അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’ ഉടന്‍ റിലീസ് ചെയ്യില്ല. പൊങ്കലിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഒഴിച്ചു കൂടാനാകാത്ത സാഹചര്യങ്ങള്‍ കാരണം റിലീസ് മാറ്റിവയ്ക്കുന്നു എന്നാണ് നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കാമെന്നും കാത്തിരിപ്പ് വെറുതെയാവില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
നേരത്തെ വിടാമുയര്‍ച്ചിക്കെതിരേ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ നോട്ടിസ് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിടാമുയര്‍ച്ചിയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷനെതിരേ പ്രമുഖ നിര്‍മ്മാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സ് നോട്ടിസ് അയച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.