Image

നീഹാര പത്മം - സ്‌നോ ലോട്ടസ് - : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 19 November, 2024
നീഹാര പത്മം - സ്‌നോ ലോട്ടസ് -  : ഡോ. കുഞ്ഞമ്മ ജോർജ്ജ്

നീഹാര പത്മം 

സ്‌നോ ലോട്ടസ്

"പൂക്കുമ്പോൾ ഒരുമിച്ചു പൂക്കും. ഉറഞ്ഞ മഞ്ഞു തുളഞ്ഞും പൂമൊട്ടുകൾ പുറത്തെത്തും"

'സ്‌നോ ലോട്ടസ്' ആണ്.

സാധാരണ ലോട്ടസിന്റെ ജനുസിൽ പെട്ടതേ അല്ല.

സോണിയ ചെറിയാന്റെ ഈ നോവലും മറ്റൊരു കമ്മട്ടത്തിലാണ്. 

സോണിയ ചെറിയാന്റെ ആദ്യ നോവൽ എന്നു കേട്ടപ്പോൾ അത് പട്ടാള മേലാപ്പുള്ള ഒന്ന് എന്ന് വിചാരിച്ചിട്ടേയില്ല.

വൈറ്റ് ഔട്ട്, ചോപ്പർ, വിൻഡർ ഫ്ലവറുകൾ, ആസ്റ്ററുകൾ എന്നൊക്കെ കണ്ടപ്പോൾ ഇത് ഇന്ത്യൻ റെയിൻബോയുടെ ഒരു എക്സ്റ്റൻഷൻ ആണല്ലോ എന്ന് തോന്നിപോയി.

ആ ലോകം മാറി വന്നത് എത്ര പെട്ടെന്നാണ്. എട്ടാം വയസ്സെന്ന ചെറു പ്രായത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുകയാണ്. അച്ഛനായിരുന്നു ഗോപയ്‌ക്കെല്ലാം.. പട്ടാളത്തിൽ കേണലായിരിക്കെ 'ഓപ്പറേഷൻ സ്‌നോ ലോട്ടസിന്റെ ' ലീഡർ ആയിരുന്ന അച്ഛൻ തിരികെ വരുന്നില്ല.. മരിക്കുന്നതിലും ഭീകരമാണ് ഒരാൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് തീർച്ചയില്ലാത്തൊരു കാലം.

" No news is a good news "

എന്ന് തുടക്കത്തിലേ വായിക്കുമ്പോൾ വായനക്കാരും വലിയൊരു മഞ്ഞു പാളിയിൽത്തട്ടി ചിതറുന്നുണ്ട്. എന്നിട്ടും ആ എട്ടു വയസ്സുകാരി ചിലമ്പുന്നുണ്ട്

"I always believe that he is alive.. അവൾ അമ്മയ്ക്ക് വാക്കു കൊടുക്കുന്നു, ഒരു നാൾ അച്ഛനെ ഞാൻ അമ്മയുടെ മുൻപിൽ കൊണ്ടു നിർത്തും.

കഥയിൽ എല്ലാം വെൽ പ്ലാൻഡ് ആണ്..നോവലിന്റെ അടിത്തറയ്ക്ക് നല്ല ശക്തിയുണ്ട്, കെട്ടുറപ്പുണ്ട്. ബുദ്ധന്റെ പാദങ്ങളിൽ അടിത്തറയിട്ട്, ഉടലിലൂടെ കയറി നെറുകയിൽ എത്തുന്ന കഥാതന്തു. ' ഗോപ ' എന്ന പേരു പോലും. യാശോധരയെ വളരെ ഓമനിച്ചു സിദ്ധാർഥൻ വിളിച്ചിരുന്നത്.. കെ. വി. മോഹൻകുമാറിന്റെ 'പ്രണയത്തിന്റെ മൂന്നാം കണ്ണിൽ ' പോയി എന്റെ മനസ്സൊന്നു മുട്ടി. സ്വാഭാവികം എന്നു ഞാൻ എന്നോട് തന്നെ ചൊല്ലി. ഹിച് നാത് ഹ്‌ന യുടെ Old path, white clouds മലയാളത്തിൽ തന്നെ വായിച്ചിരുന്നു. കാലം എനിക്ക് നേരെ നീട്ടിയ പുസ്തകങ്ങൾക്ക് നന്ദി.

കാലത്തിന്റെ ബുദ്ധൻ - ഗൗതമ ബുദ്ധൻ.. വരാനിരിക്കുന്നവൻ മൈത്രേയൻ. അപ്പോൾ കടന്നുപോയവൻ ആരാണ്?

ദിഗംബരൻ.

ഉണ്ട്.

അപ്പോൾ വായനക്കാർക്ക് പൂരിപ്പിക്കുവാൻ ഇടമുണ്ട്. പതിനെട്ടു ക്യൂബിക് അടി നീളമുള്ള 'കാന്തക' എന്ന സിദ്ധാർത്ഥന്റെ ഇഷ്ടക്കുതിര. 'ചന്ന ' എന്ന അവന്റെ തോഴനെ ഞാനും ഏറെനേരം പരതി.. കാന്തക പിന്നെ ബുദ്ധന്റെ വേർപാടിൽ ചങ്കുപൊട്ടി മരിച്ച് ബ്രാഹ്മണനായി പുനർജനിച്ചു എന്ന് ബുദ്ധവിശ്വാസം.

ഡോക്ടർ ആയി, പട്ടാളത്തിൽ ചേർന്നു.. പിന്നെ അച്ഛനെ തേടിയുള്ള സാഹസിക യാത്രയുടെ ഒരിക്കലും ഒടുങ്ങാത്ത സാഹസികതയുടെ വിവരണങ്ങൾ. കൂട്ടായി വരുന്നത് ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് എടുക്കപ്പെടുന്ന ദാവാ സാക്ക, നെറ്റിയിൽ അർദ്ധ ചന്ദ്രക്കലയുള്ളവൻ.. റിംപോച്ച.

ടിബറ്റ് എനിക്കൊരു അജ്ഞാത ലോകമായിരുന്നു.. ഈ സാഹസിക യാത്രയിൽ ദാവാ സാക്ക എന്ന ദാവയ്ക്കൊപ്പം ടിബറ്റിന്റെ പ്രാർത്ഥനാപൂരിതമായ, സമാധാനപരമായ, കരുണയുടെ ലോകം പറഞ്ഞു തന്ന ഇവൻ ദാവാ... അതിന്റെ ഇപ്പോഴത്തെ സങ്കടകരമായ അവസ്ഥ പറഞ്ഞു നെടുവീർപ്പിടുന്നു .പറയുന്ന ലാമമാരും, കേൾക്കുന്ന ഗോപയും, വായനക്കാരും ഒരുപോലെ കണ്ണുതുടക്കുകയാണ്. ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനം. കൂടെ ടിബറ്റൻ ജനതയുടെ അതി ജീവനത്തിനുള്ള പെടാപ്പാടുകൾ.. ഇടയിൽ മരിച്ചുപോയവർ കാണാതായവർ, ചൂഷണം ചെയ്യപ്പെട്ടവർ, ജയിലുകളിൽ അടയ്ക്കപ്പെട്ടവർ,നിഷ്കരുണം തല്ലിച്ചതക്കപ്പെട്ടവർ, നിലനിൽപ്പിനു വേണ്ടി ശത്രു രാജ്യവുമായി സഖ്യത്തിൽ ഏർപ്പെട്ട ഗതികെട്ട കുറേ ടിബറ്റ് കാർ.. മതി ഇത്രയ്ക്ക് മതി.

യാത്രയ്ക്കിടയിൽ ദേശ ദേശാന്തരങ്ങൾ, മഞ്ഞു പാറകൾ, മഞ്ഞിന്റെ കൊടുമുടികൾ, ഋതുക്കളുടെ മാറ്റം, മഹാ വൃക്ഷങ്ങൾ, മഹാമേരുക്കൾ വിശുദ്ധ വൃക്ഷങ്ങൾ, സ്നേഹം, കരുണ പ്രണയം എല്ലാം ഇതിനിടയിൽ ആഖ്യാന വിഷയങ്ങൾ ആകുന്നുണ്ട്. ചരിത്രവും കാലവും കൂടി കഥാപാത്രങ്ങളായി വരുന്നുണ്ട് ഇതിൽ.

