ഞാൻ കൃഷ്ണൻ....കുറച്ചു ദിവസങ്ങളായി വീട്ടിൽ ഇല്ലായിരുന്നു. തൊട്ടടുത്തുള്ള അമ്പലത്തിൽ സപ്താഹം ആയിരുന്നേ. ഇത്രേം നാളായിട്ടും ഇവിടുത്തെ ഗൃഹനാഥ എന്നെ ഒന്ന് അവിടെ കൊണ്ടു പോയിട്ടില്ല. ഇത്തവണ എന്തായാലും കൊണ്ടു പോയി. ഭാഗ്യം. അവിടമൊക്കെ ഒന്ന് കാണാൻ കഴിഞ്ഞു. എന്താ ഭംഗി..... എപ്പോഴും വെളിച്ചമാ. കൂടെ വേറെയും കുറെ കൃഷ്ണന്മാർ ഉണ്ടായിരുന്നു.. എല്ലാരുടേം കൂടെ നിന്നപ്പോ വല്ലാത്ത ഒരു സന്തോഷം ആയിരുന്നേ. ഇത്ര നാളും എന്നെ വീട്ടിൽ ഒറ്റയ്ക്ക് നിർത്തിയേക്കുകയല്ലായിരുന്നോ.
എന്നാലും എല്ലാ ദിവസവും ഗൃഹനാഥ അമ്പലത്തിൽ വന്നാലേ സമാധാനം ആകു.. തനിച്ചല്ലേ പാവം. ഇപ്പോൾ ആണെങ്കിൽ ഒരൂട്ടം കുറുവ കള്ളന്മാരും ഉള്ള കാലമല്ലേ. ഏതായാലും ഇത്രേം ദിവസം അവിടെ നിന്നപ്പോൾ ഒരു പ്രത്യേക സുഖം ആയിരുന്നു.. നല്ല ഒന്നാം തരം വായന. പ്രഭാഷണം. ഒക്കെ കേട്ടു കേട്ടു നിന്നു മതിമറന്നു...ഗോപികമാരുടെ തുണി പെറുക്കി ആലിൻ കൊമ്പിൽ കയറിയ എന്റെ കുസൃതിക്കു പിന്നിലെ യഥാർത്ഥ കാരണം ആചാര്യൻ പറഞ്ഞത് തന്നെയാ. തുണി മുഴുവൻ പറിച്ചു കളഞ്ഞിട്ടു പുഴയിൽ ക്രീഡിച്ച ഗോപിക പെണ്ണുങ്ങളെ ഞാൻ ഒരു പാഠം പഠിപ്പിച്ചതാ. കുളിക്കുമ്പോൾ ആയാലും ഒരു സാമാന്യ മര്യാദ വേണ്ടേ.. മറയ്ക്കേണ്ടവ മറച്ചേ ആരും കുളിക്കാൻ ഇറങ്ങാവു.
പിന്നെ ഞാനും ഒരു കൃഷ്ണൻ അല്ലേ.. ആ രുക്മിണീസ്വയം വരം വല്ലാതെ അങ്ങ് മോഹിപ്പിച്ചു. കഴുത്തു നീട്ടി കൊടുത്തെങ്കിൽ രുക്മിണി എന്റെ അടുത്തു വരുമായിരുന്നോ എന്നൊരു അതിമോഹം കേറിയാരുന്നു. പക്ഷെ നടന്നില്ല...അത് കേന്ദ്രത്തിൽ ഇരിക്കുന്ന കൃഷ്ണന് ഉള്ളതായിരുന്നു.. ആൾ പല നിറത്തിൽ വെളിച്ചത്തിൽ മിന്നി തിളങ്ങി നിൽക്കുവല്ലേ. അതിമോഹം പാടില്ലല്ലോ.
എന്റെ തൊട്ടു താഴെ കാമധേനുവുമായി ഒരുത്തൻ നിൽക്കുന്നുണ്ടായിരുന്നു.. അതിനെയും കൂട്ടി രാത്രി ഒന്ന് കറങ്ങാൻ പോകണം എന്നുണ്ടായിരുന്നു. അപ്പുറത്ത് ഗോശാല ഒക്കെ ശൂന്യമല്ലേ. നിറയെ നരിച്ചീറുകൾ ഉണ്ട് ഇപ്പോൾ.
പ്രളയകാലത്തു ഇവിടെ കുറെ പശുക്കളെ കെട്ടിയിരുന്നു.. അന്ന് മനുഷ്യരും മിണ്ടാപ്രാണികളും ഒക്കെ ഒരുപോലെ ഭയന്ന് പോയില്ലേ.പിന്നെ ഇവിടെ വെണ്ണയും ഉറിയും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞങ്ങൾ എല്ലാരും കൂടി ഉറിയിൽ കയറി നോക്കിയേനെ .ഉറി പൊട്ടി ആരുടെയും തലയിൽ വീണി ല്ലല്ലോ എന്നത് ഭാഗ്യമായി..
പിന്നെ ഉച്ചക്ക് ആകെ ഒരു തിരക്കാ. ഭോജനശാലയിൽ നിന്നു ഭക്ഷിച്ചു തിരികെ യജ്ഞശാലയിലേക്ക് ഉച്ച കഴിഞ്ഞു വരുന്നവരുടെ എണ്ണം വളരെ കുറവാ. ഒന്നോ രണ്ടോ പേരും കസേരകളും ഉള്ളു..
അപ്പോൾ ഇനി അടുത്ത കൊല്ലം കാണാം.. അമ്പലം ഇവിടെ കാണും.. ഞാൻ ഇരിക്കുന്ന വീടും ഗൃഹനാഥയും ഇവിടെ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ വരും കേട്ടോ.. പോരാൻ നേരം ഞാൻ ആ രുക്കുവിനെ ഒന്ന് കൂടി ഓട്ടക്കണ്ണിട്ട് നോക്കി. കൂടെ പൊന്നേൽ കൊണ്ടു പോരാമായിരുന്നു. പക്ഷെ കൂടെ നിൽക്കുന്ന ആളിന്റെ കയ്യിൽ നല്ല ഒന്നാം തരം ഓടക്കുഴൽ ഇരിപ്പുണ്ട്.. ഊതാൻ മാത്രമല്ല ദേഷ്യം വന്നാൽ ഒന്ന് തരാനും അത് ഉപയോഗിച്ചാലോന്നു ഒരു പേടി തോന്നിയപ്പോൾ കേട്ടു ഒരു അശരീരി തത്വമസി... അത് നീയാകുന്നു ഞാനും....
ശരിയാ.. സർവ്വം കൃഷ്ണമയം..എന്നാലും ഇപ്പോഴാ .മനുഷ്യരെ പോലെ തന്നെ ദൈവത്തിനും ഉണ്ട് മോഹങ്ങൾ.എന്ന് മനസ്സിലായത്. അതല്ലേ ഒരു രുക്മിണി യെ കണ്ടിട്ട് ആ അമ്പലപ്പറമ്പിൽ നിന്നു പോരേണ്ടാ എന്ന് ഈ പാവം കൃഷ്ണന് തോന്നിപ്പോയത് എന്നല്ലാതെ എന്താ പറയുക..? .