ആ രാത്രി അവൾക്കുറങ്ങാനേ കഴിഞ്ഞില്ല. ഉറങ്ങാൻ കഴിയുമായിരുന്നില്ല എന്നതാവും ശരിയായ പ്രയോഗം . അസ്വസ്ഥതയുടെ കരിന്തേളുകൾ തലയ്ക്കുള്ളിൽ തലങ്ങും വിലങ്ങുമിഴഞ്ഞുകൊണ്ടിരിക്കുമ്പോൾ എങ്ങനെയുറങ്ങാൻ? തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പ്രയോജനമില്ലാതെ ഒരാശ്വാസത്തിനായി അവൾ കട്ടിൽത്തലയ്ക്കു പുറകിലെ ജനൽപ്പടിയിൽ വെച്ചിരുന്ന ഫോൺ തപ്പിയെടുത്തു, വാട്സ്ആപ് തുറന്നു.
"അപ്പൂ, സുഖല്ലേടാ അനക്ക്? അടുത്താഴ്ച്ച മ്മടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവാണ്. ഓർമ്മണ്ടോ?"
അനിയനൊരു മെസ്സേജ് അയച്ച്, ഇരുമ്പുകൂട്ടിൽ തടവിലാക്കപ്പെട്ട വന്യജീവിയെപ്പോലെ അവൾ ഇരുൾവിഴുങ്ങിയ മുറിയിലൂടെ അങ്ങുമിങ്ങും നടന്നു, വല്ലാതെകിതച്ചു. ഫോണിൽ വെളിച്ചം മിന്നിനിന്നു. അനിയന്റെ മറുപടിയാണ്.
"എനിക്കിക്കുറി കൂടില്ല ചേച്ച്യേ.. ലീവ് കിട്ടില്ല. "
പാടുപെട്ട് അവന്റെ മംഗ്ലീഷ് അവൾ വായിച്ചെടുത്തു.
" ഞാനും ണ്ടാവില്ല്യ ഇക്കുറി. ഇന്യെന്നേലും കൂടാനും കഴിയ്വോ ആവോ?"
ഊം ന്തേ?. അവൻ.
" മനുഷ്യന്റെ കാര്യല്ലേടാ....!" നിസ്സാരമെന്നോണം അവളുടെ മറുപടി .
"ഓ പിന്നേ, ചേച്ചി വെറുതെ ഓരോന്ന്... ഒന്നു പോട്യവുടുന്ന് . "
അവൻ കലിപ്പായെന്ന് തോന്നി പിന്നൊന്നും പറയാതെ നെറ്റ് ഓഫാക്കി കിടന്നു.കുറേനേരം ആ കിടപ്പുകിടന്നു. കൺകോണുകൾ നീർച്ചാലുകീറി . തലയണ നനയാത്തൊരു രാത്രിപോലും കാലങ്ങളായി കടന്നുപോയിട്ടില്ലാത്തതിനാൽ അതൊന്നും അവളറിഞ്ഞതേയില്ല. വീണ്ടും വിരലുകൾ ഫോണിലേക്കു നീണ്ടു. വാട്സാപ് തുറന്നപ്പോൾ അപ്പുവിന്റെ മൂന്നാലു മെസ്സേജുകൾ. ഒന്നരയ്ക്ക് അവനയച്ച അവസാന മെസ്സേജിന് അവൾ മറുപടിയെഴുതി .
"അമ്മെന്തായാലും നാളെന്റടുത്തു വരും. അതുകഴിഞ്ഞ് ന്താച്ചാ വേ ണ്ടേന്ന് ഓല് തീരുമാനിക്കട്ടെ . "
അപ്പോളാണ്, അവന്റെ പ്രൊഫൈൽ ചിത്രം അവളുടെ കണ്ണിലുടക്കിയത്.സൂം ചെയ്ത് കുറേനേരം അതിൽ നോക്കിയിരുന്നു. അവനും അമ്മയും അവളും ചേർന്നുനിൽക്കുന്ന ഫോട്ടോ!
ഗൾഫിൽ പോകുന്നയന്നു രാവിലെ അവനെടുത്ത ചിത്രമാണ്. അല്പം മുമ്പുപോലും അവനൊറ്റയ്ക്ക് ദുബായ് ഗോൾഡ് സൂക്കിൽ നിൽക്കുന്ന സെൽഫിയിരുന്നു ചിത്രം . ഇപ്പോന്തേ ഇതിടാൻ.....? അവളുടെ ചുണ്ടുകൾ വിതുമ്പി,ഗദ്ഗദം നിറഞ്ഞു തൊണ്ടക്കുഴി കനത്തുവിങ്ങി. സ്ക്രീനിലെ ചിത്രത്തിലേക്കു നീർക്കണമിറ്റപ്പോളാണ് കണ്ണുകളും തന്നെ ഒറ്റുന്നതവളറിഞ്ഞത് !
സമയം മൂന്നര.ഇണയും തുണയുമറ്റ പതിനാലുവർഷങ്ങൾ ! ജീവിതത്തിലിന്നോളം തോറ്റവളെ വീണ്ടും വീണ്ടും തോൽപ്പിക്കാൻ ഉറക്കംപോലും വാശിയിലാണ്. മറ്റൊന്നിനും കഴിയാതെ വന്നപ്പോൾ വാതിൽക്കൊളുത്തു നീക്കി അടുക്കളയിലേക്കു നടന്നു. ലൈറ്റിട്ടശേഷം അതിനകത്ത് ആകെയൊന്നു കണ്ണോടിച്ചു. ഇരുപത്തിയാറു വർഷങ്ങൾക്കു മുമ്പ് സുമംഗലിയായി വന്നുകേറിയ പിറ്റേന്നുമുതൽ തന്റെ ചിരിയും കണ്ണീരും പിന്നീടു നിസ്സംഗതയും ഏറ്റുവാങ്ങിയയിടം.പരിചിതങ്ങളിലെ അപരിചിതത്വം അവളെ വിഭ്രമിപ്പിച്ചു. നിർവ്വികാരതയുടെ പുറന്തോടിൽ ഒരു ചിരി തടഞ്ഞുനിന്നു. വിറകടുപ്പിൽ ചായക്കു തീകൂട്ടി ബ്രഷിൽ പേസ്റ്റെടുത്തു പുറത്തേക്കിറങ്ങി. നിലാവിൽ നിലിച്ചു കിടന്ന തൊടിയും കിണറുമെല്ലാം അവളെ ഉന്മത്തയാക്കി.
മടങ്ങിയെത്തുമ്പോൾ കലത്തിൽ വെള്ളം തിളച്ചുതുടങ്ങിയിരുന്നു.. പൊടിയിട്ടു നന്നായിത്തിളപ്പിച്ച്, ഗ്ലാസ്സിലേക്കൊരു ചുടുചായ പകർന്നു. പുലരാൻ രാവേറെയില്ലായിരുന്നപ്പോൾ. അജ്ഞാതമായ ഏതോ ഒരുൾവിളിയിൽ ചായഗ്ലാസ്സ് സ്ലാബിലേക്കുതന്നെ തിരികെവെച്ചു . പതിവില്ലാത്തതെന്തൊക്കെയോ ചെയ്യാനുള്ള നിഗൂഢപ്രേരണയിൽ ഷെൽഫിലിരുന്ന കാച്ചെണ്ണ കൈക്കുമ്പിളിലെടുത്തു നെറുകിൽ വെച്ചു. തുടർന്നോരോ മുടിയിഴയും പ്രത്യേകമായി എണ്ണതടവി . പതിവില്ലാതെ ദേഹം മുഴുക്കെ എണ്ണതേച്ചു ചൂടുവെള്ളത്തിൽ കുളികഴിഞ്ഞു, കടുംകളറിലുള്ള പുതിയൊരു മാക്സി ധരിച്ചു. പതിനാലുവർഷമായി മാഞ്ഞുകിടന്ന സീമന്തരേഖയിൽ ഒരു സിന്ദൂരക്കുറി ചാർത്തി. മങ്ങിയ കണ്ണാടിയിൽ തന്നെത്തന്നെ നോക്കി ഒരല്പനേരം നിന്നു. ഒരു ഭോഗവസ്തു എന്നതിനപ്പുറത്തേക്ക് ആ സിന്ദൂരം ചാർത്തിയ വിരലുകൾ ഒരിക്കലും തനിക്കു വിലതന്നിട്ടില്ല. പക്ഷേ, അതു നൽകിയ സുരക്ഷിതത്വം വളരെ വലുതായിരുന്നുവെന്ന് ഒന്നേകാൽ പതിറ്റാണ്ടു കടന്നുപോന്ന ഓരോ ദിനവും അവളെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. പതിയെ മാക്സിയുടെ തുമ്പുയർത്തി ആ സിന്ദൂരം മായ്ച്ചുകളഞ്ഞു. കഴുത്തിൽകിടന്ന നേർത്ത മാലയുടെ ഒഴിഞ്ഞുകിടന്ന കൊളുത്തിൽ വെറുതെ വിരൽ തെരുപ്പിടിച്ചു. നഷ്ടസൗഭാഗ്യങ്ങൾ വിതുമ്പി നിന്നു. ഇനിയുമെന്തോ ചിലതു ബാക്കിയുണ്ടെന്ന ഓർമ്മയിൽ അവൾ അടുക്കളയിലേക്കു തിരിച്ചെത്തി . കനൽജ്വലിച്ച അടുപ്പിലേക്കവൾ വിറകുതിരുകി. ഉള്ളിലെ വേവിൽനിന്നൂർന്ന ഒരു നിശ്വാസത്തിൽ വിറകിനു തീ പിടിച്ചു. ദോശച്ചട്ടി തുടച്ചെടുത്ത് അടുപ്പിന്മേൽ വെച്ച്, അവൾ കടുംചായ മൊത്തി.
മക്കൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു ചെറിയ മകനെ തട്ടിവിളിച്ചു.
ജനുവരിയുടെ തണുവും അമ്മയുടെ വിളിയും അവന്റെ ഉറക്കം കളഞ്ഞു. അമ്മയോടൊപ്പം അവനും മുറിവിട്ടു. ശുചിമുറിവിട്ടു വന്ന അവന് ഒരുഗ്ലാസ് കട്ടൻചായ പകർന്നു നൽകി.
"അനന്ത്വോ , ചട്ടി ചൂടാട്ടോ .. മാവ് കൊർച്ണ്ട്. നിയ്യ് വേണ്ടത്ണ്ടാക്കി തിന്നിട്ട് തിയ്യ് കെട്ത്തിക്കോ."
പതിനാലുകാരനായ അനന്തു അവളുടെ ചെറിയ മകനാണ്. അവന്റെ തൊട്ടുമേലെ മൂന്നുവയസ്സ് മൂപ്പുള്ള അഭിരാമും ഏറ്റവും മൂത്തവനായ ഇരുപതുകഴിഞ്ഞ അഖിലേഷും ഉൾപ്പെടെ മൂന്നുക്കളാണ് അവൾക്ക്. പെറ്റമ്മയ്ക്കൊപ്പം കിടക്കാൻ ഒരാൾപോലും തയ്യാറല്ലെങ്കിലും, എന്തിലും അനുഭാവപൂർവ്വം പെരുമാറുന്ന ചെറിയ മകനോട് അവൾക്കല്പം സ്നേഹക്കൂടുതലുണ്ട്. ദോശ ചട്ടിയിൽനിന്നു ചൂടോടെ കഴിക്കുന്നതാണ് അവനു പ്രിയം. അടുക്കള അവനെയേൽപ്പിച്ച് അവൾ മുറിയിലേക്കു കയറി അലമാരയിൽനിന്നു പഴയൊരു കടലാസ്പ്പൊതി കയ്യിലെടുത്തു. സാവധാനം തുറന്ന്, ഒരുനിമിഷം അതിലേക്കുറ്റുനോക്കിനിന്നു. പാവാടപ്രായം വിട്ട് ആദ്യമായുടുത്ത സാരി. അതും വിവാഹസാരി! മുഖത്തോടു ചേർത്തുപിടിച്ച് അതിന്റെ ഗന്ധമാസ്വദിച്ചൊരുവേള എല്ലാം മറന്നങ്ങനെ നിന്നു.
സ്വന്തമായൊരു വീടില്ലാത്തതിനാൽ, അച്ഛന്റെ അപമൃത്യുവിനുശേഷം ചെറിയച്ഛന്റെ സംരക്ഷണയിൽ കഴിയാനായിരുന്നു അവൾക്കും ഇളയതുങ്ങൾക്കും അമ്മയ്ക്കും വിധി. വയസ്സറിയിച്ചു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കല്യാണാലോചനകൾ തുടങ്ങി. പഠിക്കാൻ കൊതിച്ചെങ്കിലും ചെറ്യച്ഛന്റെ നിർബന്ധത്തിനും അമ്മയുടെ നിസ്സഹായതയ്ക്കും മുമ്പിൽ തലകുനിച്ചു വാങ്ങിയതാണ് ഈ വിധി. ഓർമ്മകൾ വന്നു തിക്കുമുട്ടിയപ്പോൾ കണ്ണുകൾ നിറഞ്ഞുതൂവി.തിരികെ നടക്കുമ്പോൾ അടുക്കളയിൽ കാഴ്ചതടഞ്ഞു . ഒരു നിമിഷം അവൾ അനന്തുവിനെത്തന്നെ നോക്കിനിന്നു.
"അമ്മടെ കുട്ടി മത്യാവോളം ദോശ തിന്നിട്ട് ചട്ട്യവ്ടെ പാത്രം മോറ്ണോടത്തു കൊണ്ട്വക്കണം. ന്നട്ട് ടെറസ്മ്മക്കു വരണട്ടോ."
ദോശ ചുട്ടു കൊണ്ടിരുന്ന അവനെ ആശ്ലേഷിച്ചു നിറുകിലൊരു മുത്തം കൊടുത്ത്, ടെറസ്സിലേക്കുള്ള പടികയറാൻ തുടങ്ങി ; അനന്തു ദോശചുട്ടു കഴിക്കാനും .
മുകളിലെ മൂലയിൽ കിടന്ന ഒറ്റക്കാലൊടിഞ്ഞ ഒരു പ്ലാസ്റ്റിക് കസേര നേരെപിടിച്ചിടുമ്പോൾ, ഉപയോഗശൂന്യമായ തന്റെയീ ശരീരത്തെ ഒരല്പനേരത്തേക്ക് താങ്ങാനുള്ള കരുത്ത് അതിനുണ്ടാകുമെന്നവൾക്ക് ഉറപ്പായിരുന്നു. കയ്യിൽക്കരുതിയ വിവാഹസാരിയിൽ മുഖംപൂഴ്ത്തി വീണ്ടുമൊരുനിമിഷം! തന്റെ കൗമാരവും യൗവ്വനവും കുരുക്കിയിടപ്പെട്ട ആ സാരികൊണ്ട് അവൾ ജീവന്റെ നാഢിയിലൊരു കുരുക്കിട്ടു. കസേരയ്ക്കുമേലെ കയറി ട്രെപ്പീസ്കാരിയെപ്പോലെ ബാലൻസ് ചെയ്തുനിന്നു. കുരുക്കിന്റെ കെട്ടുഭാഗം വലതുചെവിയുടെ പുറകിലേക്കു നീക്കി , ആസ്‌ബെസ്റ്റോസ് മേൽക്കൂരയുടെ ഇരുമ്പുപൈപ്പിൽ സാരി കെട്ടിയുറപ്പിച്ചു. നേരം വെളുത്തിട്ടില്ല. പുലർകാല പക്ഷികളുടെ കുതൂഹലങ്ങൾക്കു കാതുകൊടുത്ത് കണ്ണടച്ചുനിന്നു. പിന്നെ വലതുകാൽ മുന്നോട്ടു നീട്ടിവെച്ചു! ഒരുകാലില്ലാത്ത കസേരയൊന്നുലഞ്ഞു. ഒട്ടും കൂസാതെ ഇടങ്കാലും നീട്ടിവെച്ച് താഴേത്തൊടിയിലേക്കിറങ്ങി നടന്നു . പോകുമ്പോൾ മകൻ ദോശ കഴിക്കുന്നതൊന്നും ശ്രദ്ധിച്ചില്ല. താഴെത്തൊടിയിലെ കിണറിനരികിലുള്ള റാട്ടപ്പുരയിലേക്കാണവൾ നടന്നു കയറിയത്. അവിടെ ദുർബ്ബലമായൊരു ഇരുമ്പു പൈപ്പിൽക്കെട്ടിയ തൊട്ടിക്കയറിൽ
കഴുത്തൊടിഞ്ഞ ശിരസ്സുമായി അവളുടെ ഭർത്താവ്, തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അയാളുടെ കാൽച്ചുവട്ടിൽ സ്ഥാനംതെറ്റിയ നിലയിൽ ഒരു ഇരുമ്പുതൊട്ടി കിടപ്പുണ്ട്. അതെടുത്തയാളുടെ കാൽക്കീഴിൽ വെക്കാനവളൊരു പാഴ്ശ്രമം നടത്തി, മാറ്റിയിട്ടു.
"രാജേട്ടാ." ആർദ്രയായി അവൾ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല.
വീണ്ടും വീണ്ടും വിളിച്ചപ്പോൾ അവനു ദേഷ്യം വന്നു.
"കൊർച്ച് സമാദാനം തെര്വോ യ്യ്?"
"കഴിഞ്ഞ പന്ത്രണ്ട്വോല്ലം ഇങ്ങനെ കെട്ന്നിട്ടും ഇതുവരെങ്ങക്ക് സമാദാനം കിട്ടീലേ ? "
അവനൊന്നും മിണ്ടിയില്ല.
"രാജേട്ടാ..."
അവൻ ശിരസ്സനക്കാൻ ശ്രമിച്ചു പരാജിതനായി.
"രഞ്ജി, അനക്കിപ്പോന്താ വാണ്ടത്?"
"ഇത്രകാലം ല്ലാത്തതൊന്നും ഇന്യെനിക്കു വാണ്ട."
തുറിച്ചുനിന്ന കണ്ണുകൾ അവളെയൊന്നു നോക്കി.
"ഞാനും ഇങ്ങളെടുത്തിക്കു പോന്നു." അതുംപറഞ്ഞവൾ അവന്റെ കാൽച്ചുവട്ടിൽ ഇരുന്നു.
"അപ്പോ മ്മളെ കുട്ട്യോളോ ?"
"ഓ, കുട്ട്യോളെപ്പറ്റി ഓർമ്മള്ളൊരാള്! "അവൾ കാർക്കിച്ചൊന്നു തുപ്പി.
"കൊല്ലെത്രായി രാജേട്ടാ, ഇങ്ങള് അയ്റ്റിങ്ങളേം ന്നേം ഒഴിവാക്കി ഇവിടെങ്ങനെ കഴിയാന്തൊടങ്ങീട്ട്?"
അതിനവൻ ഒന്നും പറഞ്ഞില്ല.അവളാ മുഖം പിടിച്ചുയർത്താൻ ശ്രമിച്ചു. ഇടംവലം ആടിയതല്ലാതെ അതുയർന്നില്ല.അവൾക്കു കരച്ചിൽ വന്നു. പത്തുപന്ത്രണ്ടു വർഷങ്ങളിലെ സങ്കടങ്ങളുടെ ഭാണ്ഡം അവനുമുമ്പിൽ തുറന്നുവെച്ചു ! അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. പുറത്തേക്കുതള്ളിയ നാക്ക് അവളോടെന്തോ പറയാൻ കൊതിച്ചു.
"രാജേട്ടാ, മ്മളെ അനന്തു മാത്രേ ന്നോട് സ്നേഹം കാട്ടാറുള്ളൂ.. ബാക്കി രണ്ടും ങ്ങളെപ്പോലെ....!"
കരഞ്ഞുകൊണ്ടവൾ തുടർന്നു..
"ഇയ്ക്കും മടുത്ത്ക്ക്ണ് .കാര്യം കള്ളുട്യോക്കെണ്ടെങ്കിലും, ന്നെ അടിക്കേം തൊഴിക്കേംക്കെ ചെയ്തിരുന്നെങ്കിലും ങ്ങളച്ഛന്ണ്ടേരുന്നപ്പോ, ഇക്കൊന്നിനും ഒരു മുട്ടില്ലേർന്നു."
അതുകേട്ടതും അവൻ ഞെരിപിരികൊണ്ടു.അപ്പോളവൾ ഇതും കൂട്ടിച്ചേർത്തു."മൂപ്പർക്ക് വേണ്ടാത്ത പൂത്യോക്കെ ണ്ടേർന്നത് ഞാൻ കണ്ടില്ലാച്ചതാണ് . പക്ഷേ ,കാലു വയ്ക്കാത്തങ്ങളമ്മയ്ക്ക് കക്കൂസിപ്പോകാനും , തൂറ്യാ കഴുകിക്കാന്വോക്കെ ഞാന്തന്നെ വേണം. ന്നാലോ,ഓല്ക്കെന്നെ കണ്ണെടുത്താ കണ്ടൂടാ.. എപ്പഴും ചീത്തന്നെ ചീത്തോളി. " അവനൊന്നു മൂളി.
" ഇപ്പൊ ഇനിക്കും കുട്ട്യോൾക്കും എന്താവശ്യത്തിനും ങ്ങളേട്ടന്റെ വയ്ത്താലെ കൂടണം.
കണ്ണീരുതുടച്ചു, മൂക്കു പിഴിഞ്ഞ് റാട്ടപ്പുരയുടെ സിമന്റടർന്ന ചുമരിൽ തുടച്ചിട്ട് അവൾ അവനെയൊന്നു നോക്കി.
"ഒരു പെട്രോള്പമ്പിലോ, തുന്നപ്പീടീലോ പണിക്കുപോട്ടേ ചോയ്ച്ചാൽ സമ്മയ്ക്കൂല്ല ങ്ങളേട്ടൻ . അടങ്ങ്യൊതുങ്ങി കയിഞ്ഞോന്ന് ചൂടാവും ."
മുഖം കുനിച്ചിരുന്ന് ആത്മനിന്ദയോടെ അവൾ പിറുപിറുത്തു.
"പുത്യേത് വാങ്ങണെങ്കി മൂപ്പരോടെങ്ങനേ ചോയ്ക്കേച്ചിട്ടു, ഇലാസ്റ്റിക് കീറ്യേതും കൊളുത്ത് വിട്ടതും തന്നെപ്പഴുംന്റെ മാക്സീന്റടീല് !"
വാഴക്കൂമ്പുപോലെ ഞാന്ന ശിരസ്സുമായി നിസ്സംഗനായി തൂങ്ങി ക്കിടന്നതല്ലാതെ ഒരാശ്വാസവാക്കു മിണ്ടാൻപോലും അവനായില്ല.
അവൾക്കു സങ്കടം നിറഞ്ഞു.
"ഏട്ത്യമ്മയ്ക്കാണെങ്കി ഭയങ്കര സംശയാണ്. ഞാനൊരു വിധവല്ലേ.പോരെങ്കി ഓലേക്കാളും നെറോം ചൊർക്കും. ആണിന്റെ ചൂടുകൊതിച്ചു കഴിയണോളാണ് ഞാൻന്നല്ലേ ഓരുടെ വിചാരങ്ങൾ!
"രാജേട്ടാ, ങ്ങള് ന്നെ മടുത്തൂന്ന് പറഞ്ഞ അന്ന് ന്റെ എല്ലാ വികാരങ്ങളും കുടഞ്ഞുകളഞ്ഞോളാണ് ഞാൻ. അയ്നിപ്പഴും ഒരു മാറ്റംല്ല്യ ... "
അതിനും അവൻ മിണ്ടിയില്ല.
"ന്റൊപ്പം കയ്യുമ്പളും ഇപ്പളും ങ്ങക്ക് ഇന്നോട് മുണ്ടാനല്ലേ മടി ?"
അവളിരുന്നു പതം പറയുന്നതുകേട്ട് രണ്ടെണ്ണം പൊട്ടിക്കാൻ അവന്റെ കൈതരിച്ചു. ഉയർത്താൻ പോയിട്ടൊന്നു ചലിപ്പിക്കാനാവാത്ത കൈകളിലേക്കവൻ കണ്ണയച്ചു.
"യ്യ്പ്പോ പോ രഞ്ജി.. ഞാനോ പൊട്ടനായിപ്പോയി.!അന്റെ മേത്തെ ചൂട് വിടും മുമ്പെങ്കിലും തിരിച്ചുപോ.. മ്മളെ കുട്ട്യോൾക്ക് വേണ്ട്യങ്കിലും..! "അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവസാനവാചകം അവളുടെ ഹൃദയം തൊട്ടു. "അപ്പോങ്ങളെന്തിനാ തൂങ്ങ്യേത്?"
കഫക്കട്ട പറിഞ്ഞപോലൊരു ചുമയുടെ ഒടുവിൽ മുക്കിമൂളി അവനിങ്ങനെ പറഞ്ഞു.
"കള്ളും സിഗർട്ടും ന്റെ കരളും നെഞ്ഞും നാശാക്കി.. ഇനിന്നെ ഒന്നിനും കൊള്ളൂലാന്ന് ഡോക്ടറു പറഞ്ഞപ്പോ.....!"
"അയ് ശരി. അപ്പോ ങ്ങളോട് ഞാൻ കെഞ്ചിപ്പറഞ്ഞില്ലേർന്നോ രാജേട്ടാ, ഇതൊക്കെ?"
"പോയ വണ്ടിക്ക് വെർതെ കയ്യുകാട്ടണോ ? യ്യ് പൊയ്ക്കോ "
ചത്തവന്റെ വാക്കുകേട്ടു തിരിച്ചു നടക്കുമ്പോൾ, ഒരു നിലവിളി അവളുടെ കാലിൽ ചുറ്റിപ്പിടിച്ചു . അശാന്തിയുടെ മനോവിക്ഷോഭങ്ങൾ മാത്രം സമ്മാനിച്ച കല്യാണസാരിയിൽ അന്നാദ്യമായി അവൾ സ്വസ്ഥതയറിഞ്ഞു.