Image

എം.ടിയുടെ രണ്ടാമൂഴം ഇനി വെള്ളിത്തിരയില്‍ അനുഭവവേദ്യമാവും

എ.എസ് ശ്രീകുമാര്‍ Published on 29 December, 2024
എം.ടിയുടെ രണ്ടാമൂഴം ഇനി വെള്ളിത്തിരയില്‍ അനുഭവവേദ്യമാവും

സ്വപ്നസമാനമായ ഒരു മോഹം ബാക്കി വച്ചിട്ടാണ് മലയാളികളുടെ പ്രിയങ്കരനായ എം.ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയത്. പലയിടങ്ങളിലും പരാജിതനാവുന്ന ഭീമന്റെ കഥ പറഞ്ഞ എം.ടിയുടെ വിഖ്യാത നോവല്‍ 'രണ്ടാമൂഴം' സിനിമയായി കാണാന്‍ എം.ടി വല്ലാതെ കൊതിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലിഷിലും എം.ടി തയാറാക്കിവച്ചിരുന്നു. ബഹുഭാഷകളിലായി ഈ സിനിമ നിര്‍മിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി എം.ടി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ ആ ഡ്രീം പ്രോജക്ട് പ്രോജക്ട് നിന്നു പോയി.

ഇപ്പോള്‍ എം.ടിയുടെ ജീവിതാഭിലാഷം സാക്ഷാത്കരിക്കാനായി അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ടുവന്നിരിക്കുകയാണ്. വൈകാതെ രണ്ടാമൂഴം എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന പ്രശസ്ത സംവിധായകന്‍ തന്നെയായിരിക്കും രണ്ടാമൂഴത്തിന് ചലച്ചിത്ര ഭാഷ്യമൊരുക്കുക എന്നാണ് വിവരം. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രം പ്രേക്ഷകരിലെത്തുക.

രണ്ടാമൂഴം മണിരത്‌നം സംവിധാനം ചെയ്യണം എന്നായിരുന്നു എം.ടിയുടെ ആഗ്രഹം. ആറ് മാസത്തോളം അദ്ദേഹത്തിനായി എം.ടി കാത്തിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വലിയ കാന്‍വാസില്‍ ചെയ്യേണ്ട സിനിമയായതിനാല്‍ തന്നെ കൂടുതല്‍ സമയം വേണം എന്ന് മണിരത്നം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പ്രോജക്ടില്‍ നിന്ന് പിന്മാറിയ മണിരത്നം തന്നെയാണ് നിലവിലെ സംവിധായകനെ നിര്‍ദേശിച്ചിരിക്കുന്നത്.

രണ്ടാമൂഴം ചലചിത്രമാക്കാനുള്ള ചര്‍ച്ചകളും ആലോചനകളും വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. ഈ സിനിമയെപ്പറ്റി പല ഊഹാപോഹങ്ങളും കാലങ്ങളായി നിലനിന്നിരുന്നൂ. അവയില്‍ ഒന്നായിരുന്നൂ മോഹന്‍ലാല്‍ ഭീമന്റെ കഥാപാത്രം അവതരിപ്പിക്കും എന്ന്. 2017-ല്‍ എം. ടിയുടെ തിരക്കഥയില്‍ യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ സ്ഥാപകന്‍ ബി.ആര്‍ ഷെട്ടി ചിത്രത്തിന്റെ സകല നിര്‍മ്മാണച്ചെലവുകളും ഏറ്റെടുത്തുകൊണ്ട് പരസ്യചിത്ര സംവിധയകാന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ രണ്ടാമൂഴം വെള്ളിത്തിരയില്‍ ഒരുങ്ങുന്നതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു.

മലയാളത്തിനൊപ്പം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രം രണ്ടുഭാഗങ്ങളിലായി ചിത്രീകരിച്ച് 2020-ഓടെ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി കോടതിയെ സമീപിച്ചതിനാല്‍ ചിത്രം പാതിവഴിയില്‍ മുടങ്ങി. എന്നാല്‍ ശ്രീകുമാര്‍ മേനോനും എം.ടിയുമായി ഉണ്ടായിരുന്ന കോടതി വ്യവഹാരം ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതിനാല്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ എം.ടിക്ക് തിരികെ നല്‍കിയും എം.ടിക്ക് തിരക്കഥ രചനയ്ക്ക് നല്‍കിയ 1.25 കോടി രൂപ ശ്രീകുമാര്‍ മേനോന് തിരികെ നല്‍കിയുമാണ് കോടതിക്ക് പുറമേ വെച്ച് കേസ് പരിഹരിച്ചത്. പിന്നീട് മകള്‍ അശ്വതിയെ തിരക്കഥ ഏല്‍പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാനനുള്ള നടപടികള്‍ എം.ടി തന്നെ ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് എം.ടിയുടെ കൂടി താല്‍പര്യപ്രകാരം മേല്‍ സൂചിപ്പിച്ച സംവിധായകനുമായി നേരത്തെ ആലോചനകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ നേരിട്ട് ചര്‍ച്ച നടത്താന്‍ ഈ സംവിധായകന്‍ വരാനിരിക്കെയാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാതിരുന്നതോടെയാണ് കൂടിക്കാഴ്ച നടക്കാതെ പോയത്. ഈ സംവിധായകന്റെ നിര്‍മാണക്കമ്പനിയും എം.ടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നായിരിക്കും രണ്ടാമൂഴത്തിന്റെ നിര്‍മാണ ചുമതലകള്‍ ഏറ്റെടുക്കുക. എം.ടിയുടെ 9 ചെറുകഥകള്‍ ചേര്‍ത്ത് 9 സംവിധായകര്‍ സംവിധാനം ചെയ്ത 'മനോരഥങ്ങള്‍' എന്ന സിനിമ നിര്‍മിച്ചത് എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന നിര്‍മാണക്കമ്പനിയായിരുന്നു.

1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്മാറിയ സമയം അവശേഷിച്ച കാലം കൊണ്ട് എങ്ങനെയെങ്കിലും എഴുതിതീര്‍ക്കണമെന്ന് ആഗ്രഹിച്ച് എഴുതിയ ഒരു നോവലാണ് രണ്ടാമൂഴം എന്ന് എം.ടി പറഞ്ഞിരുന്നു. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ പാണ്ഡവ കുലത്തിലെ രണ്ടാമനായ ഭീമനാണ് കേന്ദ്ര കഥാപാത്രം.

ഭീമന് എല്ലായ്‌പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇതായിരുന്നു അവസ്ഥ. ഇതാണ് പേരിനു പിന്നില്‍ മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമന്‍ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന സംഭവങ്ങളും നോവലില്‍ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു.

പലപ്പോഴും സഹോദരന്മാരുടെ ചിന്തകള്‍ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതല്‍ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു.

ശക്തനായ ഒരു മകനെ കിട്ടാന്‍ വേണ്ടി കാട്ടില്‍ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന്‍ ഒടുവില്‍ അവിടെയും തോല്‍ക്കപ്പെടുന്നു. ഒടുവില്‍ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാന്‍ ഭീമന്‍ തിരിഞ്ഞുനടക്കുന്നു.

മഹാഭാരതത്തില്‍ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തില്‍ വളരെ അടുത്ത് നോക്കികാണാന്‍ എം.ടി ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകന്‍. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തില്‍ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തില്‍ കര്‍ണ്ണനെ വധിക്കാന്‍ കിട്ടിയ അവസരത്തില്‍ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്.

പണ്ടൊരിക്കല്‍ കുന്തി ദേവിയെ കാണാന്‍ ചെന്ന വിശോകന്‍ കര്‍ണ്ണനോട് അവന്‍ തന്റെ മകനാണ്, മൂത്ത പാണ്ഡവനാണ് എന്ന് പറയുന്നത് വിശോകന്‍ കേട്ടു. കഥാതന്തുവില്‍ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്കിലും ഭീമന്റെ മനസ്സില്‍ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന്നു.

അതേസമയം, അഞ്ച് മണിക്കൂറോളം ദൈര്‍ഘ്യമുള്ള തിരക്കഥയായതുകൊണ്ടാണ് രണ്ടു ഭാഗങ്ങളിലായി സിനിമ ഒരുക്കുന്നത്. മണിരത്നം പിന്മാറിയ സ്ഥിതിക്ക്, പ്രസസ്തനായ രാജമൗലിയായിരിക്കും രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബാഹുബലി, ആര്‍.ആര്‍.ആര്‍ പോലുള്ള പാന്‍ ഇന്ത്യന്‍ സിനിമകള്‍ സൃഷ്ടിച്ച രാജമൗലിയ്ക്ക് രണ്ടാമൂഴം ഗംഭീര സിനിമയാക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍. കേന്ദ്ര കഥാപാത്രമായ ഭീമസേനനായി മോഹന്‍ലാല്‍ വരണം എന്ന് ആഗ്രഹിക്കുന്നവരും ഒട്ടും കുറവല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക