പ്രിയപ്പെട്ടവനെ
പുതുവർഷം ചോദിക്കുന്നു
പ്രണയത്തിന്റെ ഭാഷയേതെന്ന്
എന്ത് കൊണ്ടോ
നിന്റെ ഭംഗിയുള്ള
മിഴികളിൽ
മുങ്ങിപ്പോയ
പ്രണയത്തെ
നനവാർന്ന
മിഴിപ്പീലികളാൽ
മനസ്സിലേക്ക്
പകർത്താനാണ്
ഇപ്പോൾ
എനിക്കേറെ ഇഷ്ടം.
അതിൽ നിന്റെ
ദാഹം
കടലായിരമ്പുന്നുണ്ട്
നമുക്ക് മീതെ
ഒരാകാശം
ആരുമറിയാതെ
നക്ഷത്രങ്ങളാൽ
അലങ്കരിക്കപ്പെടുന്നുണ്ട്
ഒരു നിലാച്ചില്ലയിൽ
നീ ഞാത്തിയ ഊഞ്ഞാൽ
ആയത്തിൽ എന്നെയാട്ടുന്നുണ്ട്.
മേഘപ്പുതപ്പാൽ
നീയെന്നെ
പിന്നെയും പിന്നെയും
മൂടുന്നുണ്ട്.
ഋതുഭേദങ്ങളിൽ
നിന്നെയും കാത്തു കാത്ത്
വെറുതെ
പെയ്തു തോർന്നു പോയ
ഒരുപാട് മഴകളും
പൊള്ളിപ്പിടഞ്ഞ
ഗ്രീഷ്മ താപങ്ങളുമുണ്ട്
ഇനിയെനിക്ക്
നാം കാണുന്ന സ്വപ്നങ്ങളെ
ആർക്കും വായിക്കാനാകാത്ത
താളിലേക്ക്
പകർത്തണം.
വള്ളിപുള്ളികൾ
ചില്ലക്ഷരങ്ങൾ
സ്വരങ്ങൾ
വ്യഞ്ജനങ്ങൾ
എല്ലാം ഒന്ന് ചേർന്ന് പിണയുന്ന
നമ്മുടെ
ഹൃദയസ്പന്ദനങ്ങളുടെ ഭാഷ
നിനക്കല്ലാതെ
മറ്റാർക്കു വായിക്കാനാകും.?