എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നടി ആഞ്ജലീന ജോളി (49) യും നടൻ ബ്രാഡ് പിറ്റും (61) തമ്മില്‍ വിവാഹമോചിതരായി.
ഇരുവരും ഡിസംബര്‍ 30ന് വിവാഹമോചന കരാറില്‍ ഒപ്പുവച്ചു. ആഞ്ജലീനയും കുട്ടികളും ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടിയുടെ അഭിഭാഷകനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വർഷങ്ങള്‍ നീണ്ട പ്രശ്നങ്ങള്‍ക്കും തർക്കങ്ങള്‍ക്കുമൊടുവില്‍ ഡിവോഴ്സിന് ധാരണയായതില്‍ ആഞ്ജലീന ജോളിക്ക് ആശ്വാസമുണ്ടെന്നും കേസ് ഇവരെ മാനസികമായി തളർത്തിയിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകൻ ജെയിംസ് സൈമണ്‍ പ്രതികരിച്ചു. ബ്രാഡ് പിറ്റുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2016 ലാണ് ആഞ്ജലീന ജോളി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.