തീപാറും ആക്ഷനും മികച്ച പ്രകടനവുമായി ‘റൈഫിൾ ക്ലബ്ബ്’ നിരന്ജന സദസിൽ മൂന്നാം വാരത്തിലേക്ക്. കേരളത്തിൽ 150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരം 180ലേക്കും മൂന്നാം വാരം 191 തിയേറ്ററുകളിലേക്കും എത്തിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടേയും യുവ ജനങ്ങളുടേയും പ്രായഭേദമെന്യേ ഏവരുടേയും പിന്തുണയോടെ നിറഞ്ഞ സദസ്സിലാണ് ചിത്രത്തിന്‍റെ പ്രദർശനം മൂന്നാം വാരവും തുടരുന്നത്.
ചെറുത്തുനിൽപ്പിന്‍റേയും ഒത്തൊരുമയുടെയും തോക്കുകളുടേയുമൊക്കെ കഥയുമായെത്തിയ ‘റൈഫിൾ ക്ലബ്ബി’ന് പ്രേക്ഷകരേകിയത് ഗംഭീര വരവേൽപ്പാണ്. റൈഫിൾ ക്ലബ്ബിലൂടെ, ഒരിക്കൽകൂടി തന്നിലെ സംവിധായക മികവ് അരക്കിട്ട് ഉറപ്പിച്ചുകൊണ്ട് അടയാളപ്പെടുത്തിയിരിക്കുകയാണ് ആഷിഖ് അബു എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്.
സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം. ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്‍റിക് ഹീറോ ഷാജഹാൻ എത്തുന്നതും തുടർന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമൊക്കെയായി സംഭവബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റൈഫിൾ ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായ്മയുടെയും ചെറുത്തുനിൽപ്പിന്‍റേയുമൊക്കെ കഥ പറയുന്ന സിനിമയിൽ സൗഹൃദം, സാഹോദര്യം അതൊക്കെ പ്രേക്ഷകർക്കും ആത്മാവിൽ തൊടും വിധത്തിൽ അനുഭവവേദ്യമാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് .