കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപഹസിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കി നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നടിയുടെ പരാതി. ഈ പോസ്റ്റിന് താഴെ സ്ത്രീ വിരുദ്ധമായ കമന്റിട്ടവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്.
മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഒരു വ്യക്തിയുടെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പരാമര്‍ശം.
ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂര്‍വം സമൂഹമാധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് അയാളെന്നും ഹണി റോസ് കുറിപ്പില്‍ പറഞ്ഞു.
'ഒരു വ്യക്തി ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ മനഃപൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാതിരിക്കുന്നത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പമുള്ളവര്‍ ചോദിക്കുന്നു.
പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനഃപൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നും ഹണി റോസ് പറഞ്ഞു.