പൊട്ടുകൾക്ക് പറയാനുള്ളത്...
അമ്മ ഉറങ്ങുമ്പോൾ കുളിമുറിച്ചുവരിലോ
കണ്ണാടിക്കരികിലോ ചില ചുവന്ന
പൊട്ടുകളെ ബാക്കിയാക്കി നിർത്തും....
എന്താണവ നിങ്ങളോട് പറയുക?
ഒരു നിമിഷം ചെവിയോർത്തു നോക്കൂ...
സൂര്യനൊപ്പമുണർന്ന് തുടങ്ങുന്നൊരോട്ടം.
മറ്റു പാത്രത്തിലൊക്കെ നിറച്ച് വിളമ്പിയൂട്ടി
ബസ് തെറ്റാതെ ഓഫീസിലേക്ക് ഓടാറുള്ളരോട്ടം.
ആ ഓട്ടത്തിനിടയിൽ ചുരുട്ടിയെടുത്തൊരു ദോശ
ചവച്ചോ ചവക്കാതെയോ പെട്ടെന്നിറക്കി
വയറിലെത്തിക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ തൻ
നിറമില്ലാത്ത കഥകളാവാം...
രാവു വരെയും പണിയെടുത്ത് ക്ഷീണിച്ചുവരുന്നത്
അച്ഛനെന്ന മുദ്രകുത്തലിൽ രാവ് വരെയും അടുക്കളയുടെ
പിന്നാമ്പുറങ്ങളിൽ ചാമ്പലും ചകിരിയും ചേർത്തു
വെളുപ്പിക്കുന്ന അലുമിനി ചെമ്പുകൾക്കിടയിലെ
ചില ചാര നിറമാർന്ന നിമിഷങ്ങളിലെ ഓർമ്മകളാവാം...
എന്തുമാകട്ടെ, എങ്കിലും പൊട്ടു ചുവന്നത് തന്നെ...
എരിഞ്ഞടങ്ങിയാലും തെളിയുന്നൊരഗ്നിതൻ ചുവപ്പ്!
2
സൂര്യഭാവങ്ങൾ
ചില നേരത്ത് സുര്യനുദിക്കും...
അത് ഇളം രശ്മികൾ
തളിരിലകൾക്ക് മേൽ പകരും...
ചിലപ്പോൾ ഉഗ്രരൂപം കൊള്ളും...
കരിയിലകളെ ജ്വലിപ്പിച്ച്
കാട്ടുതീയായി മാറിടും...
ചിലപ്പോൾ ചുവപ്പും
കുങ്കുമവും കലർന്ന
വിടപറയും സന്ധ്യയുടെ
വിഷാദം പേറും...
മനസ്സും ഇതുപോലെന്ന്
മന്ത്രിച്ചുകൊണ്ട് പേന
തലപ്പാവിനുള്ളിലേക്ക് ചുരുണ്ടു കൂടി.
3
യാത്രയിലെ മാത്രകൾ!
ചോർന്നുപോകുമീ മാത്രയെന്നാകിലും
മാത്രയോരോന്നിനെയുമറിയുക!
ഒടുക്കമുള്ള നാലഞ്ചു നിശ്വാസങ്ങളിൽ
ഒഴുകി നടക്കും ചലച്ചിത്രമെന്ന പോൽ
മുന്നിൽ മിന്നിമായുമീ മാത്രകൾ;
ഏറ്റവും ഉയർന്നതല്ല,
ഏറ്റവും സരളമാർന്നത്...
ഒത്തു ചിരിച്ചത്, ഗാഢമായി പുണർന്നത്,
കരഞ്ഞപ്പോൾ കണ്ണീർ തുടച്ചത്...