മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വയനാട് സ്വദേശിയായ ആകാശ് ആര്യന്‍. 2019 ല്‍ പുറത്തിറങ്ങിയ 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്ന ചിത്രത്തിലെ നായകനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആകാശ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നു.
നിലവില്‍ മലയാളത്തിലും തമിഴിലുമായി ചില പ്രോജക്ടുകള്‍ ചര്‍ച്ചയിലാണ്. ആകാശ് ഇപ്പോള്‍ ഫെബ്രുവരിയില്‍ തുടങ്ങാനിരിക്കുന്ന തന്റെ ആദ്യ തമിഴ് ചിത്രമായ 'ഡിസീസ് എക്‌സ്: ദി സോമ്പി എക്‌സ്പിരിമെന്റ്' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത് മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ സോംബി ചിത്രത്തില്‍ ഓസ്ട്രേലിയന്‍ താരം റോജര്‍ വാര്‍ഡ് അതിഥി വേഷത്തിലെത്തുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.
ആകാശിന്റെ 'പത്മവ്യൂഹത്തിലെ അഭിമന്യു'വിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അഭിമന്യു എന്ന കഥാപാത്രത്തെ ആകാശ് വളരെ മനോഹരമായി അവതരിപ്പിച്ചിരുന്നു.
ആദ്യ ചിത്രത്തിന് ശേഷം പഠനത്തിരക്കുകള്‍ കാരണം സിനിമയില്‍ സജീവമാകാന്‍ കഴിഞ്ഞില്ലെങ്കിലും കോലം (2022), മീശക്കാരി (2024) എന്നീ ഹൃസ്വ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇരു ഷോര്‍ട്ട് ഫിലിമുകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സലിം കുമാര്‍, കൈലേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'ഒരു ഫ്‌ലാഷ് ബാക്ക് സ്റ്റോറി'യാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രം. വയനാട് വാളാട് സ്വദേശിയായ ഗീത പി. എ. യുടെ മകനാണ് ആകാശ്.