Image

സ്മരണാഞ്ജലി.... തോപ്പിൽ ഭാസി(1924-1992) : പ്രസാദ് എണ്ണയ്ക്കാട്

Published on 08 December, 2024
സ്മരണാഞ്ജലി.... തോപ്പിൽ ഭാസി(1924-1992) : പ്രസാദ് എണ്ണയ്ക്കാട്

മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്ന തോപ്പിൽ ഭാസി കാലയവനികകുള്ളിൽ മറഞ്ഞിട്ട് ഇന്ന് മുപ്പത്തിരണ്ട് വർഷം. യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌.ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.

പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി. പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ശൂരനാട് കലാപത്തിന്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബർ 8-ന് 68-ആം വയസ്സിൽ അന്തരിച്ചു.
1924 ഏപ്രിൽ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന കൊച്ചു ഗ്രാമത്തിലാണ്‌ തോപ്പിൽ ഭാസി ജനിച്ചത്. അച്ഛൻ പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടി അമ്മ. വള്ളിക്കുന്നം എസ്.എൻ.ഡി.പി.സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ചങ്ങൻകുളങ്ങര സംസ്കൃതസ്കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ആയുർവേദകോളെജിൽ നിന്നു വൈദ്യകലാനിധി പാസ്സായി. ആയുർവേദ കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ വിദ്യാർത്ഥികോൺഗ്രസ്സിൽ അംഗമായിരുന്നു. അന്ന് ഭാസിയുടെ നേതൃത്വത്തിൽ നടന്ന ഒരു വിദ്യാർത്ഥിസമരത്തിലൂടെ വിദ്യാർത്ഥികളുന്നയിച്ച ന്യായമായി ലഭിക്കേണ്ട പല ആവശ്യങ്ങളും അധികൃതരേക്കൊണ്ട് അംഗീകരിപ്പിക്കാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.

പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ കോൺഗ്രസ്സിൽ അംഗമായി ചേർന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായതോടൊപ്പം തന്നെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഭാസി ജയിലിലായിരുന്നു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സുമായി അകന്നു. 1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് നേതാക്കളായ ശങ്കരനാരായണൻ തമ്പിയും, പുതുപ്പള്ളി രാഘവനും കൂടിയാണ് ഭാസിയെ ഒരു കമ്മ്യൂണിസ്റ്റാക്കിയതെന്നു പറയപ്പെടുന്നു. എന്നിട്ടും കേസിൽ ഭാസി പ്രതിയായിരുന്നു. പോലീസിന്റെ കയ്യിൽപ്പെടാതിരിക്കാൻ മറ്റു നേതാക്കൾക്കൊപ്പം ഒളിവിൽ പോയി. ഭാസിയെ പിടിച്ചുകൊടുക്കുന്നവർക്ക് ആയിരം രൂപ ഇനാം പ്രഖ്യാപിച്ചു. 1952 ൽ എണ്ണക്കാട് എന്ന സ്ഥലത്തു വെച്ച് പോലീസ് അറസ്റ്റു ചെയ്തു. എന്നാൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. 1957 ലെ പൊതു തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും വിജയിച്ച് ഒന്നാം കേരള നിയമസഭയിൽ അംഗമായി.

ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത് .കെ.പി.എ.സി. എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപകപ്രവർത്തകരിലൊരാൾ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഏതാണ്ട് 10000 ഓളം സ്റ്റേജുകളിൽ കളിച്ചു എന്നു കരുതപ്പെടുന്നു.കെ.പി.എ.സിയുടെ ആഭിമുഖ്യത്തിൽ 1952 ഡിസംബർ 6 ന്‌ കൊല്ലം ജില്ലയിലെ ചവറയിലാണ്‌ ഈ നാടകം ആദ്യമായി അരങ്ങേറിയത്. കേരള നാടകരംഗത്ത് ഒരു വൻ ചുവടുവെപ്പ് നടത്താൻ കെ.പി.എ.സിയെ ഈ നാടകം സഹായിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച ഭാസി ഒരു ദശവർഷം ഒളിവിൽ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നാടകങ്ങൾ വഴി മികച്ച സംഭാവന നല്കിയിട്ടുണ്ട്. രണ്ടു തവണ കേരള നിയമസഭാംഗം. 1945-ൽ ആദ്യ നാടകം അരങ്ങേറി- മുന്നേറ്റം. ശൂദ്രകന്റെ മൃച്ഛകടികം പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ `അഭിജ്ഞാനശാകുന്തളം' ശകുന്തള എന്ന പേരിൽ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968-ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിനു ലഭിച്ചു. ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രമായി. ഏതാനും ചെറുകഥകളും ഒളിവിലെ ഓർമകൾ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന തോപ്പിൽ കൃഷ്ണപിള്ള സഹോദരനാണ്. ചലച്ചിത്രസംവിധായകൻ അജയൻ പുത്രനാണ്.

ഇരുനൂറിലേറെ ചലച്ചിത്രങ്ങൾക്ക് ഭാസി തിരക്കഥയെഴുതിയിട്ടുണ്ട്. പതിമൂന്ന് സിനിമകൾ സംവിധാനം ചെയ്തു. അരങ്ങത്ത് വിജയിച്ച നാടകങ്ങൾ അദ്ദേഹം സിനിമയാക്കി സംവിധാനം ചെയ്തിട്ടുണ്ട്. മുൻ സ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ അനന്തരവൾ അമ്മിണി അമ്മയാണ് സഹധർമ്മിണി. ചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായിരുന്ന അജയൻ മകനാണ്.മകൻ സോമൻ നാടകകൃത്തും നാടകസംവിധായകനുമാണ്. ഇവരെ കൂടാതെ രാജൻ, സുരേഷ്, മാല എന്നീ മക്കളും ഭാസി അമ്മിണി അമ്മ ദമ്പതികൾക്കുണ്ട്.
തോപ്പിൽ ഭാസി ഫൗണ്ടേഷൻ സാഹിത്യ-ചലച്ചിത്ര-രഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് എല്ലാവർഷവും 'തോപ്പിൽ ഭാസി അവാർഡ്' നൽകി വരുന്നു.
ഭാസിച്ചേട്ടൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക