സ്നേഹം
പൊതിഞ്ഞെടുത്ത
ഇത്തിരി നന്ദികളുമായ്
പിന്നിട്ട കാലത്തിന്റെ
പടിപ്പുര വാതിൽക്കൽ
ഒരു നിമിഷം.....
നന്ദി.....
നടന്നു കയറിയ
വഴികളോട് ,
കടന്നുപോയ
കാലത്തോട് ...
തഴുകിയുണർത്തിയ
കാറ്റിനോട്,
കാത്തുനിന്ന
ഓർമ്മകളോട് ...
നഗര യാത്രയിൽ
വഴിയിൽ ഉപേക്ഷിച്ച
ഇഷ്ടങ്ങളോട്
പെയ്തു തീരാത്ത
കാണാക്കിനാക്കളോട് ...
മനസ്സുണർത്തിയ
പ്രണയത്തോട്,
കൈപിടിച്ച
കരുതലിൻ്റെ
സ്പർശനത്തോട്...
വെയിൽ പൂത്ത
കാത്തിരിപ്പിനോട്,
മാറ്റിയെഴുതിയ
ചിന്തകളോട്...
വിണ്ടു കീറിയ
മനസ്സിനോട്,
നനഞ്ഞൊലിച്ച
വേനൽമഴയോട്...
പാതിയിൽ നിന്ന
വരികളോട്,
മഷി വറ്റിയ
തൂലികയോട് .
ചുവട് കാത്ത
പടവുകളോട്,
എഴുതി തീർന്ന
വരികളോട്....
കടമകളും കടപ്പാടുകളും
വഴിവിളക്കുകൾ
തീർക്കുന്ന ഇരുണ്ട -
പാതയുടെ ഓരങ്ങളിൽ
കിളിർക്കുന്ന
നന്ദി അടയാളങ്ങളെ
നെഞ്ചോടു ചേർത്ത്
ജീവിതത്തിൻ്റെ
പതിവു യാത്രകൾ ....