ഗന്ധം, പലതരം ഗന്ധം ....

... മഞ്ഞാണ്..

മഞ്ഞാണ് സർവ്വപ്രധാനമായ ആഖ്യായാന വിഷയം.

ഏറ്റവും വിശേഷമായി തോന്നിയത് ഈയാഖ്യാനങ്ങൾ എല്ലാം വളരെ വളരെ സ്വാഭാവികമായ ആഖ്യാനങ്ങളാണ് എന്നതാണ്. കൃത്രിമത്വത്തിന്റെ തരി പോലും ഇവിടെയെങ്ങും കണ്ടെടുക്കുവാൻ ആകുന്നില്ല. ഒരു ഒഴുക്കാണ്.

ആ ഒഴുക്കിലാണ് എല്ലാം പറഞ്ഞു തീർക്കുന്നത്. രൂപകങ്ങൾ സമൃദ്ധമാണിതിൽ.

" ഈ കാണുന്ന വെള്ള മലകളുടെയും അപ്പുറത്ത് പിന്നെയും നിരനിരയായി കാണുന്ന മലകളുടെയും അപ്പുറത്ത് എന്റെ വീടുണ്ട്, " എന്ന് സ്വന്തം നാട്ടിലെത്തുമ്പോൾ ദാവാ എന്ന രാജ്യം നഷ്ടപ്പെട്ടവൻ വീണ്ടും വീണ്ടും കൈ ചൂണ്ടി പറയുമ്പോൾ അധിനിവേശങ്ങളുടെ ക്രൂരത നമ്മെ ശക്തമായി തൊട്ടുപോകുന്നു. കരയിക്കുന്നു.

"ടിബറ്റ് ഒരു മഹാരാജ്യമായിരുന്നു മഹത്തായ ഹിമാലയ രാജ്യം പവിത്ര രാജ്യം." ടിബറ്റൊരു രഹസ്യ ഭൂമികയാണെന്ന് എനിക്കും ഇപ്പോൾ വെളിപ്പെട്ട് കിട്ടുന്നുണ്ട്.

ഒറ്റ കൊളുത്തിൽ തൂങ്ങിപ്പോയവരെ പോലെ പ്രണയത്തിന്റെ അഴിയാക്കെട്ട് ഗോപക്കും ദാവയ്ക്കും ഇടയിൽ.. തീപാറുന്ന പ്രണയാഗ്നി..പ്രണയവും മരണവും കളം മാറി മാറി ചവിട്ടിയ ഒരു കാലം. ഒപ്പം ഭയവും.

അവസാന നിമിഷങ്ങളിൽ വായനക്കാരന്റെ ഹൃദയമാണ് പടപട ഇടിക്കുന്നത്.

"Never refuse a rescue ". ദാവാ

വീണ്ടും വീണ്ടും പറയും പോലെ.

പ്രാർത്ഥന പോലെ ഒരു പ്രണയം, അതോ പ്രണയം പോലെ ഒരു പ്രാർത്ഥനയോ .....

സോണിയ നന്ദി. ഈ നോവലിന്. ഈ ചരിത്രനോവലിന്. ഈ നോവലിലെ നോവിക്കുന്ന അധിനിവേശ ചരിത്രത്തിന്. .ഇതിലെ ബുദ്ധിസത്തിന്റെ ആത്മാവിന്...

ഒരേ പോലെ പകുക്കപ്പെട്ട രണ്ട് ആത്മാക്കൾ. ഇനിയൊരു പുനർജന്മം ഇല്ലാത്ത മോക്ഷത്തിനായി എത്ര ജന്മങ്ങൾ നാം കാത്തിരിക്കണം?

ഏഴോ അതോ എട്ടോ?

Dr. Kunjamma George

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക