ഹൂസ്റ്റണ്‍: സെപ്റ്റംബര്‍ മുതലിങ്ങോട്ട് ഉല്‍സവാഘോഷങ്ങളുടെ കുത്തൊഴുക്കായിരുന്നു. തൊഴിലവകാശത്തിന്റെ സമര പുളകിതമായ ചരിത്ര സ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന ലേബര്‍ ഡേ, മലയാളികളുടെ ദേശീയോല്‍സവമായ ഓണം, ആത്മാക്കളുടെ ദിനമായ ഹാലോവീന്‍, തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ദീപങ്ങള്‍ തെളിച്ച് ഉത്സവമാക്കുന്ന ദീപാവലി, നമ്മുടെ ഭൗതികവും ആത്മീയവുമായ നേട്ടങ്ങള്‍ക്ക് സര്‍വശക്തന് വന്ദനോപചാരമര്‍പ്പിക്കുന്ന താങ്ക്സ് ഗിവിങ് ഡേ എല്ലാം ഉല്‍സവത്തിമിര്‍പ്പോടെ നാം ആഘോഷിച്ചു.
കേവല മനുഷ്യരായ നമ്മുടെ മേല്‍ ദൈവത്തിന്റെ അത്ഭുത കരങ്ങളാല്‍ ചൊരിയപ്പെടുന്ന അനുഗ്രഹങ്ങള്‍ക്കും പ്രകൃതിയുടെ വരദാനങ്ങള്‍ക്കും നമ്മെ കരുതുന്നവര്‍ക്കുമെല്ലാം നന്ദിചൊല്ലുന്ന താങ്ക്സ് ഗിവിങ് ഡേയെപ്പറ്റി അമേരിക്കല്‍ മലയാളി സാഹിത്യകാരന്‍ ജോണ്‍ മാത്യുവിന്റെ 'ഭൂമിക്കുമേലൊരു മുദ്ര' എന്ന നോവലില്‍ ഇപ്രകാരം പ്രതിപാദിച്ചിട്ടുണ്ട്...
പ്രൊഫസര്‍ ഭക്ഷണത്തിനു മുമ്പ് നന്ദി സൂചകമായ ഗ്രേസ് ചൊല്ലിക്കൊണ്ട് പറഞ്ഞു...''എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലെ അവസാന വ്യാഴാഴ്ച. ഈ വിഭവങ്ങളെല്ലാം ആദ്യത്തെ പതിമൂന്ന് കോളനികളെ പ്രതിനിധീകരിക്കുന്നു. ഇതാ നോക്കൂ ടര്‍ക്കി മീറ്റ്, ഡ്രസിംഗ് കോണ്‍ ബ്രഡ്, യാം, ക്രാന്‍ബറി സോസ്, ഓയ്സ്റ്റര്‍ സ്റ്റ്യൂ, പിന്നെ പിക്കാന്‍ പൈ ഡിസേര്‍ട്ടിനും...'' ഇത് താങ്ക്സ് ഗിവിങ് ഡിന്നറിന്റെ മുഹൂര്‍ത്തമാണ്.
താങ്ക്സ് ഗിവിങ് ഡേയ്ക്ക് പിന്നാലെ, ഈ ഡിസംബര്‍ മാസവും ഉല്‍സവ ലഹരി നിറഞ്ഞതാണ്. വര്‍ണശബളമായ ലൈറ്റുകള്‍, സംഗീതസാന്ദ്രമായ അന്തരീക്ഷം, ക്രിസ്മസിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍...അങ്ങനെ എല്ലാം കൊണ്ടും നഗരവും നാട്ടുകാരും വല്ലാത്ത ത്രില്ലിലാണ്. പ്രത്യാശയുടെ പുതുവര്‍ഷവും വരവറിയിക്കുന്നു. മാനസികോല്ലാസം നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി നവംബര്‍ മാസ യോഗം ചേര്‍ന്നു.
