കൊച്ചി: യുവ ഛായാഗ്രാഹക കെ.ആര്‍. കൃഷ്ണ (30) അന്തരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നു ശ്രീനഗറില്‍ വച്ചായിരുന്നു അന്ത്യം.
പെരുമ്ബാവൂരിലും കുറുപ്പംപടിയിലും ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്ന മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്ബ്രം രാജന്‍റെയും ഗിരിജയുടെയും മകളാണ്.
പ്രശസ്ത സംവിധായകന്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ "ഹിറ്റ്' സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വര്‍ഗീസാണ് ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു കൃഷ്ണ.
രാജസ്ഥാന്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിംഗിനു ശേഷം ജമ്മു കാഷ്മീരില്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കെയാണു കൃഷ്ണ അസുഖബാധിതയായത്. അസുഖബാധയെ തുടര്‍ന്ന് ഈ മാസം 23-നു കൃഷ്ണയെ ആദ്യം അവിടത്തെ ആശുപത്രിയിലും പിന്നീട് ശ്രീനഗര്‍ ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഏതാനും ദിവസത്തിനുള്ളില്‍ ആരോഗ്യം വീണ്ടെടുക്കുകയും വീട്ടുകാരോട് അടക്കം സംസാരിക്കുകയും ചെയ്തിരുന്നു. അസുഖ വിവരമറിഞ്ഞ് സഹോദരന്‍ ഉണ്ണി ശ്രീനഗറിലെത്തിയിരുന്നു. വാര്‍ഡിലേക്ക് മാറ്റാനിരിക്കെയാ ണ് അന്ത്യം സംഭവിച്ചത്.