Image

പൂജയ്ക്കെടുക്കാത്ത പൂവ് ( കവിത : ഷൈലാ ബാബു )

Published on 09 December, 2024
പൂജയ്ക്കെടുക്കാത്ത പൂവ് ( കവിത : ഷൈലാ ബാബു )

മിഴികളാലൊരുനോക്കു
കാണാൻ തുനിയാ-
തവഗണിച്ചെന്നെ നീ,
ധൃതിയിൽ ഗമിക്കവേ...
ആ സുഖദസ്പർശത്തിൽ
തൊട്ടു വിളിച്ചു ഞാ-
നൊട്ടുനേരം, നിന്റെ തൂവെള്ള
വസനത്തിലൊട്ടിപ്പിടിച്ചതും;

പിൻതിരിഞ്ഞൊരുമാത്ര
ക്രുദ്ധിച്ചൊരായിരം നിന്ദാ-
ശകാരങ്ങളെൻമേൽ
ചൊരിഞ്ഞു നീ!
നമ്രശിരസ്കയായ്
മമ തനു, ലതാദികൾ
കൈകൂപ്പി നമിച്ചയ്യോ
മാപ്പിരന്നിത്രമേൽ!

ദ്രോഹിക്കില്ലൊരിക്കലും
മനസ്സറിഞ്ഞാരെയും
നോവിക്കുകി,ലെന്നെ
ഞാനും, നിസ്സംശയം!
വിരൂപിണിയാണു ഞാൻ
ജാതിയിൽ താഴ്ന്നവൾ
മണമില്ലെന്നാകിലും
ഗുണമേറെയുണ്ടഹോ!

മുള്ളാൽ നിറഞ്ഞുള്ള
ചെമ്പനീർ ഗാത്രിയെ,
സ്തുതി മന്ത്രണങ്ങളാ-
ലാരാധിച്ചിടുന്നില്ലേ?
കോവിലിൻ നടയിലെ
പൂജാമലരല്ല, കേവലം
പൂജയ്ക്കെടുക്കാത്ത
കാട്ടുപൂവാണു ഞാൻ!

അപശകുനമായെങ്ങാ-
നീ,വഴിയെത്തിയാൽ
സമൂലം നശിപ്പിക്കാ
നായുധമെടുക്കുവോർ!
മന്വന്തരങ്ങളായുഴലു-
മീ തൊട്ടാൽവാടിയെ,
പൊതിയു നീ സഹൃദയ
സഞ്ജീവനീ പുടങ്ങളാൽ..!
 

Join WhatsApp News
Haridas T 2024-12-12 16:00:55
Nice poem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക