Image

ചില ഇടങ്ങള്‍ (ഇ മലയാളി കഥാമത്സരം 2024: വിന്നി ഗംഗാധരന്‍)

Published on 11 December, 2024
ചില ഇടങ്ങള്‍ (ഇ മലയാളി കഥാമത്സരം 2024: വിന്നി ഗംഗാധരന്‍)

 പലതരം ഏകാന്തത അനുഭവിക്കുന്നവരുടെ നിറഞ്ഞ ഇടങ്ങളാണ് പലപ്പോഴും വീട്.
നഗരത്തിലെ തിരക്കേറിയ വീഥിയിലെ അതിനേക്കാൾ തിരക്കേറിയ റസ്റ്റോറൻ്റിൽ ആരോ വരാനുണ്ട് എന്ന മട്ടിൽ ജനലരികിലെ സീറ്റിലിരുന്ന് തനുജ ഓരോന്ന് ചിന്തിച്ചു. പലനിറങ്ങളും പല ഭാവങ്ങളും നിറഞ്ഞതായിരുന്നു വീട്. ജഗദുമായുള്ള വിവാഹ ശേഷം വീട്ടുകാരുടെ ഭാവങ്ങൾ അനുസരിച്ചു മാത്രമായിരുന്നു തനുജ ജീവിച്ചത്.
ശബ്ദമുള്ളവരുടെ ലോകത്ത് ശബ്ദമില്ലതെ ജീവിച്ച നാളുകൾ. അകാരണമായ ഭയത്തേക്കാൻ ദുഃഖം പിടികൂടി  പതിനാല് വർഷം കഴിച്ചു കൂട്ടി.
    നിനക്ക്  ദുഃഖമുണ്ടോ ???
ജഗദ് ഇടയ്ക്കിടക്കെ ചോദിക്കുമായിരുന്നു. പക്ഷേ മറുപടി മാത്രം ഒരിക്കൽപ്പോലും ജഗദ് കേട്ടില്ല. ചോദ്യം ചോദ്യമായി തന്നെ ഇരുന്നു.
പുത്രവധുവിനെ വെറും വധുമായി കണ്ട വീട്ടുകാർ. വികാരങ്ങളോ വിചാരങ്ങളോ ഇല്ലാത്ത ഒരു ജീവിയായി മാത്രം തന്നെ അവർ കാണുന്നു എന്ന് തിരിച്ചറിഞ്ഞ  ദിവസം മുതൽ മനസ്സിൽ ഉറച്ചതാണ് അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്നത് . 
       നഗരത്തിൻ്റെ തിരക്കുകളിൽ നിന്നും മാറി ജീവിച്ചാൽ അതൊരു രസം ആയിരിക്കും എന്ന ചിന്തയിൽ നിന്നാണ് വിവാഹാലോചനകൾ നാട്ടിൻ പുറത്ത് നിന്ന് ആയിക്കോട്ടെ എന്ന്  തീരുമാനിച്ചത്. വരുന്ന ആലോചനകളൊക്കെ പല കാരണങ്ങളും പറഞ്ഞ് വേണെന്ന് വച്ചു.
മാട്രിമോണിയിലൂടെ പരിചയപ്പെട്ട ജഗദ്മായള്ള ബന്ധം അങ്ങനെയാണ് വിവാഹത്തിൽ എത്തിച്ചേർന്നത്. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി മടുത്ത താൻ എല്ലാത്തിൽ നിന്നും ഒരു വിടുതൽ എന്ന നിലയ്കാണ് നാട്ടിലെ വിവാഹാലോചനയുമായി മുന്നോട്ട് പോയത്. ജഗദിനെ കാണാനും കുഴപ്പമില്ലായിരുന്നു. നാല്പത്തഞ്ചു വയസ്സായി എന്ന് കണ്ടാൽ പറയുകയേ ഇല്ല. പ്രസരിക്കുന്ന മുഖം നല്ല വാക്ചാതുര്യം. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ആണത്തമുള്ള ഒരാൾ. മനസ്സിൽ കുളിർ മഴ പെയ്ത നാളുകൾ.
കശുവണ്ടി തോട്ടത്തിന് നടുക്ക് കുന്നിറക്കത്തിലെ ആ വീട്ടിലേക്ക് വലതുകാൽ വച്ചു കയറുമ്പോൾ പിറകിലാരോ പിറുപിറുക്കുന്നുണ്ടായിരുന്നു.
“ഈ നാലപതു വയസ്സുവരെ ഇവൾ  എന്തെടുക്കുകയായിരുന്നു. ഇനി വല്ലവനെയും കെട്ടി പിരിഞ്ഞതാണോ?
ശോ, ഒന്ന് മിണ്ടാതിരി രോണ്യേച്ചി, എന്തായാലും നമുക്കെന്താ ഓനൊരു പെണ്ണിനെ കിട്ടിയില്ലേ.
പട്ടണത്തിനു വന്ന പെണ്ണാ സൂക്ഷിച്ചും കണ്ടും പെരുമാറാൻ ജാനകിയോട് പറയണം
പട്ടണത്തിനോ എവിടെന്നോ ഓനൊരു പെണ്ണിനെ കിട്ടിയില്ല, ഈട എത്ര ചെക്കന്മാർ പെണ്ണിനെ കിട്ടാണ്ട് നടക്കുന്നുണ്ട്, അങ്ങനെ നോക്കിയാൽ നമ്മള ജഗദ്ഭാഗ്യവാനാ. പഠിപ്പും പത്രാസും ഉള്ള പെണ്ണിനെ തന്നെ കിട്ടിലെ 'ഓൻ്റെ ഒത്ത ഉയരുമുള്ള പെണ്ണ്. പിന്നെന്താ വേണ്ടത്.
       പട്ടണത്തിൽ നിന്നു വന്ന പുതുപ്പെണ്ണ് നാട്ടുകാർക്ക് ഒരു കൗതുകമായിരുന്നു പ്രത്യേകിച്ച് അയൽക്കാരി പെണ്ണുങ്ങരക്ക്. അവർ രാവു പകലോളം താണും ചരിഞ്ഞും പുതുപ്പെണ്ണിനെ നിരീക്ഷിച്ചു കൊണ്ടിരുന്നു.
    ‘ നിനക്കെന്തു പണിയായിരുന്നു പെണ്ണേ നഗരത്തിൽ ? ഇംഗ്ലീഷിൽ സംസാരിക്കുകയും ആണുങ്ങളോട് സൊള്ളലുമായിരുന്നോ ?’
    ചോദ്യങ്ങൾ പല ആവർത്തി പെണ്ണുങ്ങൾ അവളോട് മാറി മാറി ചോദിച്ചു.  തനിക്ക് ആരെയും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല എന്ന ഉറച്ച ബോധ്യമുള്ളതിനാൽ ഒരു ചോദ്യത്തിനും ഉത്തരം കൊടുക്കാൻ തനുജ തയ്യാറായില്ല.
     നാട്ടിൻ പുറത്തെ ജീവിതത്തെക്കുറിച്ച് ഒട്ടും ബോധ്യമില്ലാതിരുന്നിട്ടും എല്ലാം തനിക്കറിയാമെന്ന മട്ടിൽ തനൂജ ജീവിച്ചു. ജഗദും പലപ്പോഴായി അവളോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. , ഡോ താനെങ്ങനെയാ ഇതൊക്കെ ഇത്ര പെട്ടെന്ന് പഠിച്ചെടുത്തത്. ഈ കുരുമുളക് ചവിട്ടിമെതിച്ച് അതിനെ പാകപ്പെടുത്തി എടുക്കാനൊക്കെ തനിക്ക് അറിയുമായിരുന്നോ, അതോ എവിടെയെങ്കിലും കണ്ട്പഠിച്ചതാ ണോ ?
      ജഗദിൻ്റെ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്കും തനുജ ഒരിക്കൽ പോലും ഉത്തരം പറഞ്ഞില്ല. വെറുതെ ചിരിക്കുക മാത്രം ചെയ്തു. ചിലപ്പോൾ ചിരിയും പല ചോദ്യങ്ങളെയും മായ്ച്ചുകളയുന്ന ഉത്തരമായി തനൂജയ്ക്ക് തോന്നാറുണ്ട്.
           ഇത്ര ചുറുചുറുക്കുള്ള ഒരു പെണ്ണിനെ കിട്ടിയത് ജാനകിടെ കൂടെ ഭാഗ്യാ . ആ മാധവേട്ടൻ ഉള്ള പോലെ തന്നെ ഓളാവീടിനെ നോക്കി നടത്തുന്നില്ലേ. പറമ്പും കൃഷിയും പശുവും കോഴിയും എന്ന് വേണ്ട സകലതും ഓളല്ലേ ഇപ്പ ആട നോക്കി നടത്തുന്നത്. ആരാ പറയ്യാ ഓള് പട്ടണത്തിൽ വളർന്ന പെണ്ണാന്ന്” നാടും നാട്ടുകാരും തനൂജയെക്കുറിച്ച് മാത്രം സംസാരിക്കാൻ തുടങ്ങി. നാട്ടിലെ ആണുങ്ങളൊക്കെയും തനൂജയെപ്പോലെ ഒരു പെണ്ണിനെ സ്വപ്നം കണ്ടു നടന്നു.
         കുറേക്കാലം ത നുജയും അതൊക്കെ ആസ്വദിച്ചു നടന്നു. കുഞ്ഞുങ്ങളൊക്കെ കുറച്ച് വളർന്നുതുടങ്ങിയപ്പോൾ ഉള്ളിൽ വല്ലാത്ത വിങ്ങൽ. എല്ലാവരും ഉറങ്ങുമ്പോൾ അവളുടെ ഉള്ളിലെ പെൺകുട്ടി ഉറക്കെ കരയാൻ തുടങ്ങി. കുഞ്ഞുങ്ങളെ കെട്ടിപിടിച്ച് കിടന്നുറങ്ങുമ്പോൾ ഒക്കെ മറന്നിരുന്നു പക്ഷേ അവരൊക്കെ കുറച്ച് വലുതായപ്പോൾ ഉള്ളിലിരുന്ന പെൺകുട്ടി സങ്കടപ്പെട്ട് കരയാൻ തുടങ്ങി. അപ്പോഴാണ് അവൾഭഗതിനെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഭഗതിൻ്റെ അമ്മയെ വീട്ടിലുള്ള മറ്റംഗങ്ങളെ 'എല്ലാവരും തന്നെപ്പോലെ എല്ലാമുണായിട്ടും ഏകാന്തത അനുഭവിക്കുന്നവരാണെന്ന് തനുജയ്ക്ക് തോന്നി. പക്ഷേ അതിലേറെതനൂജയെ വിഷമിഷിച്ചത് താനൊന്ന് പനിച്ച് കിടന്നാൽ പോലും അവിടെ ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ്. ഈയിടെയായി ജഗദും തന്നെ വെറുമൊരു ജോലിക്കാരിയായി മാത്രം കാണാൻ തുടങ്ങിയോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടി.
         ചിന്തകളുടെ വേലിയേറ്റം. ഉറക്കമില്ലാത്ത രാത്രികൾ . .
     എന്താ തനുജ സുഖമില്ലേ , കുറേ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. പഴയ പ്രസരിപ്പൊക്കെ എവിടെപ്പോയി. നീ ഇങ്ങനെ ആയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അവതാളത്തിലാവും ജഗദിന് ഇതൊക്കെ നോക്കി നടക്കാൻ സമയം ഇല്ല എന്ന് നിനക്ക് അറിഞ്ഞുകൂടെ. സുഖമില്ലെങ്കിൽ വല്ല ഡോക്ടറെയും കാണിച്ച് സുഖപ്പെടുത്തി എടുക്കാൻ നോക്ക് . ജാനകിയമ്മ ആദ്യമായി അവളോട് സുഖമില്ലേ എന്ന് ചോദിച്ചു . പക്ഷേ ആ ചോദ്യം കൊണ്ടു വന്ന വല്ലാത്തൊരിരുട്ട് അവളെയാകെ മൂടി . ജാനകിയമ്മയുടെ മുറുമുറുപ്പുകൾ അവളുടെ ചെവിയിൽ തീപൊരികളായി . 
            തന്നെയല്ല, ഇവിടുത്തെ കാര്യങ്ങൾ നടന്നു പോകാൻ കാര്യസ്ഥനെപ്പോലെ ഒരാൾ വേണം . സ്വയം വിശ്വസിക്കാൻ കഴിയാതെ തനുജ വിതുമ്പി കരഞ്ഞു . എവിടെയും രേഖപ്പെടുത്താനാവാത്ത സ്നേഹം അവളുടെ ഉള്ളിലിരുന്ന് കരിഞ്ഞുണങ്ങി .
 “     നിനക്ക് ഒത്തുപോകാൻ കഴിയില്ലെങ്കിൽ നമുക്ക് ഈ ബന്ധം ഇവിടെ വച്ച് നിർത്താം മക്കളുടെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം . അവർക്കും തിരിച്ചറിവുകൾ വന്നില്ലേ . കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യാനും അറിയാം . ഇനി അവർക്കൊരമ്മയുടെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല . ഉണ്ടെങ്കിൽ തന്നെ അവരതൊക്കെ ജാനകിയമ്മയോട് ചോദിച്ച് ചെയ്തു കൊള്ളും .”
          തന്നെയൊന്ന് ചേർത്ത് പിടിച്ച് ജഗദ്തലോടുമെന്ന് തനുജ സ്വപ്നം കണ്ടത് വെറുതെയായി . മഴവെള്ളം വീണ് അലിഞ്ഞു പോയ മണ്ണ് പോലെ ആയി അവൾ . 
          പിരിയുക എന്ന തീരുമാനം രണ്ടു പേരുടേതുമായിരുന്നു . ജാനകിയമ്മയ്ക്ക് ആവലാതികൾ ഉണ്ടായിരുന്നു . ഇവിടുത്തെ കാര്യങ്ങൾ നോക്കി നടത്താൻ ഇതുപോലൊരാളിനെ ഇനി കിട്ടില്ലല്ലോ എന്ന ആവലാതി . പക്ഷേ തനുജയുടെ തീരുമാനം ഉറച്ചതായിരുന്നു . ശരീരത്തിനും മനസ്സിനും വല്ലാത്ത ക്ഷീണം തോന്നിയെങ്കിലും കോടതി വരാന്തയിൽ ആ വെള്ളപേപ്പറിൽ എന്നെന്നേക്കുമായി എല്ലാ ബന്ധവും ഉപേക്ഷിച്ച് അവൾ പട്ടണത്തിലേക്ക് ചേക്കേറി . നീലാകാശത്തിൽ ചിറക് വിരിച്ച് പറക്കുന്ന പക്ഷിയെപ്പോലെ അടിവയറ്റിൽ മുളച്ച ചിറകുകൾ അവളെ സ്വന്തന്ത്രയാക്കി.

       
           
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക