തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ആന്റണി തട്ടില്‍ ആണ് വരന്‍ എന്നാണ് സൂചന. ദീര്‍ഘകാലമായി ഇവര്‍ പ്രണയത്തിലാണെന്നാണ് വിവരം. വിവാഹത്തെ കുറിച്ച് കീര്‍ത്തിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് പറയുന്നത്.
അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന സൂചന കീര്‍ത്തി നല്‍കിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീര്‍ത്തിയുടെ മറുപടി. എന്നാല്‍ ആരെയാണ് പ്രണയിക്കുന്നതെന്ന് കീര്‍ത്തി വെളിപ്പെടുത്തിയിരുന്നില്ല.
നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീര്‍ത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം. വളരെ പെട്ടെന്ന് തന്നെ തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റിയ കീര്‍ത്തി അവിടെ മികച്ച മുന്‍നിര നായികമാരില്‍ ഒരാളായി ഉയര്‍ന്നു. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലെ ഉജ്ജ്വല പ്രകടനം കീര്‍ത്തിക്ക് മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു.
നിലവില്‍ ബേബി ജോണ്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി. അതിനിടെയാണ് വിവാഹ വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് കീര്‍ത്തിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.