വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരിയിൽ ചിത്രം 4K ദൃശ്യ മികവോടെ തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ചതായിട്ടായിരുന്നു റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവെച്ച സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തിയത് മീനയാണ്. മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്.കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു.
എ. കെ സുനിലിന്‍റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്.