Image

രണ്ടാം വരവില്‍ പുഷ്പ വേറെ ലെവല്‍- 'പുഷ്പ 2 ദ് റൂള്‍' റിവ്യൂ

Published on 07 December, 2024
രണ്ടാം വരവില്‍ പുഷ്പ വേറെ ലെവല്‍- 'പുഷ്പ 2 ദ് റൂള്‍' റിവ്യൂ

പ്രകടനത്തിന്റെ മാസ്മരികത കൊണ്ട് തിയേറ്ററില്‍ 'വൈല്‍ഡ് ഫയര്‍' സൃഷ്ടിക്കുന്ന 'പുഷ്പരാജിന്റെമിന്നല്‍ തേരോട്ടത്തിന്റെ കഥ പറയുന്ന 'പുഷ്പ 2 ദ് റൂള്‍' പ്രേക്ഷകര്‍ പ്രതീക്ഷിച്ചതു പോലെ ആദ്യന്തം മേഘഗര്‍ജ്ജനങ്ങള്‍ക്കും ആഘോഷപ്പെരുമയുടെയും കഥ പറയുന്ന ചിത്രമാണ്. ചിറ്റൂര്‍ ജില്ലയിലെ ചക്രവര്‍ത്തിയെ പോലെ കഴിയുന്ന പുഷ്പരാജിന്റെ വീരേതിഹാസങ്ങളും അതിലെ ഹീറോയിക് സഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. പാന്‍ ഇന്‍ഡ്യന്‍ ചിത്രമെന്ന നിലയ്ക്ക് ആരാധകരായ പ്രേക്ഷകര്‍ക്ക് ആവശ്യം പോലെ അര്‍മാദിക്കാന്‍ അവസരം നല്‍കിയാണ് സുകുമാര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

കഥ തുടങ്ങുന്നത് അങ്ങ് ജപ്പാനിലാണ്. പക്ഷേ പെട്ടെന്ന് തന്നെ കഥയുടെ വിമാനം ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലേക്ക് ലാന്‍ഡ് ചെയ്യുകയാണ്. അവിടെ കിരീടം വയ്ക്കാത്ത രാജാവായ പുഷ്പരാജ് സിന്‍ഡിക്കേറ്റിന്റെ തലവനാണ്. കോടികള്‍ കൊണ്ട് പണിതുയര്‍ത്തിയ സാമ്രാജ്യത്തിനു മേല്‍ അനിഷേധ്യനായി അയാള്‍ അരങ്ങുവാഴുന്നു. ആജ്ഞാനുവര്‍ത്തികളായി നൂറു കണക്കിന് പേര്‍. ചന്ദന കള്ളക്കടത്തിലൂടെ വെട്ടിപ്പിടിച്ച ലക്ഷം കോടികളുടെ സാമ്രാജ്യം. ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ രാഷ്ട്രീയക്കാര്‍. അധികാരത്തിന്റെ ഉന്നതശ്രേണികളില്‍ ഉളളവരുമായി വരെ ഏറ്റവും അടുത്ത ബന്ധം. പുഷ്പരാജ് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് സാധിച്ചു കൊടുക്കാന്‍ നൂറു പേര്‍. പക്ഷേ അയാള്‍ക്ക് ആകെയൊരു തലവേദന ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന പോലീസ് ഉദ്യോഗസ്ഥനാണ്. പുഷ്പരാജിന്റെ അധോലോക സാമ്രാജ്യം തകര്‍ക്കുകയെന്ന ലക്ഷ്യവുമായി നിലകൊള്ളുന്ന ഷെഖാവത്തിനെ എങ്ങനെയെങ്കിലും തറ പറ്റിക്കുക അതാണ് പുഷ്പരാജിന്റെ ലക്ഷ്യം. ഒരിക്കല്‍ പുഷ്പയുടെ കൂട്ടാളികളെ ഷെഖാവത്ത് പിടികൂടുന്നു. എന്നാല്‍ ആ പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും അവരുടെ ശമ്പളവും പെന്‍ഷനുമടക്കം വിലയ്ക്ക് വാങ്ങിയാണ് പുഷ്പരാജ് ഷെഖാവത്തിനോട് പ്രതികാരം ചെയ്യുന്നത്.

പുഷ്പരാജും ഷെഖാവത്തും കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെയാണ് പുഷ്പയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന ഒരു സംഭവം അരങ്ങേറുന്നത്. ഭാര്യ ശ്രീവള്ളിയുടെ ഏറ്റവും വലിയആഗ്രഹമായിരുന്നു തന്റെ ഭര്‍ത്താവ് പുഷ്പ പ്രശസ്തനായ ഒരാള്‍ക്കൊപ്പം നിന്നു ഫോട്ടോഎടുക്കണം എന്നത്. ഭാര്യയുടെ ആഗ്രഹം സാധിക്കാന്‍ ഇറങ്ങുന്ന പുഷ്പരാജ് എത്തിപ്പെടുന്നത് അപ്രതീക്ഷിതമായ ഒരു തലത്തിലും. ഇവിടുന്നങ്ങോട്ട് കഥ മാറി മറിയുകയാണ്.

പ്രേക്ഷകരെ ആവേശക്കൊടുമുടിയിലാഴ്ത്തുന്ന രീതിയിലാണ് കഥയിലെ ഓരോ സീനും. കാട്ടുതീ പടരുന്നതുപോലെയുള്ള അല്ലു അര്‍ജ്ജുന്റെയും ഷെഖാവത്തായി അരങ്ങു തകര്‍ക്കുന്ന ഫഹദ് ഫാലിസിന്റെയും പ്രകടനം. തിയേറ്ററിനെ പ്രകമ്പനം കൊളളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍. ഇടയ്ക്ക് കുടുംബവും സ്‌നേഹബന്ധങ്ങളുടെ ഇഴയടുപ്പവുമൊക്കെയായി അല്‍പ്പം സെന്റിമെന്റ്‌സും. മാസ്സ് പടങ്ങള്‍ക്ക് എക്കാലത്തെയും മികച്ച ദൃശ്യാവിഷ്‌ക്കാരമാണ് സുകുമാര്‍ ഒരുക്കിയത് എന്നു പറയാം.

പാന്‍ ഇന്ഡ്യയന്‍ താരമായ അല്ലു അര്‍ജ്ജുന്റെ മരണ മാസ്സ് പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം ഫഹദിന്റെ ഷെഖാവത്തും കൂടി കളം നിറയുമ്പോള്‍ ചിത്രം വേറെ ലെവലാകുന്നു. ഫഹദിനൊപ്പം പോലീസ് സ്റ്റേഷനിലെ രംഗങ്ങളിലും ആക്ഷന്‍ സീനുകളിലും ശ്രീലീലയ്‌ക്കൊപ്പമുള്ള ഐറ്റം ഡാന്‍ഡ് രംഗത്തിലും റശ്മിക മന്ദാനയ്‌ക്കൊപ്പവും ഉജ്ജ്വലമായ രീതിയില്‍ പകര്‍ന്നാടാന്‍ അല്ലു അര്‍ജ്ജുന് സാധിച്ചിട്ടുണ്ട്. ഫഹദിന് ഷെഖാവത്തായി അഴിഞ്ഞാടാന്‍ യഥേഷ്ടം സ്‌പേസ് കൊടുത്തിട്ടുമുണ്ട്. രശ്മികയ്ക്ക് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടെങ്കിലും നായകന്റെ സ്വാഗില്‍ അലിഞ്ഞ് ഇല്ലാതാകുന്ന തരം പ്രകടനം കൊണ്ട് പലയിടത്തും അല്‍പം ബോറായില്ലേ എന്ന് സംശയിച്ചേക്കാം.

പുഷ്പയുടെ ഉറ്റസുഹൃത്തായി എത്തുന്ന ജഗദീപ് പ്രതാപ്., ഭൂമി റെഡ്ഢിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച റാവു രമേഷ്, സുനില്‍, ജഗപതി ബാബു, അനസൂയ ഭരദ്വാജ്, ആദിത്യ മേനോന്‍, താരക്, അജയ് പൊന്നപ്പ, അനിമല്‍ ഫെയിം സൗരഭ് സച്ച്‌ദേവ, ആടുകളം നരേന്‍, ബ്രഹ്‌മജി നരേന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മിറോലാ കുബേ ബ്രോസേക്കിന്റെ ഛായാഗ്രഹണം, ദേവിശ്രീ പ്രസാദിന്റെ ഗാനങ്ങള്‍, റസൂല്‍ പൂക്കുട്ടി, എം.ആര്‍ രാജകൃഷ്ണന്‍ എന്നിവരുടെ സൗണ്ട് എഡിറ്റിങ്ങ്, നവീന്‍ നൂലിയുടെ എഡിറ്റിങ്ങ് എന്നിവ ചിത്രത്തിന് അസാധാരണമായ ഗാംഭീര്യവും ഭംഗിയും നല്‍കിയിട്ടുണ്ട്. മൂന്നാം ഭാഗം ഉണ്ടെന്ന സൂചന നല്‍കി അവസാനിക്കുന്ന ചിത്രം ഈ വര്‍ഷത്തെ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുന്ന മാസ് ചിത്രമായിരിക്കും എന്നതില്‍ സംശയമില്ല. ആരവങ്ങളില്‍ പങ്കു ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പുഷ്പ 2 ഒരു ഗംഭീര ദൃശ്യവിരുന്നായിരിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക