സമയസൂചിക പിന്നെയും ചലിക്കുന്നു. എന്തൊക്കെയോ ഓർമ്മപ്പെടുത്തുന്നഭൂമിയുടെ ഹൃദയമിടിപ്പ് പോലെ . ഒരുപാട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഈ നാട്ടിലേക്ക് എത്തുന്നത് . സമയസഞ്ചാരത്തിനൊപ്പം യാത്ര ചെയ്യുന്നവർ ചില പ്രത്യേക തരംഗത്തിൽപ്പെടുമ്പോൾ ഭൂതകാലസ്മരണകൾ ഉണരും. അവിടെയെത്തുമ്പോൾ ചില ഓർമ്മകൾ പിൻവിളി നടത്തും. പിന്നെ ആ തടവിൽ ഭൂതവും ഭാവിയും വർത്തമാനത്തിലിരുന്നു കൊണ്ട് നോക്കിക്കണ്ട് നെടുവീർപ്പിടും. അല്ലങ്കിലും നിഴലില്ലാത്തവർക്കെന്ത് വർത്തമാനം?
സഞ്ചാരികളായി സംവത്സരങ്ങളായി കാലദേശങ്ങൾ താണ്ടി അവർ - പഞ്ചമിയും വരരുചിയും വീണ്ടുമിവിടെ എത്തിയിരിക്കുന്നു... യാത്രയിലായിരുന്നു . നീണ്ട യാത്ര. സത്യത്തിന് പിറകെയുള്ള അന്വേഷണം . ഒളിഞ്ഞും തെളിഞ്ഞും കല്ലും മുള്ളും കാടും മലയും മരുഭൂമിയും ചവിട്ടി നടന്നു. രാവും പകലും എല്ലാമലഞ്ഞു. മഴയുംമഞ്ഞും വരൾച്ചയും എല്ലാം കണ്ടു . പട്ടിണിയും രോഗങ്ങളും അലച്ചിലിന്റെ ഭാഗമായി . വിശപ്പും ദാഹവും ഒന്നുമറിഞ്ഞില്ല. സന്തോഷ നിമിഷങ്ങൾക്കും
പീഡനങ്ങൾക്കും സാക്ഷികളായി കണ്ണും കാതുമടച്ചു നിന്നു. എല്ലായിടത്തും രണ്ട് വശങ്ങൾ കണ്ടു. കൊലപാതകങ്ങളും യുദ്ധങ്ങളും തുടങ്ങി എന്തെല്ലാം മരണമുഖങ്ങൾ . അവിടെയും രണ്ട് മുഖം.
ഇരട്ട മുഖമുള്ള ദൈവത്തേയാണോ സത്യത്തെയാണോ ആദ്യം വിളിക്കേണ്ടത് എന്ന് സന്ദേഹിച്ചു.
തകർന്നുപോയ പ്രതീക്ഷകൾ മുള്ളകളായി പരിണമിച്ച് കാലുകളേ കുത്തിക്കീറുന്നു. ഓരോ ചുവട്ടിലും ആ തേങ്ങലിൻ്റെ നീറ്റൽ കുത്തുന്നു. പൈതൃകങ്ങൾ വൻ പാറരൂപികളായി മണ്ണിലുറച്ചു നിന്ന് വെല്ലു വിളിക്കുന്നു..."എവിടെയാണ് ആ ഭ്രാന്തൻ ? കല്ലുരുട്ടി മലചവിട്ടിയോൻ !" മൺമറഞ്ഞുപോയ നീരൊഴുക്കുകളുടെ കല്ലറകളിൽ കുശപ്പുല്ല് കൂർത്തു നിന്നു...
യുഗങ്ങളിലൂടെ മറഞ്ഞുപോയ എണ്ണമറ്റ തലമുറകളെല്ലാം തങ്ങൾക്ക് ചുറ്റും നിന്ന് സംസാരിക്കുന്നതായി പാതിരാവിലും അവർക്ക് തോന്നും . പരാതികളുടെ പട്ടിക! നിസ്സഹായ ജന്മങ്ങൾ ! അപ്പോഴും കാലനേമി പക്ഷികളുടെ കളിയാക്കലുകളാണ് വരരുചിയുടെ ചെവിയിൽ വീഴുന്നത്. ശിരസ്സിൽ പതിക്കാനിരിക്കുന്ന വിധിയുടെ കൊടും പീഡ സർവ്വജ്ഞനായ വിപ്രൻ അറിഞ്ഞില്ലന്നോ ? ഓർമ്മയുടെ ഓളങ്ങളും അറിവിൻറെ വിശാലമായ അതിർത്തിയും തേടിയുള്ള ഈ സഞ്ചാര ലക്ഷ്യം പ്രായശ്ചിത്ത വഴി കൂടിയാണ് .
അതുകൊണ്ടാണ് കഷ്ടനഷ്ടങ്ങളുടെ കണക്കുട്ടലുകൾ ഒന്നും തന്നെ അറിവിന്റെ പിന്നാലെയുള്ള നടത്തത്തിൽ സ്മരണയിൽ വരരുത് എന്നാഗ്രഹിച്ചത്. ഒരിക്കലും അറിഞ്ഞതായി ഭാവിച്ചതുമില്ല . എന്നാൽ ചിന്തയുടെ കടന്നൽക്കൂടുകൾ ഇളകിയത് പഞ്ചമിയുടെ ശിരസ്സിലായിരുന്നല്ലോ.
അവസാന പുത്രനെയെങ്കിലും കൂടെ കൂട്ടണമെന്ന ആഗ്രഹം വളർന്നു വളർന്നു അവളുടെ നാവിനെയും ഭേദിച്ചു പുറത്തുചാടി. അവളിലെ അമ്മപണ്ടേ തന്നേ ഉരുകിയുറഞ്ഞു കാണണം..അല്ലെങ്കിലെങ്ങനെ മൂകയായി അനുസരിക്കും? അതോ പ്രതികാരമോ, പ്രതിഷേധമോ? വാക്കുകൾ അനുസരിക്കേണ്ട ഭാര്യയുടെ കടമയിൽ മത്സരത്തിന്റെ വക്കിലെത്തിയ ദന്ദ്വങ്ങൾ ! അമ്മയും ഭാര്യയും ! അത്രയും നാൾ പകർന്നു നൽകാൻ കഴിയാതെ നെഞ്ചിലമർത്തി പിടിച്ചു വച്ചിരുന്ന മാതൃത്വത്തിന്റെ മുഴുവൻ അമൃതും അവനിലൂടെ തനിക്ക് വീണ്ടെടുക്കണമെന്ന ആഗ്രഹത്തിൽ അവളിലെ മാതൃത്വം തന്നെ ജയിച്ചു .
പന്ത്രണ്ടാമന് വായും ചെവിയും ഇല്ലെന്ന് പറയേണ്ടി വന്നത് പഞ്ചമി ഇന്നലെ എന്നപോലെ ഓർക്കുന്നു. പന്ത്രണ്ടാമത്തെ കുഞ്ഞിൽ അക്ഷരാർത്ഥത്തിൽ തൻറെ വെറും വാക്കുകൾ ഫലിച്ചതറിയാതെയുള്ള അമ്മയുടെ ആകുലതകൾ പറഞ്ഞാൽ ആരറിയും? നെഞ്ചിലെ പിടപ്പ്... ഒരു നിമിഷം നിന്നനിൽപ്പിൽ വാക്കുകൾ ശിലയാക്കിയ കുഞ്ഞ് . പാപിയാേ, നിർഭാഗ്യ യോ നീ... പഞ്ചമി ?
എല്ലാമറിയുന്ന വരരുചി ഒരക്ഷരം ഉരിയാടിയില്ല ... സാന്ത്വനിപ്പിച്ചില്ല.. പേറ്റുനോവ് എത്രയോ നിസ്സാരം! വഴിയിലുപേക്ഷിച്ച പിഞ്ചു മുഖങ്ങൾ കണ്ണിലിപ്പോഴും... അടർന്നുവീണ കണ്ണീർ പുഴയിൽ കുളിപ്പിച്ച് ഇളം നെറ്റിയിൽ ചാർത്തിയ വാത്സല്യമുദ്ര! അത് അവർ സ്മരിക്കുന്നുണ്ടാവുമോ? പെറ്റമ്മയുടെ ദീർഘ വഴികൾ സമയകാലത്തിൽ മിടിച്ചു മുന്നോട്ട് വിളിക്കുന്നു.. മനസ്സ് പിറകോട്ടും.. ആ നിമിഷം ഭൂമി പിളർന്ന് കുഞ്ഞുമായി മറഞ്ഞെങ്കിൽ എന്ന് കൊതിച്ചു പോയി !
ഓർത്തു നിർത്തിയത് പന്ത്രണ്ടാമനിൽ.. അവനിലൂടെ തിരതള്ളിയ മാതൃസ്നേഹത്തിന്റെ മുലപ്പാൽ അരുവി പോലെ നെഞ്ചും പിളർന്ന താഴേക്ക് കുത്തിയൊഴുകുമ്പോൾ വായില്ലാത്ത കുഞ്ഞിന് മുലപ്പാൽ കൊണ്ട് അഭിഷേകം നടത്തി ഒരമ്മ കണ്ണുനീർ കൊണ്ട് തുടച്ചെടുത്തു . ഭാരം മാത്രമുള്ള വെറുമൊരു മാംസ പിണ്ഡമായി കൂടെചുമന്ന കുഞ്ഞിനെ മുലപ്പാൽ മണത്താേടെ തന്നെ കുന്നിൻനെറുകയിൽ പ്രതിഷ്ഠിച്ചു പോയ അച്ഛനാണ് വരരുചി . ഒരിക്കൽ പോലും പിന്തിരിഞ്ഞു നോക്കാൻ തന്നെയും അനുവദിച്ചില്ല . തന്നിലെ മാതൃത്വം അവിടെ തന്നെ നിന്നു പോയി... നിസ്സഹായനായ ഒരു വൻ നിലനിൽക്കണം... അവൻ വളർന്ന് ആശ്രയമാകണം . അതിനമ്മ വേണം...
ഓർമ്മകൾ വല്ലാതെ കുത്തി നോവിക്കുമ്പോൾ പഞ്ചമി ബ്രാഹ്മണനായ വരരുചിയെ സഹതാപത്തോടെയും വെറുപ്പോടെയും സ്നേഹത്തോടെയും നോക്കി നിൽക്കും . ഓർത്തെടുക്കാൻ പന്ത്രണ്ട് പിഞ്ചു മുഖങ്ങൾ അല്ലാതെ മറ്റൊന്നും തനിക്കില്ലല്ലോ എന്ന ഒരമ്മ വിലാപം ദേശങ്ങൾ കടന്ന് ഇന്നും ഉറക്കം കെടുത്തുന്നു .
പന്ത്രണ്ട് മക്കൾ അവരൊക്കെ ഓരോ ദേശത്തെയും ഓരോ കാലത്തെയും സ്വീകരിച്ച് വളർന്നതാണ് . ശാഖകൾ പിരിഞ്ഞുപിരിഞ്ഞ് അസ്ഥമാടങ്ങൾ ആളില്ലാതെ , വിളക്കില്ലാതെ ശത്രുക്കളെ പോലെ നിൽക്കുകയാണ് . അവർ പരസ്പരമറിയാതെ
തലമുറകൾ തമ്മിലടിച്ച് നിണം വാർന്ന് മരിക്കുന്നത് അധികാരത്തിനും മതത്തിനും സ്വത്തിനുമാണന്നറിയുമ്പോൾ നട്ടുച്ചിയിലെ പന്തം പൊള്ളിച്ച പാടിൻ്റെ വേദനയേക്കൾ അലർച്ചയും നോവും .
പറയച്ചാളയിലെ മാതാപിതാക്കളുടെ അസ്ഥിമാടത്തിൽ എന്നെന്നേക്കും കൈവിട്ടുപോയൊരു പെൺകുഞ്ഞിൻ്റെ അലറിക്കരച്ചിൽ അണയാതാലഞ്ഞു ...
മുനിഞ്ഞു കത്തുന്ന രണ്ടു ജോഡി കണ്ണുകളുടെ തിളക്കം എപ്പോഴും അബോധത്തിൽ എന്നപോലെ കാണുന്നത് അവരായിരുന്നു. ശ്രാദ്ധമുണ്ണാതെ അസ്ഥിമാടത്തിലെ ഓർമ്മ വിളക്കുകൾ ! ഓരോ പുഴകടക്കുമ്പോഴും പേടിച്ചു വിറച്ചു നിൽക്കുന്ന കറുത്ത നിഴലുകൾ അരുതേയെന്ന യാചനയിൽ ഇഴയുന്നുണ്ടന്ന് തോന്നും . പെണ്ണിൻ്റെ നെഞ്ചിലെ ഭാരങ്ങൾ ഒഴിയുന്നതേയില്ലല്ലോ...
പൊൻമകളേയെന്ന നിലവിളിയിൽ ദൈന്യതയുടെ നിഴലുകൾ.
പോറ്റമ്മയുമച്ഛനും പറഞ്ഞു കേട്ട കഥയിൽ മകളുടെ ഭാവി കൂടി ഗണിച്ചിരുന്നു... ഉച്ചിയിൽകല്ലിച്ച വടുവിൻ്റെ വേദന ജാത്യാടയാളത്തിൻ്റെ സഹനമാണെന്ന് അറിയുന്നത് വിവാഹശേഷം മാത്രമാണ് . ഇന്നും സഹനവഴിയിൽ പഞ്ചമി നീയെത്രയോ ഉയരെ ! നിൻ്റെ പിൻമുറക്കാർ ഇന്നും നരകജീവിതം നയിക്കുന്നു.. ! ഉച്ചികത്തിയാണ് വരരുചി നിനക്കേകിയ പുനർജ്ജന്മംതലമുറകളുടെ കടം വീട്ടൽ നീയൊരു നിമിത്തം . വേദന സഹിക്കതന്നേ ..
അപ്പോഴേക്കും പഞ്ചമിയെന്ന സഹനമേരുവായി ജന്മം മുതൽ അവൾ താണ്ടിയ ദേശങ്ങളെല്ലാം പിതൃസ്മൃതികളുടെ, സന്താനസ്മൃതികളുടെ അസ്ഥിമാടങ്ങളായിരുന്നു... സമയസൂചിക ഏത് കാലത്തിൽ? തല പെരുക്കുന്നു.
ഇനിയും വയ്യ! ലോകത്തിൻ്റെ ഭ്രാന്തേറ്റി മലകയറുന്ന മകൻ.. അവൻ ചുമക്കുന്ന വീർത്ത പാദങ്ങൾ ! ദൈവങ്ങളേ... എൻ്റെ മകൻ! തലമുറകളുടെ വഴിത്താരകൾ... എൻ്റെ പൊള്ളി വീങ്ങിയ പാദങ്ങൾ! തലമുറകൾ നടന്നു തീർത്ത ഭാരത്തിൻ്റെ ചതുപ്പും നോവുമാണല്ലോ അത്... അദ്ധ്വാനത്തിൻ്റെ ഉപ്പ് വീടുവീടാന്തരം കല്ലിച്ചും നീറ്റിയും മറ്റൊരുവൻ...
അവൻ്റെ ശിരസ്സിന് ഈ ഭാരമത്രയും...!
വേണ്ട ...ആർക്കും സ്വസ്ഥമായിരിക്കാൻ കഴിഞ്ഞിട്ടേയില്ല...
വായില്ലാത്ത ചെവിയില്ലാത്ത അവന് മാത്രമാണ് സ്വസ്തി ...അവന് മാത്രമേയുള്ളു ശാന്തിയും ! എണ്ണമറ്റ തലമുറകളുടെ അസ്ഥിമാടങ്ങൾ കടലിനേ നോക്കി അശാന്തമായി നിലവിളിക്കുന്നു... മന്ത്രോച്ചാരണങ്ങൾ ഉരുവിട്ടും അഗ്നി ജ്വലിപ്പിച്ചും ചാളയിൽ ജീവിച്ചും അടിമയും ഉടമയും പഞ്ചമിയുടെ സന്തതികൾ.. കടലിരമ്പുന്ന മനസ്സിൽ സ്വയം മുങ്ങി ഓർമ്മയിൽ കുളിച്ചു നിവർന്ന ബ്രാഹ്മമുഹൂർത്തത്തിൽ വരരുചി വിളിച്ചു , "പഞ്ചമീ...നീ അറിയുന്നില്ലേ നിലവിളിക്കുന്ന അസ്ഥിമാടങ്ങളെയും നിൻ്റെ മക്കളെയും?
യാത്രയവസാനിപ്പിക്കാൻ സമയമായി ...
മാപ്പ് നൽകുക...
എൻറെ ഗർവിന് ..
ആത്മപീഡകൾക്ക് നിന്നെ ഒപ്പം കൂട്ടിയതിന് ...
വിധിയെ തോൽപ്പിച്ച് ജയിക്കാനിറങ്ങിയ വരരുചിയുടെ പരാജയ സമ്മതത്തിന് ...
അജ്ഞത ബാധിച്ചഎൻറെ സ്വാർത്ഥ ചിന്തകൾക്ക് ,
എൻ്റെ പിഴ ...
നിന്നെ സ്വതന്ത്രയാക്കിയിരിക്കുന്നു, പഞ്ചമീ...
യാത്രയായാലും പ്രീയേ ..
നിനക്ക് വായില്യാം കുന്നിൽ നിൻ്റെ മകനെടുത്തേക്ക് പോകാം...നീ ചുരത്തിയ മാതൃത്വതീർത്ഥത്തിൽ മുങ്ങി എല്ലാവരും മോക്ഷം നേടട്ടേ... സ്വസ്തി..."
വരരുചി മറഞ്ഞു. പഞ്ചമി മക്കളുടെ ദുര്യോഗത്തിൻ്റെ ആവർത്തനത്തിൽ സമയസൂചികയുടെ തുമ്പിലൂടെ നടക്കുന്നു.
എന്നാണ് വിടുതൽ?