ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്‍ ചിത്രീകരണം ആരംഭിച്ചു. ശ്രീഗോകുലം മുവീസിന്റെ ബാനറില്‍ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ മഹാ ഗണപതി ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും അണിനിരന്ന ചടങ്ങില്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം ഭദ്രദീപം കൊളുത്തി. ചാട്ടേര്‍ഡ് അക്കൗണ്ടന്റ് സനില്‍ കുമാര്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജ്ജ്. ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ബിജു പപ്പന്‍ സ്വിച്ച് ഓണ്‍കര്‍മ്മവും തിരക്കഥാകൃത്ത് ഡോ.കെ.അമ്പാടി ഫസ്റ്റ് ക്‌ളാപ്പും നല്‍കി. മാര്‍ട്ടിന്‍ മുരുകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യ രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
മലയാളത്തിലെ പ്രമുഖരായ പല സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മാത്യൂസ് തോമസ് ആദ്യമായാണ് സ്വതന്ത്ര സംവിധായകനാകുന്നത്. കേന്ദ്ര മന്ത്രി ആയതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഒറ്റക്കൊമ്പന്‍. ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ലാലു അലക്‌സ്, വിജയരാഘവന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്‌ന രാജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.
ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് രചന. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ്ങ് എന്നിവിടങ്ങിലായിട്ടാണ് ചിത്രീകരണം.