സുധിയും ലാവണ്യയും കൂടി ഷോപ്പിംഗിനിറങ്ങിയതാണ്.ഇരുവർക്കും അടുത്ത ഞായറാഴ്ചയൊരു വിവാഹസത്ക്കാരത്തിൽ പങ്കെടുക്കേണ്ടതായിട്ടുണ്ട്.
സുധി ആദ്യം കയറിയ ഇടത്തരം കടയിൽ നിന്നു തന്നെ തനിയ്ക്ക് വേണ്ടത് തിരഞ്ഞെടുത്തു.
എന്നാൽ ലാവണ്യയ്ക്ക് തൃപ്ത്തികരമായി ഒന്നും തോന്നിയില്ല. പ്രായം കുറഞ്ഞ സെയിൽസ് ഗേൾ വലിച്ചുവാരിയിട്ട ഒരു കുന്നോളം തുണികളിൽ നിന്ന് ഒന്ന് പോലുമെടുക്കാതെ, എന്തിന് വേണ്ടെന്ന് കൂടി പറയാതെ പോരുന്ന സുനിതയോട് അടുത്ത കടയിലെ പാർക്കിംങ്ങിനെ പറ്റിയായിരുന്നു സുധിയ്ക്ക് അമർഷം.
പോകും വഴി കാപ്പി കുടിയ്ക്കാൻ കാറ് നിറുത്തി.മിക്കവാറും കയറാറുള്ളതുകൊണ്ട് കടക്കാരൻ ഷെമീർ ചിരിച്ച് ,ജനലിനടുത്തെ ഒഴിഞ്ഞ മേശ കാണിച്ചു കൊടുത്തു.
ഉച്ചയുരുക്കം കഴിഞ്ഞിട്ട് കട്ടപിടിക്കാൻ തുടങ്ങുന്ന ഇരുട്ടിലൂടെ മനുഷ്യരുടെ പരക്കം പാച്ചിലും നോക്കി അവർ ജനലിനടുത്ത് ഇരുന്നു.
സുധിയ്ക്ക് കാപ്പിയും ഓംലറ്റും ലാവണ്യയ്ക്ക് കാപ്പി മാത്രവും പറഞ്ഞു.
കഴിയ്ക്കുന്നതിനിടയിൽ ജനാലയിലൂടെ താഴെ നിന്നും ആരോ ആരെയോ കൂകി വിളിയ്ക്കുന്ന സ്വരം.തങ്ങളെ നോക്കി കൂക്കുന്നതാരെന്ന്, കാഴ്ചയ്ക്ക് സൗകര്യമുള്ളവരെല്ലാം നോക്കി.
-ഇതാരെയാ വിളിയ്ക്കുന്നത്? -പത്തിരി തിന്നു കൊണ്ടിരുന്ന കിഴവൻ ജോലിക്കാരന്റെ ചോദ്യത്തിലാണ് അത് പഴയ സുഹൃത്ത് വിമൽ അല്ലെയെന്ന് സുധി ഓർമ്മിയ്ക്കുന്നത്.
വിമൽ ചിരിച്ചു, കയറി വരാൻ ആംഗ്യം കാണിച്ചു. ആളെ വ്യക്തമായിലെങ്കിലും ചിരിച്ചുകാണിച്ചുവെങ്കിലും ചുറ്റുപാടുമുള്ളവർക്ക് ശ്രദ്ധയ്ക്കിനിട വന്നതിന്റെ ചളുപ്പിലായിരുന്നു ലാവണ്യ.
വിയർപ്പിന്റെയും പുകയിലയുടെയും കൂട്ട് മസാലയിട്ട മണം അവരുടെ അടുത്തേയ്ക്കുവന്നു.
- ചേട്ടാ ,ഈ ചെറിയ ഗ്യാപ്പിലൂടെ എങ്ങനെ ഞങ്ങളെ കണ്ടു?
വിമൽ വെറുതെ ചിരിച്ചു.
-വിമലേട്ടനാ,ചെറുപ്പത്തില് ഞങ്ങള് ഇവരുടെ അടുത്ത് കുറേ നാൾ ഉണ്ടായിരുന്നു.എന്നേക്കാൾ മൂപ്പുണ്ടേലും ഞങ്ങൾ നല്ല കമ്പനിയായിരുന്നു.