സാഹിത്യത്തിലെ ആധുനികത, ഉത്തരാധുനികത എന്നിവയെക്കുറിച്ചായിരുന്നു ഓപ്പണ്‍ ഫോറം ചര്‍ച്ച. 1914-ന് മുമ്പുള്ള മൂന്നു പതിറ്റാണ്ടുകളില്‍ കല, വാസ്തുവിദ്യ, സംഗീതം, സാഹിത്യം എന്നിവയിലും പ്രായോഗിക കലകളിലും ഉണ്ടായ നവോത്ഥാന മുന്നേറ്റങ്ങളുടെ ശ്രേണിയാണ് 'മോഡേണിസം' അഥവാ ആധുനികത. ആധുനികതയില്‍ നിന്നും ഉരുത്തിരിഞ്ഞതോ, ആധുനികതയുടെ പിന്തുടര്‍ച്ചയോ, അല്ലെങ്കില്‍ ആധുനികതയോടുള്ള പ്രതികരണമായോ കരുതപ്പെടുന്ന, തത്ത്വചിന്ത, വാസ്തുവിദ്യ, കല, സാഹിത്യം, സംസ്‌കാരം, വിമര്‍ശന സിദ്ധാന്തം എന്നിവയിലെ വ്യാപകമായ വികാസങ്ങളെ ആണ് ഉത്തരാധുനികത അഥവാ 'പോസ്റ്റ്മോഡേണിസം' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.
ആശയങ്ങളിലെ കാര്‍ക്കശ്യമാണ് ആധുനികതയെ അടയാളപ്പെടുത്തുന്നതെങ്കില്‍ ഉത്തരാധുനികത ഉദാര സമീപനം പുലര്‍ത്തുന്നു. സങ്കീര്‍ണമായ ആശയങ്ങളെ പ്രകാശിപ്പിക്കാന്‍ ലളിതമായ ഭാഷയെയാണ് ഉത്തരാധുനിക എഴുത്തുകാര്‍ അവലംബിക്കുന്നത്. അതേസമയം ഉത്തരാധുനികതയില്‍ ആത്യന്തിക സത്യം വെളിപ്പെടുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ അഭിപ്രായപ്പെട്ടു. സാമാന്യ യുക്തിക്കപ്പുറം ഒരു തരത്തിലുമുള്ള അമാനുഷിക ശക്തിയുമില്ലെന്ന് അവര്‍ വാദിച്ചു.
തുടര്‍ന്ന് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന ഏകാധിപതികളുടെ ലോകത്തേയ്ക്ക് ചര്‍ച്ച നീണ്ടു. ലിബറല്‍ ഡെമോക്രസിയുടെ കാലം അവസാനിക്കുകയാണെന്നും അഡോള്‍ഫ് ഹിറ്റ്ലര്‍, ജോസഫ് സ്റ്റാലിന്‍, ബെനിറ്റോ മുസ്സോളിനി, ഇദി അമീന്‍, സദ്ദാം ഹുസൈന്‍, കിം ജോങ് ഉന്‍ എന്നിവരെപ്പോലെ ലോകം പതുക്കെ ഏതാനും ഏകാധിപതികളുടെ കൈകളിലെത്തുകയാണെന്നും അഭിപ്രായമുയര്‍ന്നു. അതേസമയം ഇവിടെ മതത്തിന് സുപ്രധാനമായ റോളും ഉണ്ട്.
അടുത്ത വര്‍ഷം മുതല്‍ കേരള റൈറ്റേഴ്സ് ഫേറത്തിന്റെ മീറ്റങ് ശൈലി മാറ്റണമെന്നുള്ള അംഗങ്ങളുടെ ആവശ്യത്തെ മാനിച്ച് മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു എന്നിവരെ പുതിയ സംവിധാനം രൂപീകരിക്കാന്‍ ചുമതലപ്പെടുത്തി. എറണാകുളം പ്രസ്‌ക്ലബില്‍ വച്ച് എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ കേരള റൈറ്റേഴ്സ് ഫോറം അവാര്‍ഡ് നല്‍കി ആദരിച്ചതിനെ യോഗം അഭിനന്ദിച്ചു. വിവിധ സബ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.
കേരള റൈറ്റേഴ്സ് ഫോറത്തിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ മീറ്റിങ് ജനുവരി ആദ്യവാരം ചേരുമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി മോട്ടി മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു.