ഇന്ത്യാന: ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്റർ മാർക്കോ ലോകത്തെ മുഴുവൻ ചലച്ചിത്ര പ്രേമികളുടെയും മനസ്സിൽ ഒരു കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഷെരീഫ് മുഹമ്മദ് നിർമിച്ച ഈ ചിത്രം ബോക്സ് ഓഫിസ് തകർത്തുകൊണ്ട് മുന്നേറുന്നു. കഥാഗതിയിലെ വ്യത്യസ്തത, ശക്തമായ പ്രകടനങ്ങൾ, കഥാപാത്രങ്ങളുടെ സങ്കീർണമായ മാനസീകാവസ്ഥകൾ എന്നിവ ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം സിനിമയുടെ വിജയത്തിൽ വേറിട്ട് നിൽക്കുന്നു.
ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച മക്കോയുടെ അന്ധനായ സഹോദരൻ വിക്ടർ ആയാണ് ഇഷാൻ ഷൌക്കത്ത് എത്തുന്നത്. അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ പരിചയ സമ്പന്നനായ ഒരു നടനെപോലെ ഇഷാൻ ഷൌക്കത്ത് തന്റെ കഥാപാത്രത്തിന് ആഴവും ആധികാരികതയും കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ സൂഷ്മമായ പ്രകടനം വ്യാപകമായി പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. കണ്ണിലൂടെയും, ശരീര ഭാഷയിലൂടെയും വിക്ടർ എന്ന കഥാപാത്രത്തിന്റെ മാനസീകാവസ്ഥകൾ കൃത്യമായി പ്രേക്ഷകരിലെത്തിക്കാൻ ഇഷാന് കഴിഞ്ഞു. സ്വാഭാവികമായ സംഭാഷണം അവരുടെയും ഹൃദയം കവർന്നിരിക്കുകയാണ്. ഒരു അരങ്ങേറ്റക്കാരന്റെ പരാധീനകളില്ലാത്ത പ്രകടനമാണ് ഇഷാൻ നടത്തിയത്. അൽപ്പം പാളിയിരുന്നെങ്കിൽ അപകട സാധ്യത ഉണ്ടായിരുന്ന കഥാപാത്ര നിർമ്മിതി ഇഷാന്റെ കൈകളിൽ ഭദ്രമായി. പരിചയ സമ്പന്നരായ അഭിനേതാക്കളുടേതു പോലെ അത്രമേൽ തീഷ്ണമായാണ് ഇഷാൻ ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
ഉണ്ണിമുകുന്ദനുമായുള്ള ഇഷാന്റെ രംഗങ്ങൾ, പ്രത്യേകിച്ച് അവർക്കിടയിലെ വൈകാരിക കൈമാറ്റങ്ങൾ സിനിമയുടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നിമിഷങ്ങളായി മാറി. ഇഷാനെ വ്യത്യസ്തനാക്കുന്നത് കഥാപാത്രത്തിന്റെ അന്തരീകലോകത്തിന്റെ പ്രത്യേകതയാണ്. വിക്ടർ സ്വന്തം അന്ധതയുടെ സങ്കീര്ണതകളെ അവിശ്വസനീയമായ സംവേദനക്ഷമയോടെ മുന്നോട്ടുകൊണ്ടുപോകുമ്പോൾ റിയലിസത്തിന്റെ മറ്റൊരു തലം ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവെക്കുന്നു.
മാർക്കോ കഥപറച്ചിലിലെത്തന്നെ ഒരു മാസ്റ്റർ സ്ട്രോക്ക് ആണ്. ആഖ്യാന വൈവിധ്യങ്ങൾക്കു പേരുകേട്ട ഹനീഫ് അദെനി ആഴത്തിലുള്ള വൈകാരിക തലങ്ങൾ സൃഷ്ട്ടിച്ചു പ്രേക്ഷകരിൽ ഭീതി ധ്വനിക്കുന്ന ഒരു കഥ വീണ്ടും രൂപമെടുത്തു അതിൽ വിജയിച്ചു. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും നീതി പിന്തുടരുന്നതിനുമായി പ്രതിബന്ധങ്ങൾക്കെതിരെ പോരാടുന്ന മാർക്കോയുടെ സ്വയം കണ്ടത്തെലിന്റെയും ആക്രമണ സ്വഭാവമുള്ള പ്രതിരോധത്തിന്റെയും യാത്രയാണ് സിനിമ.
വിക്ടർ എന്ന ഇഷാന്റെ വേഷം കഥയുടെ വൈകാരികതലങ്ങളിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. സഹോദരങ്ങൾ തമ്മിലുള്ള ബന്ധവും കുടുംബത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളും എടുത്തുപറയേണ്ടതാണ്. ആഖ്യാനത്തിലെ പൂർണത, അതാണ് ഇഷാനും ഉണ്ണിമുകുന്ദനും തമ്മിലുള്ള രസതന്ത്രത്തിന്റെ വിജയം. എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തതോടെ മാർക്കോ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സിൽ ഇടം നേടിയിരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ നിര്മിച്ചതിൽ ഏറ്റവും അക്രമാസക്തമായ സിനിമ എന്ന നിലയിൽ മാർക്കോ വിലയിരുത്തപ്പെട്ടു കഴിഞ്ഞു. ഒരു പാൻ ഇന്ത്യൻ അനുഭവം പ്രധാനം ചെയ്യാൻ മലയാളത്തിനും കഴിയുമെന്ന് മാർക്കോ തെളിയിച്ചിരിക്കുന്നു. ഇതിനകം നിരൂപക ശ്രദ്ധ നേടിയ ഇഷാൻ പ്രഖ്യാപിക്കാൻ പോകുന്ന രണ്ടു മൂന്നു സംരംഭങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ നിന്നും അഭിനയപഠനം പൂർത്തിയാക്കിയ ഇഷാൻ 2022 ക്യാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത നടനുള്ള പുരസ്ക്കാരം തുടങ്ങി മറ്റു ഒട്ടേറെ അംഗീകാരങ്ങളും വാരി കൂട്ടിയിട്ടുണ്ട്. പുതിയ പ്രതിഭകളുടെ ഉദയം പതുക്കെ സംഭവിക്കാറാണ് പതിവ്, സിനിമയിലാണെങ്കിൽ പ്രത്യേകിച്ചും! എന്നാൽ ഇഷാന്റെ വരവ് ഈ വിലയിരുത്തലിനെ മാറ്റി. ദൃതഗതിയിലുള്ള ചലനങ്ങളിലൂടെ മലയാള സിനിമയുടെ പ്രിയങ്കരനാകാൻ ഒരുങ്ങുകയാണ് ഇഷാൻ. മാർക്കോ ഒരു തുടക്കമാണെങ്കിൽ വരാനിരിക്കുന്ന സിനിമകൾ ഇഷാൻ എന്ന നടന്റെ ആധികാരികത ഉറപ്പിക്കുന്ന ചിത്രങ്ങളായി വരും എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് സംശയമേതുമില്ല