-ഇതെവിടയാ ആശാനെ?,കുറച്ച് നാളായല്ലോ കണ്ടിട്ട്.
-ഇവിടൊക്കെയുണ്ടായിരുന്നെടാ.
ലാവണ്യ വലിയ പരിഗണന കൊടുക്കാതെ കാപ്പിയുടെ ചൂടിൽ ശ്രദ്ധിച്ചിരുന്നു.
-വിമലേട്ടനിപ്പോ എന്താ പരിപാടി?
-ഞാനിവടെ ‘ സെസ്സിൽ ’ആടാ..
സുധി ഒരു കാപ്പി കൂടി പറഞ്ഞു.
-കഴിയ്ക്കാനെന്താ പറയുന്നെ..
അപ്പോൾ കാപ്പി വന്നു.കുറച്ചു നേരം അത് വച്ചുകൊണ്ട് ഇരുന്നു. മറ്റു ചിലത് ചോദിയ്ക്കാനാഞ്ഞ സുധിയുടെ നേരേയ്ക്ക് , അരയിൽ നിന്നെടുത്ത കൊച്ചുപിച്ചാത്തി കൊണ്ട് അവനൊറ്റ വരയൽ.വയറിന് മുകളിൽ ഇടതുവശത്ത് ചോര പൊടിഞ്ഞു.
ചാടിയോടിയ വിമലിന് തന്റെ വേഗത നിയന്ത്രിയ്ക്കാനാകുമായിരുന്നില്ല. അദ്ദേഹം വളരെ സ്വാഭാവികമായി,കില്ലപ്പട്ടികളുടെ തലയെഴുത്ത് കടംകൊണ്ടതു പോലെയാണ് , തെലുങ്കൻ ലോറിയുടെ മടിയിലേയ്ക്ക് ചെന്നിരുന്നു കൊടുത്തത്.
കാഴ്ച്ചക്കാരോടി വന്നടുത്ത് നിന്നു. സുധിയും ലാവണ്യയുംജനാലയിലൂടെ നോക്കിയങ്ങനെയും.
ഓടി പറിച്ച് താഴെ ചെന്നപ്പോഴേയ്ക്കും ആരോ വിമലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു.
അന്ന് വീട്ടിലെത്തിയ ലാവണ്യ പതിവുപോലെ പുതിയ വസ്ത്രം ധരിച്ച് കണ്ണാടിയ്ക്ക് മുന്നിൽ മണിക്കൂറുകളോളം നിന്നില്ല. അവർ പ്ലാസ്റ്റിക് കവറുകളും ബാഗും മുറിയുടെ മൂലയിലേയ്ക്കെറിഞ്ഞ് കട്ടിലിലേക്ക് വീണുപോയി.
സുധി ആരെയെല്ലാമോ വിളിക്കുന്നു. സിഗരറ്റ് ഇടവിടാതെ കത്തിച്ചു വലിയ്ക്കുന്നു. ഫോൺ കട്ട് ചെയ്തിട്ടും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
★ ★ ★ ★
മരണത്തിലും ലാഘവത്തിലായിരുന്നു വിമലിന്റ ശവസംസ്ക്കാരം. പാതി ഓടും, പാതി ആസ്സ്ബറ്റോസ് ഷീറ്റും മേഞ്ഞ വീടിനെ നിർത്താതെ പെയ്യുന്ന മഴ ഭീഷണിപ്പെടുത്തികൊണ്ടിരുന്നു. പന്തലിൽ വിരിച്ചുകെട്ടിയ വെള്ളത്തുണി മുഷിയുമോന്നാണ് മുതലാളിയുടെ പേടി. സുധിയും വേറൊരു ചങ്ങാതിയും കൂടി വഴിയിൽ വട്ടം കെട്ടിയ ടാർപ്പോളിന് താഴെ നിന്നു. ലാവണ്യ വന്നിട്ടില്ല. അവർ അവധിയെടുത്തു. ‘സുധീടെ ഫ്രണ്ട് ഒരു ആക്സിഡന്റിൽ.. '.വീട്ടിലായിരുന്നെങ്കിലും മനസ്സ് മരണപന്തലിലായിരുന്നു.
-11 മണിയ്ക്ക് പോസ്റ്റ് മോർട്ടം കഴിഞ്ഞതാണ്, ഇപ്പോൾ എത്താറായിട്ടുണ്ട്.
-ഞാൻ വിളിച്ചായിരുന്നു, 10 മിനിട്ട്.
കാര്യക്കാരന്മാർ തിരക്കുകൂട്ടി.ആംബുലൻസ് വന്നപ്പോൾ
വീടിനുള്ളിന്നുള്ള കരച്ചിലും മഴയും തമ്മിലുള്ള പോരാട്ടം, അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.
വിമലിന്റെ ഭാര്യയും കുഞ്ഞും കസേരയിൽ ഇരിക്കുന്നുണ്ട്.ഒരുവയസ്സാകുന്ന ആൺകുഞ്ഞ്.
ഉള്ളിൽ നിന്നിരുന്ന കിഴവൻ കുളിപ്പിക്കാൻ സോപ്പും തോർത്തും വാങ്ങിലല്ലോ,എന്ന് പറയുന്നതു കേട്ടു. സുധി വീടിന് അടുത്തുള്ള പെട്ടിക്കടയിലേക്ക് നടന്നു. അയൽപക്കത്തെ മരണം കടയുടമയായ വൃദ്ധയ്ക്കൊരു സഹായമായി. മഴക്കാലത്ത് ചുറ്റുവട്ടത്തുള്ള ഇങ്ങനെയുള്ള ചില ആൾക്കൂട്ടമാണ് രക്ഷയെന്ന് അവർ ചായയ്ക്കും മറ്റും വന്ന പരിചയകാരനോട് ഒച്ച കുറച്ച് പറഞ്ഞു.
-ബോഡി വന്നോ? കടയിലേക്ക് ധൃതിയിൽ വന്ന ഒരാൾ ചോദിച്ചു.
-ഇല്ല കുറച്ച് കഴിയും. ആ കുട പുറത്ത് പിടയ്ക്ക് മോനേ..
വൃദ്ധ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
-ഒരു തോർത്തും കുളി സോപ്പും. സുധി തന്നോടല്ല പറഞ്ഞതെങ്കിലും കുട മടക്കി കടയുടെ തൂണിന് ചുവട്ടിൽ വച്ചു.
-സോപ്പേതാണ് കൊച്ചേ?.ലക്സ്,കുട്ടിക്യൂറ…
-ഏതെങ്കിലും മതി ,മരണവീട്ടീലേയ്ക്കാണ്.സുധിയ്ക്ക് തിരഞ്ഞെടുക്കാനൊന്നും പറ്റില്ലായാരുന്നു.
വൃദ്ധ കുടുംബശ്രീ നിർമ്മിതമായ ഒരു സോപ്പാണ് എടുത്തത് .
-അവന് ഇതാ എപ്പോഴും കൊണ്ടുപോകുന്നെ..
അത് നല്ല ആശയമാണ് ,ഇഷ്ടപ്പെട്ട സോപ്പ് വച്ച് തന്നെയാകട്ടെ അവസാനത്തെ കുളിയും.
തിരിച്ചു നടക്കവേ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തന്നെ അലട്ടുന്ന ആ ചുഴിയിലേയ്ക്ക് പിന്നെയും വീണു.
എന്തിനാകും അയാൾ അങ്ങനൊന്ന് ചെയ്തത്.താനൊരിയ്ക്കലും വിമലിനെ ചതിച്ചിട്ടില്ല, പണമിടപാടില്ല, ലാവണ്യ ചോദിച്ചതുപോലെ അവിഹിതവുമില്ല. എന്തിന് പരസ്പരം കണ്ടിട്ടു തന്നെ നീണ്ട വർഷങ്ങളായി.
ആദ്യമെ പരാതിയില്ലെന്ന് പറഞ്ഞതുകൊണ്ട് ഒരു വിധത്തിൽ ഇന്നത്തെ വാര്ത്ത ‘നീണ്ട നാളുകൾക്ക് ശേഷം കണ്ടുമുട്ടിയ പഴയ അയൽപക്കകാരിൽ ഒരാൾ ,അപരനെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിടയിൽ ലോറിയിടിച്ച് മരിച്ചു..’എന്ന് വന്നില്ല.
ശവദാഹമായി, എല്ലാ ഉത്തരങ്ങളും കത്തിയാളുന്നു.
പക്ഷെ ,തനിക്ക് പൂരിപ്പിച്ചെ മതിയാകൂ..
★ ★ ★ ★
വിമലിന്റെ വീടിന് തൊട്ടു ചേര്ന്നായിരുന്നു സുധിയുടെ വീട് .സുധിയ്ക്ക് നാലുവയസ്സ് കഴിയുന്നേയൊള്ളു .വിമലന്ന് എട്ടാം ക്ലാസ്സിലേക്ക് ജയിച്ചിരുന്നു.ഇരുവരുടേയും അമ്മമാർ ഒരുമിച്ച് ഒരു ഫാക്ടറിയിലായിരുന്നു ജോലിചെയ്തിരുന്നത്.
ഒരു ദിവസം സുധിയെ വിമലിന്റെ അടുത്താക്കി അമ്മമാർ ഫാക്ടറിയിലേയ്ക്ക് പോയി.
-സുധിക്കുഞ്ഞെ മെനയെടുക്കാതെ വിമലേട്ടൻ പറഞ്ഞത് കേട്ടിരിക്കണേ..
-വിമലെ കുഞ്ഞിനെ നോക്കണം,കണ്ടയിടത്ത് തെണ്ടാൻ പോകരുത്.
ഒറ്റയ്ക്കാകുമ്പോൾ വായിക്കാൻ കൂട്ടുകാരൻ കൈമാറിയ കൊച്ചുപുസ്തകം അവൻ തട്ടിനടിയിൽ നിന്നെടുത്തു. ടീച്ചറിന്റെയും വിദ്യാർത്ഥിയുടെയും കഥയായിരുന്നു.രസിച്ച് വരവെ,ബാലമാസികയിലെ പടം നോക്കുന്ന സുധിയുടെ ചെറിയ തുട വിമലിന്റെ കണ്ണിൽ വീണു.
എന്തോ ചീത്ത കളിയിൽ ചേർത്തപോലെ സുധിയ്ക്ക് തോന്നാതിരുന്നില്ല.
പിന്നീട് അങ്ങനൊരു സംഭവം നടന്നതെ അവന്റെ തലയിൽ നന്ന് വീണ്ടെടുക്കാനാകാത്ത വണ്ണം ചാടിപ്പോയിരുന്നു.
കല്യാണമൊക്കെ കഴിഞ്ഞാണ് വിമലിനെ പഴയ ഓർമ്മകൾ അലട്ടാൻ തുടങ്ങിയത്.
ആദ്യമായി ഭാര്യയുടെ കൂടെക്കിടക്കുമ്പോൾ അവന്റെയുള്ളിൽ നാലുവയസ്സായ മുഖമായിരുന്നു.
-എന്താ ചേട്ടാ?
-തലവേദനയെടുക്കുന്നു.
നീണ്ട നാളത്തെ ചികിത്സയും പ്രാർത്ഥനയും കടന്ന് പുറത്ത് വന്നത് കോമളത്തമുള്ളൊരു ആൺകുട്ടി.
വിമല് കുഞ്ഞിനെ കണ്ടെന്നു വരുത്തി ജോലിയ്ക്ക് പോയി.
-ഏഴ് വർഷം കൂടി ഒരാങ്കുട്ടിയുണ്ടായിട്ട് ഇതുവരെ നിങ്ങളതിനെയൊന്ന് കെയ്യിലെടുത്തിട്ടുപോലുമില്ല. എന്താ നിങ്ങടെ പ്രശ്നം?
കുഞ്ഞിനെ ഭയന്ന് വീട്ടിലേക്ക് പോകതായി. ഇനി കുഞ്ഞിനെയെടുക്കാനും വളർത്താനും തനിയ്ക്കാവണമെങ്കിൽ,പഴയ പാപത്തിന്റെ ഓർമ്മ മായ്ച്ചു കളയണം.അതിന്?,അതിന് സുധിയെ കൊല്ലണം.
അല്ലാതെ ഒരു കുട്ടിയെ നേരെ നോക്കാൻ പോലും തനിയ്ക്കാവില്ല.
അരയിൽ കത്തിയുമായി വിമൽ നിരത്തിലേക്കിറങ്ങി…