'ഒരു ദിനം കൂടി'. ഉറക്കം ഉണർന്നപ്പോൾ വൃദ്ധൻ ഓർത്തു. മങ്ങിയ കാഴ്ചകൾ. കണ്ണട വച്ചപ്പോൾ കുറച്ചു തെളിഞ്ഞു കിട്ടി.
കൈയിൽ വർഷങ്ങളായി ഉപയോഗിക്കുന്ന ഷേവിങ്ങ് റേസറുമായി നിറം മങ്ങിയ വാഷ്ബേസിനു മുന്നിൽ വൃദ്ധൻ നിന്നു.. അതിൻ്റെ പിടിയിൽ അയാൾ വിരലുകൾ ഓടിച്ചു കണ്ണാടിയിൽ പ്രതിബിംബം കണ്ടു നിന്നു.
ഷേവ് ചെയ്തു കഴിഞ്ഞു അയാൾ ഫ്ലാറ്റിനുള്ളിൽ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്കു നടക്കും. മൂക സാക്ഷികളായി ഫർണീച്ചറുകൾ നിൽക്കും. പ്രഭാത നടത്തം ഒഴിവാക്കിയിട്ടു നാളുകൾ ഏറെയായി. വാഹനങ്ങൾ വന്നിടിക്കുമോ എന്നൊരു ഭയം.
ഓർക്കാൻ നല്ലതൊന്നും ഉണ്ടായിരുന്നില്ല ആ മനുഷ്യന് ഈ വാർദ്ധക്യത്തിൽ. മരിച്ചു പോയ ഭാര്യയുടെ ഓർമ്മകൾ. ആത്മഹത്യ ചെയ്ത മകൻ്റെ ഓർമ്മകൾ. മകൻ്റെ മരണശേഷം ഒരു വാക്ക് പോലും സംസാരിക്കാതെ തൻ്റെ കൂടെ നീണ്ട പതിനഞ്ചു വർഷം ജീവിച്ച ധർമ്മപത്നി.
ഓരോ മാറ്റങ്ങളും അയാൾക്കു വേദനാജനകമായിരുന്നു. പൊരുത്തപ്പെടുവാൻ ഏറെ സമയം വേണ്ടിവന്നു.
കുളിമുറിയിൽ ചെന്നു പൈപ്പ് തുറന്നു ഒഴിഞ്ഞ നീല ബക്കറ്റിലേക്കു വൃദ്ധൻ വെള്ളം നിറച്ചു തുടങ്ങി. പൈജാമയും അണ്ടർവെയറും ബനിയനും സാവധാനം അഴിച്ചു മറ്റൊരു ബക്കറ്റിലേക്കു ഇട്ടു. മഗ്ഗിലേക്കു പകർന്ന വെള്ളം അയാൾ ശരീരത്തിലേക്കു ഒഴിച്ചു. ‘തണുപ്പ് സഹിക്കാൻ വയ്യാതായിരിക്കുന്നു’. അയാൾ ഓർത്തു.
കുളി കഴിഞ്ഞു വസ്ത്രങ്ങൾ മാറി അയാൾ അടുക്കളയിലേക്കു കടന്നു. ഒരു കാപ്പി ഉണ്ടാകാൻ അയാൾക്കു അധികനേരം വേണ്ടിവന്നു. കപ്പും സ്പൂണും കയ്യിലിരുന്ന വിറച്ചു. ചുണ്ടോടപ്പിച്ച കപ്പിൽ നിന്നും കാപ്പി തുളുമ്പി വസ്ത്രങ്ങളിലേക്കു വീഴാതിരിക്കാൻ അയാൾ നന്നേ കഷ്ടപ്പെട്ടു.
അയാൾ ടി വി ഓൺ ചെയ്തു. അപ്പോഴുംഅയാളുടെ നോട്ടം വാതിലിലേക്കായിരുന്നു. ആരെയോ പ്രതീക്ഷിക്കുന്ന പോലെ അയാളുടെ ശരീരം വെമ്പി. ക്ലോക്കിൽ സമയം എട്ടു മണി കഴിഞ്ഞു. ഒരു വൃദ്ധനാണെന്നു അയാൾ മറന്നു പോവുന്നു. അവൾ ഇന്നും താമസിച്ചു. കാളിങ് ബെൽ ചിലയ്ക്കാനായി അയാൾ അസ്വസ്ഥതയോടെ കാത്തിരുന്നു. അയാൾ ടിവിയുടെ ശബ്ദം നേർപ്പിച്ചു. ക്ലോക്കിലെ ടിക്.. ടിക് ശബ്ദം മുറിയിൽ ഉയർന്നു നിന്നു.
എന്താണ് അവൾ താമസിക്കുന്നത്. ഇത് ഇപ്പോൾ പതിവായിരിക്കുകയാണ്. അയാൾ കസേരയിൽ നിവർന്നിരുന്നു. മനസ് ശാന്തമാക്കാൻ ശ്രമിച്ചു. കണ്ണട മൂക്കിൻ്റെ പാലത്തിൽ താഴേക്കു തെന്നി. തുറന്നു കിടന്ന ജനലിലൂടെ കാറ്റടിച്ചു മുറിയിൽ പൊടി ഉയർന്നു അത് കസേരയിലും ടിവിയിലും മേശയിലും ചെന്നിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
കാളിങ് ബെൽ അടിച്ചു. അയാൾ മെല്ലെ എഴുനേറ്റു നടന്നുചെന്നു കതക് തുറന്നു. അവൾ ഒരു കൂസലുമില്ലാതെ വീടിനുള്ളിലേക്ക് കയറി. കതകിനു പുറത്തു നിന്നെടുത്ത പത്രം അയാളുടെ കൈയിൽ വച്ചു കൊടുത്തു.
അവൾ ഉള്ളിലേക്ക് നടന്ന് നീങ്ങിയപ്പോൾ അവളുടെ വടിവുകളിൽ അയാളുടെ കണ്ണുകൾ ഉടക്കി നിന്നു.
"നീ എന്താ വൈകിയത്”, അയാൾ ഈർഷ്യയോടെ ചോദിച്ചു.
"ഓ.. വല്യപ്പൻ എന്നെ കാത്തു നിൽപ്പായിരുന്നോ... അയ്യോ.. പാവം ", അയാളെ കളിയാക്കികൊണ്ട് അവൾ അടുക്കളയിലേക്കു കയറി.
അടുക്കളയിൽ നിന്നും അവൾ ദേഷ്യം നടിച്ചു ചോദിച്ചു "ഉം.. എന്താ ഇച്ചിരെ താമസിച്ചാല് ആകാശം ഇടിഞ്ഞു വീഴുവോ".
"നാളെമുതൽ കൃത്യസമയത്തു വരണം. സമയം കണ്ടില്ലേ. എട്ടര കഴിഞ്ഞു", അയാൾ ശാന്തമായി പറഞ്ഞു.
"ചേലപ്പോം.. ഇച്ചിരെ താമസിച്ചെന്നൊക്കെ വരും. രാവിലെ ഒരുപാട് പണിയുണ്ട് വല്യപ്പാ .. ", അവളുടെ സംസാരത്തിൽ ഒരു തളർച്ച ഉണ്ടായിരുന്നു.
"വേണേൽ വല്യപ്പൻ വേറെ ആളെ വെക്ക്.. അല്ലേല് എനിക്കൊരു വാച്ച് വാങ്ങി താ", പരിഭവം നടിച്ചു അവൾ ചിറികോട്ടി പറഞ്ഞു.
അവൾ മുറിയിൽ വന്നു പൊടി തുടച്ചു തുടങ്ങി. അയാൾ ടി വി ഓഫ് ചെയ്തു കസേരയിൽ ഇരുന്നു പത്രം തുറന്നു. വീടിനുള്ളിൽ ഒരു സ്ത്രീയുടെ സാന്നിധ്യസുഖം അയാൾ അനുഭവിച്ചു.
മൗനം ഭേദിച്ച് അയാൾ പറഞ്ഞു "ശരി നിനക്കൊരു വാച്ച് ഞാൻ വാങ്ങിച്ചു തരാം "
"ങേ.." അവളൊന്നു അമ്പരന്നു. അയാളെ ഓർത്തു ഒരു നിമിഷം അവൾക്ക് സങ്കടം തോന്നി.
"പിന്നെ എനിക്ക് സ്വർണ്ണ വള പോലത്തെ വാച്ച് വേണം കേട്ടോ. സ്വർണ്ണ നിറം തന്നെ വേണം", അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
ഒരു മൂളിപ്പാട്ടും മൂളികൊണ്ട് അവൾ കുളിമുറിയിലേക്ക് പോയി. അയാൾ കുത്തി കുത്തി ചുമയ്ക്കുന്നത് അവൾക്ക് കുളിമുറിയിൽ നിന്ന് കേൾക്കാമായിരുന്നു. അവൾ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകാൻ തുടങ്ങി.
"വല്യപ്പാ... കൊച്ചു കുഞ്ഞുങ്ങളെകാളും കഷ്ടമാണല്ലോ... ഈ മൂത്രത്തുണി കഴുകാനൊന്നും കല്യാണിയെ കിട്ടില്ല കേട്ടോ ". കുളിമുറിയിൽ നിന്നും അവൾ ഉറക്കെ പറഞ്ഞതു കേട്ട് അയാൾ ജാള്യതയോടെ ചിരിച്ചു.
"ഉം.. ഇങ്ങനൊരു വല്യപ്പൻ... കൊച്ചു കുഞ്ഞല്ലേ " അവൾ കളിയാക്കി പാഞ്ഞു.
വസ്ത്രങ്ങൾ ഉണക്കാൻ ബാല്കണിയിൽ അഴയിൽ വിരിച്ചിട്ടു കഴിഞ്ഞിട്ട് അവൾ മുറിയുടെ തറ നനഞ്ഞ തുണി കൊണ്ട് തുടച്ചു വൃത്തിയാക്കാൻ തറയിൽ കുത്തിയിരുന്നു അവൾ തുടച്ചു നീങ്ങി.
ആദ്യമഴ നനച്ച മണ്ണിൻ്റെ ഗന്ധമായിരുന്നു അവൾക്. അവളുടെവടിവുകളും തിരിവുകളും ഉയർത്തുന്ന മൃദുശബ്ദങ്ങൾക്ക് അയാൾ കാതോർത്തു. അവളുടെ വിയർപ്പിൻ്റെ ഗന്ധം അയാൾ ശ്വസിച്ചു.
മുറി തുടച്ചു കഴിഞ്ഞ അവൾ പാത്രങ്ങൾ കഴുകാൻ അടുക്കളയിലേക്കു പോയി. അവൾ പോയ വഴിയേ അയാൾ കഴുത്തു തിരിച്ചു നോക്കി. പിന്നെ മെല്ലെ അയാളുടെ തല നെഞ്ചിലേക്ക് ചാഞ്ഞു. കസേരയിൽ ഇരുന്നു അയാൾ ഉറങ്ങി പോയി.
കുലുക്കത്തിൽ അയാൾ ഞെട്ടി ഉണർന്നു. "അകത്തു പോയി കിടന്നു കൂടെ വല്യപ്പ " ദാക്ഷിണ്യമില്ലാതെ അവൾ ചോദിച്ചു.
"നീ എന്തെങ്കിലും മോഷ്ടിക്കുന്നുണ്ടോന്നു നോക്കണ്ടേ", ഉറക്കം മുറിഞ്ഞ അയാൾ തമാശപോലെ പറഞ്ഞു. അവൾ ഗൗരവത്തിൽ നിന്നു.
"ഹും.. ഞാൻ പോവാ... നാളെ വരാം". ചൂണ്ടു വിരല് കൊണ്ട് അയാളുടെ കവിളിൽ അവൾ ഒരു കുത്തു കൊടുത്തു.
അവൾ പോയപ്പോൾ മരിച്ച ഒരു നിശബ്ദത വീടിനുള്ളിൽ നിറഞ്ഞു നിന്നു.
ഇടത്തൂർന്ന ഇരുട്ടിൽ പ്രകാശത്തിൻ്റെ ഒരു ചെറിയ നാളം കടന്നു വരുന്നപോലെയാണ് അവളുടെ സാന്നിധ്യവും സംസാരവും. വിരസത നിറഞ്ഞ അയാളുടെ ദിവസങ്ങളിലെ ചെറിയ ഒരാശ്വാസമായിരുന്നു അവൾ .. കല്യാണി.
അവൾ വരുമ്പോൾ താനൊരു വൃദ്ധനാന്നെന്നു അയാൾ മറന്നുപോകും. അവൾക്ക് ഭർത്താവും കുട്ടികളും ഉണ്ടെന്ന് അയാൾ മനപ്പൂർവം ഓർക്കാതിരിക്കും.
മനസ്സിൻ്റെ കള്ളത്തരങ്ങൾ ഓർത്തപ്പോൾ അയാൾക്ക് ലജ്ജ തോന്നി.
അയാൾ പത്രത്തിൽ നിര്യാതരായവരുടെ താളുകൾ നോക്കി. ഒന്ന്... രണ്ട്.. മൂന്ന്...ഓരോരോരുത്തരുടേയും വയസ്സ് അയാൾ ശ്രദ്ധിച്ചു. നാൽപതു പേർ. അതിൽ ഇരുപത്തിമൂന്നു പേരും അയാളേക്കാൾ വയസുള്ളവരായിരുന്നു.
ക്ലോക്കിൽ അഞ്ചുമണി അടിച്ചപ്പോൾ ഫ്ലാറ്റ് പൂട്ടി അയാൾ ഇറങ്ങി. ടൗണിൽ പോയി അയാൾ ഒരു സ്വർണ്ണ നിറമുള്ള വാച്ച് വാങ്ങി.
മഴ പെയ്തു തുടങ്ങിയിരുന്നു.
രാത്രിയിൽ അവൾ ഉണ്ടാക്കി വെച്ചിരുന്ന ചപ്പാത്തിയും കറിയും അയാൾ മൈക്രോവേവിൽ വച്ച് ചൂടാക്കി കഴിച്ചു. പതിവുപോലെ ഒൻപതു മണിക്ക് അയാൾ ഉറങ്ങാൻ കിടന്നു.
രാത്രി മുഴുവൻ മഴ ശക്തിയായ് പെയ്തുകൊണ്ടിരുന്നു.
പിറ്റേന്നും മഴ പെയ്തുകൊണ്ടിരുന്നു. എല്ലാ ടി വി ചാനലുകളും മഴക്കെടുതിയെ കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു.
ഈ മഴയത്തു കല്യാണിക്കു വരാൻ സാധിക്കുകയില്ലല്ലോ. അവൾക് കൊടുക്കാൻ വാങ്ങിയ വാച്ച് കൈയിൽ പിടിച്ചുകൊണ്ട് അയാൾ ഓർത്തു.
കാളിങ് ബെൽ ചിലച്ചപ്പോൾ അയാൾ പ്രതീക്ഷയോടെ കതകുതുറന്നു. കടയിൽ നിന്നും സാധനങ്ങളുമായി വന്ന പയ്യനായിരുന്നു. മഴ മൂലം കടകളെലാം അടയ്ക്കുകയാണ്. റോഡിലെല്ലാം വെള്ളം കയറി.
മഴ തുടർന്നു. പ്രളയത്തിൽ നാട് മുങ്ങി. ദുരന്തത്തിൻ്റെ ദൃശ്യങ്ങൾ ടി വി യിൽ തുടർച്ചയായി കാണിച്ചുകൊണ്ടിരുന്നു. ദുരിതാശ്വാസ പ്രവർത്ത ക്യാമ്പുകൾ തുറന്നു. പട്ടാളം വന്നു. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇങ്ങനെ ഒരു ദുരന്തം തൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ലല്ലോ എന്ന് അയാൾ ഓർത്തു.
രാത്രി. അപ്പോഴും മഴ നിന്നിരുന്നില്ല. വൃദ്ധൻ ഉറങ്ങാതെ കിടന്നു. ഇരുട്ടിൽ അയാൾ ഒന്നും വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. എങ്കിലും അയാൾ അറിയുന്നുണ്ടായിരുന്നു മഴയുടെ സംഹാരതാണ്ഡവം. ഒരു നിമിഷം ജനാലച്ചില്ലുകൾക്കപ്പുറം ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഇലകൾ പൊഴിഞ്ഞ വൃക്ഷശിഖിരങ്ങൾ പോലെ മിന്നൽ പിണറുകൾ ശാഖകളായി ചീറിപ്പായുന്നത് കണ്ടു.
ഏഴു ദിവസങ്ങൾ കഴിഞ്ഞു മഴ ശമിച്ചു. വെള്ളം ഇറങ്ങി തുടങ്ങി. കല്യാണി ഇതുവരെ വന്നില്ല. അയാൾക്കു നെഞ്ചിൽ വേദന തോന്നി തുടങ്ങി. കാളിങ് ബെൽ ചിലച്ചു. പ്രതീക്ഷയോടെ അയാൾ വാതിൽ തുറന്നു. അല്ല. അത് അവളായിരുന്നില്ല. മറ്റൊരു സ്ത്രീ. ചില ദിവസങ്ങളിൽ കല്യാണിയുടെ കൂടെ ആ സ്ത്രീ ഇവിടെ വന്നിട്ടുണ്ട്. അയാൾ ഓർത്തു. അവരുടെ കണ്ണുകൾ ചുവന്നു കലങ്ങി നീര് വച്ചിരുന്നു.
"കല്യാണി എവിടെ " അയാൾ ആകാംഷയോടെ ചോദിച്ചു.
"പോയി... എല്ലാം പോയി... വെള്ളത്തിൽ എല്ലാം ഒലിച്ചു പോയി... വീടും പിള്ളേരും കല്യാണിയും..." അവർ വിതുമ്പി കരഞ്ഞു കൊണ്ട് പറഞ്ഞു
അയാൾക്കു ശ്വാസം മുട്ടി. നെഞ്ചിലെ വേദന സഹിക്കാൻ അയാൾ ബുദ്ധിമുട്ടി.
"ഞാൻ വീട് നോക്കണോ വല്യപ്പാ" ആ സ്ത്രീ ചോദിച്ചു.
"വേണ്ട... പോയിക്കൊള്ളൂ", അയാൾ കതകടച്ചു കുറ്റിയിട്ടു.