പ്രമേയം പല തവണ കണ്ടിട്ടുള്ളതാണെങ്കിലും ട്രീറ്റ്‌മെന്റിന്റെ വ്യത്യസ്തത കൊണ്ട് ആകര്‍ഷകമാക്കുന്ന പല സിനിമകളും മലയാളത്തില്‍ എത്തി വിജയം കൈവരിച്ചിട്ടുണ്ട്. അത്തരത്തില്‍ പ്രേക്ഷകന് പരിചയമുള്ള ഒരു കഥാതന്തുവിനെ വേറിട്ട രീതിയില്‍ അപരിചിതമായ കഥാപരിസരങ്ങളിലൂടെ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ വേണ്ടി തിയേറ്ററുകളിലെത്തിയ സിനിമയാണ് അഖില്‍ പോള്‍-അനസ് ഖാന്‍ സഖ്യം തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഐഡന്റിറ്റി. ഓരോ മനുഷ്യനും ഓരോ ഐഡന്റിറ്റി. ചിലപ്പോഴെങ്കിലും ഒട്ടും പിടി തരാതെ മുന്നോട്ടു പോകുന്ന കഥയും കഥാപാത്രങ്ങളും.
പെണ്‍കുട്ടികളെ പണത്തിനും മറ്റുപല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും അതിനു ശേഷം അവരുടെ മാതാപിതാക്കളെയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന ഒരു ക്രിമിനല്‍ സംഘം. നാട്ടില്‍ അവരുടെ കെണിയില്‍ പെട്ട് പല പണ്‍കുട്ടികളുടെയും ജീവിതം തകരുന്നു. പലരുടെയും ജീവിതത്തില്‍ അത് വല്ലാത്തപ്രതിന്ധികള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായി ഹരണ്‍ ശങ്കറി(ടൊവീനോ) ന് അതിന്റെ പിന്നാലെ പോകേണ്ടി വരുന്നത്. എന്നാല്‍ അവിടെ അയാള്‍ കാണുന്നത് നേരത്തെ അറിഞ്ഞതിനേക്കാള്‍ ഭീകരമായകാര്യങ്ങള്‍.
ചിത്രത്തിന്റെ ആദ്യ പകുതി ഒരു കൊലയാളിയെ തിരിച്ചറിയാനുള്ള നിരന്തര പരിശ്രമങ്ങളാണ്. അതില്‍ വിജയിക്കുന്നില്ല, എന്നു മാത്രമല്ല, വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലേക്ക് അന്വേഷണ സംഘത്തെ തള്ളിയിട്ടുകൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നതും. ഒരു പോലീസ് ഓഫീസര്‍, ഒരു സ്‌കെച്ച് ആര്‍ട്ടിസ്റ്റ്, ഒരു ദൃക്‌സാക്ഷി ഇവര്‍ മൂന്നു പേരും ചേര്‍ന്ന് ഒരു ക്രൈം ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി ചെയ്യുന്നതു പോലെ തോന്നും അടുത്ത സീനുകള്‍ കാണുമ്പോള്‍. രണ്ടാം പകുതിയില്‍ പ്രേക്ഷകര്‍ ഒട്ടും വിചാരിക്കാത്ത ഒരു ദിശയിലേക്ക് കഥപോകുന്നത്. വളരെ നിഗൂഡമായ ഒരു കഥ, അതിന്റെ സത്യാവസ്ഥയെ മറനീക്കാനുള്ള നായകന്റെയും സംഘത്തിന്റെയും യാത്രയിലുടനീളം നിഗൂഢത പുകമഞ്ഞു പോലെ ചൂഴ്ന്നു നില്‍ക്കുന്നതും ഒന്നില്‍ നിന്നും അടുത്ത രംഗത്തിലേക്ക് പ്രേക്ഷകനെ പെട്ടെന്നു തന്നെ കൊണ്ടു പോകുന്ന കഥയുടെ പിരിമുറുക്കവുമെല്ലാം മികച്ച ത്രില്ലിങ്ങ് അനുഭവമാണ് നല്‍കുന്നത്.
ആക്ഷന് വളരെയേറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മലയാളത്തില്‍ കണ്ടിട്ടില്ലാത്ത ഫ്‌ളൈറ്റ് ഫൈറ്റ് സീനുകളും ഗംഭീരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പറക്കുന്ന വിമാനത്തില്‍ നടത്തുന്ന സംഘട്ടന രംഗങ്ങള്‍ ശരിക്കും ഹരംകൊള്ളിക്കുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു വിമാനം പ്രവര്‍ത്തിക്കുന്ന വിധവും സംഭവിക്കാവുന്ന അപകടങ്ങളുമെല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്. പ്രേക്ഷകനെ സംബന്ധിച്ച് അത് വളരെ ഇന്‍ഫര്‍മേറ്റീവുമാണ്. അതോടൊപ്പം കാര്‍ റേസിങ്ങും ചിത്രത്തില്‍ പൊടിപാറിക്കുന്നുണ്ട്.
2015 അവസാനം തിയേറ്ററിലെത്തിയ ഐഡന്റിറ്റി ടൊവീനോ തോമസ് എന്ന താരത്തിന്റെ അഭിനയത്തിലെ ബ്രില്ല്യന്‍സിന് മറ്റൊരു ഉദാഹരണം കൂടിയാവുകയാണ്. തിയേറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമകളാണ് ഈ വര്‍ഷം ടൊവീനോ തോമസിന്റേതായി എത്തിയത്. എ.ആര്‍എം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തുടക്കത്തോടെ 2025 കടന്നു പോകുമ്പോഴും ഈ നായകന് ലഭിക്കുന്നത് വീണ്ടും പ്രേക്ഷക കൈയ്യടി നേടാന്‍ കഴിയുന്ന ചിത്രം. പ്രകടന മികവില്‍ ഓരോചിത്രത്തിലും അതിവേഗം മുന്നേറുന്നതാരം കൂടിയാണ് ടൊവീനോ. ഹരണ്‍ ശങ്കര്‍ എന്ന
കഥാപാത്രമായി ഉജ്ജ്വലമായ പ്രകടനം തന്നെ കാഴ്ച വയ്ക്കാന്‍ താരത്തിനു കഴിഞ്ഞു. അഭിനയത്തിലും താരമൂല്യത്തിലും നായകനൊപ്പം നില്‍ക്കുന്ന താരമാണ് ചിത്രത്തിലെ നായിക. തെന്നിന്ത്യയിലെ സൂപ്പര്‍ നായിക തന്നെ. തൃഷ ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിവാഹ ശേഷം പത്തു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ അര്‍ച്ചന കവിയും വളരെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പോലീസ് ഓഫീസറായി എത്തിയ വിനയ് റായ്, അജു വര്‍ഗ്ഗീസ്, മന്ദിരാ ബേദി, ഷമ്മി തിലകന്‍, ഗോപിക രമേശ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
ചിത്രത്തിന്റെ സമഗ്രമായ ഗാംഭീര്യത്തിനും മികവിനും സാങ്കേതികതയുടെ പിന്‍ബലം കൂടിയുണ്ട്. അഖില്‍ ജോര്‍ജ്ജിന്റെ ഛായാഗ്രഹണം, ജേക്ക്‌സ് ബിജോയിയുടെ സംഗീതവും പശ്ചാത്തല സംഗീതവും, ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും ചിത്രത്തിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വളരെ കൈയ്യടക്കത്തോടെ ചെയ്ത ഒരു മാസ്സ് ത്രില്ലര്‍ മുവീയാണ് ഐഡന്റിറ്റി. തിയേറ്ററില്‍ തന്നെ കണ്ടാസ്വദിക്കേണ്ട ചിത്രം.