകളും അപ്രത്യക്ഷമായി.

തൊട്ടുമുമ്പില്‍ ആര്‍ത്തിയോടെ ഉറ്റുനോക്കുന്ന ഒരൊറ്റ കാണിമാത്രം.

അടിവയറ് വേദനിക്കുന്നു. തൊണ്ടക്കുഴിയില്‍ ചവര്‍പ്പ് തികട്ടുന്നു.

വൈകാതെ അവന്റെ ചുണ്ടുകളില്‍ സിഗരറ്റ് എരിയാനും , കണ്ണുകളില്‍ കാമാഗ്നി പടരാനും തുടങ്ങി.

അവന്റെ പല്ലുകള്‍ ഡിക്രൂസിന്റേതുപോലെ കറപിടിച്ചവയാണോ.?

ഇവിടുന്നിറക്കി വിട്ടാല്‍ പ്രകാശം മങ്ങിയ മുറികളില്‍ ഇരപിടിക്കാനിറങ്ങുന്നവരില്‍ ഇവനുമുണ്ടാകുമോ?

അവന്‍ റോക്കറ്റുകള്‍ റിങ്ങിലേക്ക് വീണ്ടും വീണ്ടും പറത്തുകയാണ്. മുന്നിലെ കാഴ്ചകള്‍ പോലും അവ്യക്തമാകും വിധം റിങ്ങിപ്പോള്‍ റോക്കറ്റുകള്‍കൊണ്ട് മൂടിയിരിക്കുന്നു. താഴെ വീഴാത്ത, എണ്ണിതിട്ടപ്പെടുത്താനാവാത്ത നോട്ടുകള്‍ക്കിടയില്‍ താന്‍ മാത്രം ബാക്കിയായിരിക്കുന്നു.

ജാസിന്റെ താളം വീണ്ടും മുറുകി. ആകാശത്തിലേക്ക് ഉയര്‍ത്തിക്കെട്ടിയ ഊഞ്ഞാലുക ളിലേക്ക് കയറേണിയിലൂടെ അവള്‍ വലിഞ്ഞുകയറി. റോക്കറ്റുകളിപ്പോള്‍ അവളേക്കാള്‍ ഉയരത്തില്‍ പറന്നുപൊങ്ങുകയാണ്.

കാണികള്‍ കൈയ്യടിക്കുന്നു. കൂകി വിളിക്കുന്നു.

ഗിരിജ ഒരിക്കല്‍കൂടി അവനെനോക്കി. കൈവിരലുകള്‍ വായില്‍ തിരുകി ലക്കുകെട്ട് അവന്‍ വീണ്ടും ഉച്ചത്തില്‍ വിസിലടിക്കുകയാണ്.

ശബ്ദകോലാഹലങ്ങള്‍ക്കിടയിലും ആ ശബ്ദം വേറിട്ട് കേള്‍ക്കുന്നുണ്ട്.

ഓര്‍മ്മകളില്‍ ചിന്നത്തയുടെ പ്രാക്കിന്റെ ശബ്ദം ഒരിക്കല്‍കൂടി മുഴങ്ങി.

ജാസിന്റെ താളം നിലയ്ക്കുമ്പോള്‍ അദൃശ്യമായി ആടിക്കൊണ്ടിരുന്ന ട്രപ്പീസിന്റെ കൈകളിലേക്കവള്‍ എടുത്തുചാടികഴിഞ്ഞിരുന്നു.

ഒരിക്കലും കണ്ടിട്ടില്ലാത്ത യംതാങ് താഴ്‌വരയിലെ ഓര്‍ക്കിഡ് പൂക്കളിലേക്ക് താഴ്ന്ന് പറക്കുമ്പോള്‍, തന്നെ ലക്ഷ്യമാക്കി പറന്നുനടക്കുന്ന നോട്ടുറോക്കറ്റുകളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ അവള്‍ കിണഞ്ഞു ശ്രമിച്ചു.  

***
 

Join WhatsApp News
Chinchu Thomas 2024-11-17 07:41:25
oh she is dead
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക