ഡോക്ടർ വിളിയ്ക്കുന്നതും കാതോർത്ത് അരവയറും നിറവയറുമായി കാത്തിരുന്ന പല സ്ത്രീകളുടെയും ഇടയിൽ ആ ഹോസ്പിറ്റൽ കോറിഡോറിൽ ഇരുന്നപ്പോൾ തനിയ്ക്ക് ശ്വാസം മുട്ടുന്നതായ് അവൾക്ക് തോന്നി. കാത്തിരിപ്പ് ഇത്തിരി മുഷിഞ്ഞ് തുടങ്ങിയപ്പോൾ സീറ്റിനരികെയുള്ള ജനാലയിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു. ഹോസ്പിറ്റലിന് പിറകിലെ തരിശ് പറമ്പിൽ സിറിഞ്ചുകളും മാസ്കുകളും മരുന്നുകുപ്പികളും കുപ്പിച്ചില്ലുകളും പ്ളാസ്റ്റിക്കുമെല്ലാം കുമിഞ്ഞ് കൂടി ഒരു ഗോളഗോപുരം തീർത്തിരിക്കുന്നതായ് കണ്ടപ്പോൾ മനംപുരട്ടി. അതും കൂടിയായപ്പോൾ സംഗതി ഏതാണ്ടവൾക്കുറപ്പായി കഴിഞ്ഞിരുന്നു.
ഗൈനക്കോളജിസ്റ്റിനെ കാണാൻ എന്താ ഒറ്റയ്ക്ക് വന്നത് എന്ന ചോദ്യം അവിടെയിരുന്ന പലരും തന്നോട് ചോദിയ്ക്കാതെ ചോദിയ്ക്കുന്നത് അവൾ കണ്ടു. അകത്ത് ചെല്ലുമ്പോൾ പറയണ്ട ഉത്തരങ്ങൾ ഒരു പരീക്ഷയുടെ തലേ ദിവസം എന്ന പോലെ അവൾ മനസിൽ ഉരുവിട്ട് പരിശീലിച്ചുകൊണ്ടിരുന്നു. അതെ.... അതൊരു പരീക്ഷ തന്നെയായിരുന്നു. മുമ്പിതുവരെ എഴുതാത്ത ഒരഗ്നിപരീക്ഷ. പെട്ടന്നായിരുന്നു പേര് വിളിച്ചത്. താനൊരു തെറ്റും ചെയ്തിട്ടില്ലായെന്ന് സ്വയം പറഞ്ഞുകൊണ്ടവൾ അകത്ത് കയറി. ഹൃദയം കൂടുതൽ വേഗത്തിൽ താളം പിടിച്ച് തുടങ്ങിയിരുന്നെങ്കിലും ബി.പി നോർമൽ ആണെന്ന് നഴ്സ് ആദ്യത്തെ പരിശോധനയിൽ തന്നെ പ്രഖ്യാപിച്ചു. വെയിറ്റ് നോക്കാൻ വേണ്ടി ചെരിപ്പഴിക്കുമ്പോഴാണ് വളരെ സാധാരണമായ ഒരു ചോദ്യം വന്നത്.
‘പ്രെഗ്നെൻറ് ആണോ’
നഴ്സിൻറെ ചോദ്യത്തിന് പതറാതെ, അല്ല എന്നുത്തരം പറയാൻ അവൾ പരിശ്രമിച്ചു. ഒടുവിൽ ഡോക്ടറുടെ മുന്നിൽ ചെന്നിരുന്നു.
‘എന്ത് പറ്റി?’ ധൃതിയിൽ ഡോക്ടർ ചോദിച്ചു.
‘പീരിയഡ്സ് ആയില്ല. നാൽപ്പത് ദിവസമായി.’
‘മാരീഡ് ആണോ?’
‘അല്ല’
‘നോർമ്മലി ഇങ്ങനെ ലേറ്റാവാറുണ്ടോ?’
‘ഇല്ല... ഇതാദ്യമായിട്ടാ..’
‘തൈറോയ്ഡ് ഒന്നു ചെക്ക് ചെയ്യണം.. എന്നിട്ട് റിസൾട്ടും ആയി നാളെ വന്നാ മതി. ഈ മെഡിസിൻസും കഴിയ്ക്കൂ... നോക്കാം.’
‘താങ്ക്യൂ ഡോക്ടർ’
കഴിഞ്ഞ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ വരെ വളരെ നോർമ്മൽ ആയിരുന്ന ഒരാളായിരുന്നു അവൾ. സ്ഥിരനിയമനം കിട്ടിയിട്ടും ശമ്പളം കിട്ടി തുടങ്ങിയിട്ടില്ലാത്ത തൻറെ അധ്യാപന ജോലിയും തീർത്ത് ധൃതിയിൽ ഹോസ്റ്റലിലേക്ക് വന്നുകയറുമ്പോൾ പിറ്റേന്ന് ശനിയാഴ്ചയാണല്ലോ എന്നുള്ള സമാധാനമായിരുന്നു. തെല്ലും ആലോചിച്ച് നിൽക്കാതെ വേഗം കുളി കഴിച്ച് അൽപ്പം ചായയും ആർത്തിയോടെ കുടിച്ച് അവൾ ലാപ്ടോപ്പിനു മുന്നിൽ ഇരുന്നു. ഇനിയുള്ള നാല് മണിക്കൂർ ഓൺലൈൻ ക്ളാസ് എടുക്കുന്നതാലോചിച്ചപ്പോൾ എവിടുന്നോ ഒരു മടുപ്പ് ഇരച്ച് കയറി വന്നു. അപ്പോഴേക്കും യാന്ത്രികമായ് അവൾ ക്ലാസ് തുടങ്ങിക്കഴിഞ്ഞിരുന്നു. ശമ്പളം കിട്ടി തുടങ്ങുന്നത് വരെ വേറെ വഴിയില്ലായെന്നവൾ സ്വയം നിശ്വസിച്ചു. അന്ന് രാത്രി ഒരുവിധം ക്ളാസ് തീർത്ത് കിടക്ക വരെയെത്തിയപ്പോൾ കണ്ണടഞ്ഞ് തുടങ്ങിയിരുന്നു. അവൾ പോലുമറിയാതെ അവളുടെ നിദ്രയുടെ ആവേഗങ്ങൾ പെട്ടെന്നായിരുന്നു ആ തീവണ്ടിയുടെ പാളത്തിനോട് ചേർന്ന് സമാന്തരമായും ഇടയ്ക്ക് വളഞ്ഞും പുളഞ്ഞും സഞ്ചരിച്ച് തുടങ്ങിയത്. ഫാനിൻറ്റെ പതിഞ്ഞ കാറ്റിന് കീഴെ കിടക്കയിൽ ചുരുണ്ടുകൂടി കിടന്ന് അവൾ തീവണ്ടി പായുന്നത് കാതോർത്തു. അതിനേക്കാൾവേഗത്തിൽ അവളും പാഞ്ഞു. അജ്ഞാതമായ ഏതൊക്കെയോ ഭൂമികയിലൂടെ കാലത്തിനും ദേശത്തിനുമെല്ലാം അതീതമായി.
സ്വപ്നങ്ങളുടെ ആ മായിക ഗർഭപാത്രത്തിൽ നിന്നും പൂർണ്ണവളർച്ചയെത്തിയിട്ടും പുറത്തുവരാൻ ആഗ്രഹിക്കാത്ത പോലെ ചുരുണ്ട് കിടക്കുകയായിരുന്നു അവൾ. അലാറം അടിച്ചപ്പോൾ യാഥാർത്ത്യത്തിൻറെ ദുർഗന്ധം വമിക്കുന്ന ചവറുകൂനയിലേക്ക് പിറന്ന് വീണെന്ന പോലെ ഒരമ്പരപ്പോടെ അവൾ കണ്ണ് തുറന്നു. പിന്നെ കഴിഞ്ഞരാത്രിയിൽ പോയവഴികളിലേക്കൊന്ന് പിന്തിരിഞ്ഞ് നടക്കണമെന്നോണം തലയിണയുടെ ഓരം പറ്റിയങ്ങനെ കിടന്നു. സ്വപ്നത്തിൽ കണ്ട ട്രെയിൻയാത്രയും കരിമ്പനയും കാറ്റും മലകളുമെല്ലാം ഉപബോധത്തിൻറെ നീർച്ചുഴികളിൽ ഊളിയിട്ടിറങ്ങി അവൾ വീണ്ടെടുത്തു. സ്വപ്നത്തിൽ ആണെങ്കിലും വീണ്ടും ആ യാത്ര ചെയ്യാൻ കഴിഞ്ഞത് എന്ത് ഭാഗ്യമാണ്. ഓർമ്മയുടെ ഏത് നൂൽപ്പാലത്തിൽ നിന്നാണോ ആ യാത്രയിലെ ബിംബങ്ങൾ പാളം തെറ്റി മനസ്സിലേക്ക് പാഞ്ഞെത്തിയതെന്നും അറിയില്ല. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് വല്യമ്മായിയെ കാണാൻ കോയമ്പത്തൂരേക്ക് ആ യാത്ര പോയത്. പക്ഷെ പാലക്കാട് എത്തിയപ്പോഴാണ് യാത്രയ്ക്ക് ഒരു ഹരം വെച്ച് തുടങ്ങിയത്. മുടിയഴിച്ചിട്ട കരിമ്പനകൾക്കിടയിലൂടെ കണ്ട മലകൾ അന്നവൾക്ക് സമ്മാനിച്ച ചിന്തകൾ. അതെ! ഭൂമി നിറവയറുമായ് നിൽക്കുകയായിരുന്നു അന്നവിടെ. ഓജസ്സൊട്ടും കെടാത്തവളായി... ജീവൻറെ തുടിപ്പായി. ഒരിയ്ക്കലും നിർവചിക്കാനാവാത്ത നിറവായ്. അന്നവൾ കയ്യിൽ എപ്പോഴും കൊണ്ടുനടക്കാറുള്ള ഡയറിയിൽ മെല്ലെ എന്തൊക്കെയോ കുറിച്ചു. ആ വരികൾ ഓർമ്മിച്ചെടുക്കാൻ അവൾ കട്ടിലിൽ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു.
........ ഹിൽസ് വിത്ത് റോട്ടണ്ട് ടോപ്പ്സ്,
ദി വൂംബ് ഓഫ് എർത്ത്.
ഹിൽസിനു മുന്നേ താനെഴുതിയ വാക്കെന്താണെന്ന് എത്രയാലോചിച്ചിട്ടും അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. കാലം അദൃശ്യമായ കോണുകളിലെവിടെയോ അവയെ ഒളിപ്പിച്ചിരുന്നു. “റോട്ടണ്ട് ടോപ്പ്സ്” അതവൾ നന്നായി ഓർക്കുന്നു. “റൌണ്ട് ടോപ്പ്സ്” എന്നെഴുതിയത് രേവതി ടീച്ചറെ കാണിച്ചപ്പോൾ അവരാണ് തിരുത്തി “റോട്ടണ്ട് ടോപ്പ്സ്” എന്നാക്കിയത്. എത്ര നല്ല ആശയമായിരുന്നു അത്. ഗർഭിണിയായ ഭൂമി. അന്നത്തെ ഭാവനകളുടെ മായികലോകമെല്ലാം എങ്ങോ മറഞ്ഞുപോയെന്ന് വേദനയോടെയവൾ ഓർത്തു. ബി എഡ് ക്ലാസ്സിൽ പഠിക്കുമ്പോൾ രാപ്പകൽ ഇല്ലാതെയെഴുതി. ലെസൺ പ്ലാൻസ് റെക്കോഡ്സ് അങ്ങനെ അർഥശൂന്യമായി എന്തൊക്കെയോ. അതിനിടയിൽ കിഴക്കൻ കാറ്റും കരിമ്പനകളും ചുവന്ന ചക്രവാളങ്ങളും മറഞ്ഞുതുടങ്ങിയിരുന്നു. ഒരിയ്ക്കലും തിരിച്ചുപിടിയ്ക്കാൻ പറ്റാത്ത സീമകളിലേക്ക്. അവൾ പിന്നെയും മനസ്സിൽ ആ വരികൾ ഓർത്തെടുക്കാൻ തുടങ്ങി.
........ ഹിൽസ് വിത്ത് റോട്ടണ്ട് ടോപ്പ്സ്,
ദി വൂംബ് ഓഫ് എർത്ത്.
അവൾ അറിയാതെ വയറിൽ കൈവെച്ചു. പെട്ടെന്നൊരു ഞെട്ടലോടെ വീണ്ടും കൈവെച്ചമർത്തി. വേദനയൊന്നും തോന്നുന്നില്ല. തുടകൾക്കിടയിൽ ചോരയുടെ നനവില്ല. ധൃതിയിൽ ഫോണെടുത്ത് തിയ്യതി നോക്കി. നാൽപ്പത് ദിവസം. ഇല്ല... ഇതുവരെ ഇത്രയും പോയിട്ടില്ല. ഇങ്ങനൊരു പതിവ് ഇല്ലേയില്ല. പക്ഷെ പതിവില്ലാത്തതൊന്ന് കഴിഞ്ഞമാസം സംഭവിച്ചുവെന്നത് സത്യമാണ്. ആ നിമിഷം താൻ ശരിയ്ക്കും ഗർഭിണിയാണെന്നവൾക്കുറപ്പായിരുന്നു.
ദേവി ടീച്ചർ ഗവൺമെൻറ് ഗേൾസ്സ് സ്കൂളിൽ ജോലികിട്ടിപ്പോയപ്പോൾ വന്ന ഗസ്റ്റ് വേക്കൻസിയിൽ ജോയിൻ ചെയ്തതായിരുന്നു അയാൾ. ആദ്യം ഉപചാരപൂർവ്വം അങ്ങോട്ടുമിങ്ങോട്ടും കൈമാറിയ ഒരു ചിരി. പിന്നെ ഇടയ്ക്കിടയ്ക്കുള്ള ചെറിയ വർത്തമാനങ്ങൾ. സ്കൂളിനടുത്തുള്ള ഗ്രീൻ വാലി ഹോട്ടലിൽ വെച്ച് അന്നാദ്യമായ് ഒരുകാപ്പികുടി. വീക്കെൻഡിൽ ഒരു ഔട്ടിങ്ങിനു വരുന്നോയെന്ന് ചോദിച്ചപ്പോൾ നോ എന്ന് പറയാൻ അവൾക്ക് തോന്നിയില്ല. അത്ര ദൂരേയ്ക്കൊന്നുമല്ലല്ലോ. പിന്നെ സ്കൂളും ഓൺലൈൻ ട്യൂഷനുമല്ലാതെ എന്തെങ്കിലും ജീവിതത്തിൽ വേണമല്ലോ എന്ന് ചിന്തിച്ചുപോയി. ആ യാത്രയിലാണ് അയാളുമായി കൂടുതൽ അടുത്തത്. അയാൾക്കൊപ്പം വെള്ളച്ചാട്ടത്തിനരികിലുള്ള പാറമേൽ ഇരുന്നതവൾ ഓർത്തു. ദൂരെ നിന്നു വരുന്ന വണ്ടികളുടെ ശബ്ദം വളരെ നേർത്തതായി കേൾക്കാമായിരുന്നപ്പോൾ. അതിനോടൊപ്പം അടുത്തൊരു അമ്പലത്തിൽ നിന്നുമൊഴുകിയ കീർത്തനവും. അങ്ങനെ കാതോർത്തിരുന്നപ്പോൾ ഇനിയൊരിയ്ക്കലും തിരിച്ചുകിട്ടില്ല എന്ന് കരുതിയ എന്തൊക്കെയോ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നതു പോലെ അവൾക്ക് തോന്നി. എവിടേയ്ക്കാണ് പോകേണ്ടതെന്ന് വ്യക്തമായി അറിയും പോലെ ആ വെള്ളച്ചാട്ടം താഴേയ്ക്ക് പതിച്ചുകൊണ്ടേയിരുന്നു അതിൻടെ നിതാന്തമായ ശാന്തിയിൽ ലയിച്ചുചേരണമെന്നപ്പോൾ അവളുടെ ഉൾക്കാമ്പ് മന്ത്രിച്ചു.. പെട്ടന്നാണയാൾ വിളിച്ചത്.
‘അതേ ഇങ്ങനെയിരുന്നാ മതിയോ? താഴെ കൊട്ടവഞ്ചിയുണ്ട്.
ഒന്ന് കറങ്ങീട്ട് വരാം.’
അവൾ സമ്മതമെന്ന് മൂളി. കൊട്ടവഞ്ചിയിലൂടെയങ്ങനെ ഉൾത്തടങ്ങളിലേക്ക് നീങ്ങിയപ്പോൾ ആ പുഴയുടെ സിരകളിൽ തൻറെ ആത്മാവിനെ തന്നെ ബന്ധിച്ചെന്നോണം നിൽക്കുന്ന ചില മരങ്ങളെയും കാണാമായിരുന്നു. അപ്പോഴാണവളത് ശ്രദ്ധിച്ചത്. പുഴയിൽ വേരൂന്നിയ ഒരു പാതിയൊടിഞ്ഞ മരക്കൊമ്പിൽ അനേകം പ്ളാസ്റ്റിക്ക് കവറുകൾ ഉടക്കി കിടക്കുന്നു. അവളുടെ മുഖഭാവം കണ്ടിട്ടെന്നോണം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വന്നടിഞ്ഞതാണെന്ന് വഞ്ചിക്കാരൻ മെല്ലെ മൊഴിഞ്ഞു. പല നിറത്തിലുള്ള പ്ളാസ്റ്റിക്ക് കവറുകൾ..... പ്രകൃതി കൊടിയുയർത്തി പ്രതിഷേധിക്കുകയാണെന്നവൾക്ക് തോന്നി.
വഞ്ചി വെള്ളച്ചാട്ടത്തിന് അരികിലേയ്ക്ക് നീങ്ങുകയായിരുന്നു. മുകളിൽ നിന്ന് ആർത്തുപതിച്ച ജലകണങ്ങൾ അവളുടെ മുഖത്ത് തട്ടിച്ചിതറിയപ്പോൾ അയാൾ അവളെ പ്രണയപൂർവ്വം നോക്കിയതും പിന്നെ കൈകൾ ചേർത്തുപിടിച്ചതുമെല്ലാമവൾ ഓർത്തു. പെട്ടെന്നുണ്ടായ തിരിച്ചറിവിൽ ഭയന്നിരുന്നിട്ട് കാര്യമില്ല എന്നവൾ ഉറപ്പിച്ചു. എത്രയും വേഗം ഹോസ്പിറ്റലിൽ പോവണം. ശനിയാഴ്ചയായത് നന്നായി. ഇത്രയും ദിവസം താനിത് ചിന്തിച്ചില്ലല്ലോയെന്നോർത്ത് അവൾക്ക് സ്വയം വെറുപ്പ് തോന്നി. ബസ്സിൽ ഹോസ്പിറ്റൽ വരെയുള്ള മിനിമം ചാർജ് യാത്രയ്ക്കിടയിൽ ആർത്തിരമ്പി വന്ന കണ്ണുനീർ അവൾ കടിച്ചമർത്തി. ബ്ലോക്കിനിടയിൽ ഇഴഞ്ഞുനീങ്ങിയ ബസ്സും ചെവിതുളച്ച് കയറി വന്ന ഹോണുകളും. ഇതിനിടയിൽ ഡോക്ടറോട് പറയണ്ടകാര്യങ്ങളെല്ലാം അവൾ മനസിലുരുവിട്ടുകൊണ്ടിരുന്നു.
എന്നാൽ കൺസൾട്ടേഷൻ കഴിഞ്ഞ് ഡോക്ടറുടെ റൂമിൽ നിന്നിറങ്ങിയപ്പോൾ കുട്ടിക്കാലത്ത് ആദ്യമായി പ്രസംഗം പറയാൻ സ്റ്റേജിൽ കയറിയത് അവളോർത്തു. അന്ന് കാണാതെ പഠിച്ചതെല്ലാം മനസിലുണ്ടായിരുന്നെങ്കിലും മൈക്കിനു മുന്നിൽ ഒരു തരിമ്പ് ശബ്ദം പോലും പുറത്ത് വന്നില്ല. ഡോക്ടറോട് ഒന്നും പറയാനാകാതെ ഹോസ്പിറ്റൽ മുറിയിൽ നിന്നിറങ്ങിയതോർത്ത് അവൾക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല.
അവൾ ഹോസ്പിറ്റൽ ബാത്ത്റുമിൽ കയറി ഒരിയ്ക്കൽ കൂടി പരിശോധിച്ചു. ഇല്ല...ഒരു തുള്ളി ചോരപോലും ഇല്ല. ആ ബാത്ത്റൂമിലെ ദുർഗന്ധം ശ്വാസം മുട്ടിച്ചു. വീണ്ടും മനംപുരട്ടി. ഒരുവിധം അവൾ ബാത്ത്റൂമിൽ നിന്നിറങ്ങി. രണ്ടും കൽപ്പിച്ച് റോഡിലൂടെ നടന്നു. ഹോസ്പിററലിന് പിൻവശത്തുള്ള ഷോട്ട്കട്ടിലൂടെ ബസ്റ്റോപ്പിലേക്ക് കടക്കാമെന്നവൾ കരുതി. ഇനിയെന്തെന്നറിയാത്ത തൻറെ ശേഷിക്കുന്ന ജീവിതത്തിലേക്ക് വേഗമെത്താനെന്നോണം. ഹോസ്പിറ്റലിന് പിന്നിലെ തരിശ് പറമ്പിൻറെ ഓരത്തൂടെ അവൾ മെല്ലെ നടന്നു. ആ തരിശ് ഭൂമിയിൽ ആധുനികതയുടെ അവശിഷ്ടങ്ങൾ കുമിഞ്ഞ്കൂടി ഒരു പെരുവയറ് പോലെ കിടന്നു. ആ ഭൂമിയാകട്ടെ ഏതോ അവിഹിതവേഴ്ചയുടെ നിതാന്തസ്മാരകമായ് അവശേഷിച്ച നിറവയറുമായെന്നോണം നിസംഗമായ് ആരോരുമില്ലാത്തവളായ് അങ്ങനെ നിന്നു.
ബസ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ അവൾക്ക് ബസ്സ് കിട്ടി. എത്ര ചിന്തിച്ചിട്ടും മുഴുവനായ് ഓർത്തെടുക്കാൻ കഴിയാത്ത ആ വരികളും മൂളിക്കൊണ്ടവൾ ജനാലയ്ക്കരികിലുള്ള സീറ്റിൽ ഇരുന്നു.
........ ഹിൽസ് വിത്ത് റോട്ടണ്ട് ടോപ്പ്സ്,
ദി വൂംബ് ഓഫ് എർത്ത്.