Image

സ്മരണാഞ്ജലി.. യു ഏ ഖാദർ(1935-2020) : പ്രസാദ് എണ്ണയ്ക്കാട്

Published on 12 December, 2024
സ്മരണാഞ്ജലി.. യു ഏ ഖാദർ(1935-2020) : പ്രസാദ് എണ്ണയ്ക്കാട്

മലയാള സാഹിത്യ രംഗത്ത് അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായിരുന്ന യു.എ. ഖാദർ ഓർമ്മയായിട്ട് ഇന്ന് നാലാണ്ട്. പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളുടെ രൂപത്തിൽ ഖാദറിന്റെ രചനകളിൽ സമന്വയിച്ചു.

1935 നവംബർ 16-ന്  കിഴക്കൻ ബർമ്മയിലെ (മ്യാൻമർ) റംഗൂണിനു സമീപം (ഇന്നത്തെ യാങ്കോൺ) മോൺ സംസ്ഥാനത്ത് ജനനം. കേരളത്തിലെ കൊയിലാണ്ടിയിൽനിന്ന് ബർമയിലേക്ക് കുടിയേറിയ മൊയ്‌തീൻ കുട്ടി ഹാജി, ബർമീസ് വംശജയായ മമോദി ദമ്പതികളുടെ പുത്രനായി ഇരാവതി നദിയോരത്തെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യു.എ ഖാദർ ജനിച്ചത് . ഇദ്ദേഹം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മാമൈദി മരണപ്പെട്ടു. മരണകാരണം വസൂരിയായിരുന്നു.പിന്നീട് മാതാവിന്റെ സഹോദരിമാരുടെ സംരക്ഷണയിൽ നവജാതശിശു നന്നായി പരിപാലിക്കപ്പെട്ടു. ഏതാനും വർഷങ്ങൾക്കുശേഷം രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ഈ കുട്ടിയും കുടുംബവും ബർമയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിത്തീർന്നു. എട്ടാമത്തെ വയസ്സിൽ യു എ ഖാദർ പിതാവിനോടൊപ്പം കേരളത്തിലേക്ക് മടങ്ങുകയും പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയിൽ എത്തുകയും ഒരു മലയാളിയായി വളരുകയും ചെയ്തു.കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആർട്ട്‌സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി. ചെന്നൈയിൽ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും സി.എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സാമൂഹ്യ പ്രവർത്തകരുമായുമായി ബന്ധം പുലർത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി സി.എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകാലസഖി എന്ന കൃതി വായിക്കുവാൻ നൽകിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്.

മദ്രാസ്സിൽ താമസിക്കുന്ന കാലത്ത് കേരള സമാജം സാഹിത്യ സംഘവുമായുള്ള ബന്ധം സാഹിത്യ രചനയ്ക്ക് വലിയ മുതൽക്കൂട്ടായി. 1953 മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. 1956-ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലി ആരംഭിച്ചു. 1957 മുതൽ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ , നോവലുകൾ തുടങ്ങി 40-ൽ ഏറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

കോഴിക്കോട് പൊക്കുന്നിലെ 'അക്ഷര' എന്ന ഭവനത്തിലായിരുന്ന അദ്ദേഹം അവസാനകാലത്ത് താമസിച്ചിരുന്നത്. ഫാത്തിമാ ബീവിയാണ് അദ്ദേഹത്തിന്റെ പത്നി. ആൺകുട്ടികളായ ഫിറോസ്, കബീർ, അദീപ് എന്നിവരും സറീന, സുലേഖ എന്നീ പെൺമക്കളുമായി അദ്ദേഹത്തിന് 5 കുട്ടികളാണുള്ളത്.

ശ്വാസകോശാർബുദത്തെ തുടർന്ന് ദീർഘനാൾ ചികിത്സയിലായിരുന്ന ഖാദർ, 2020 ഡിസംബർ 12-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് വൈകുന്നേരം ആറ് മണിയോടെ അന്തരിച്ചു. കോഴിക്കോട് തിക്കോടി മീത്തലപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

അദ്ദേഹത്തിൻ്റെ ഓർമ്മക്കുമുമ്ഫിൽ പ്രണാമം..!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക