തിരുവനന്തപുരം: ഫോമയും കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ വിഭാഗമായ നോർക്കയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനമായി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോ. സെക്രട്ടറി പോൾ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നോർക്ക ആസ്ഥാനത്ത് സി.ഇ.ഒ . അജിത്ത് കൊളച്ചെരിയും മറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. ഫോമയും മറ്റു സംഘടകളും ഉൾപ്പെടുത്തി നോർക്കയുമായി സഹകരണത്തിന് അമേരിക്കയിൽ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കും. മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നോർക്ക വഴി പരിഹരിക്കാനും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ഈ കമ്മിറ്റികൾ സഹായിക്കും.
നോർക്ക പ്രവാസികൾക്കായി വൈകാതെ 5 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്ന് സി.ഇ.ഒ അറിയിച്ചു. 18 മുതൽ 70 വരെ പ്രായമുള്ളവർക്ക് ഇത് ലഭിക്കും. മെഡിക്കൽ ചെക്കപ്പോ നേരത്തെയുള്ള രോഗങ്ങളോ പ്രശ്നമല്ല. ചേരുമ്പോൾ മുതൽ ആനുകൂല്യം ലഭിക്കും. ഒരു വർഷം 12500 രൂപയാണ് പ്രീമിയം.
നിലവിൽ ഇന്ത്യൻ പാസ്പോർട്ട് ഹോൾഡർമാർക്ക് മാത്രം ലഭിക്കുന്ന ഈ പരിരക്ഷ, ഒസിഐ കാർഡ് ഉടമകൾക്കും ലഭിക്കുന്ന കാര്യം ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് പരിശോധിക്കും. അത് പോലെ നാട്ടിലുളള അച്ഛനും അമ്മയേയും ഈ ഇൻഷുറൻസിൽ ചേർക്കുന്ന കാര്യവും പരിഗണിക്കും.
അമേരിക്കയിൽ മരണപ്പെടുന്നവരുടെ ശരീരം നാട്ടിൽ എത്തിക്കുന്നതിനും കേരളത്തിൽ വച്ച് മരണം സംഭവിച്ചാൽ മൃതശരീരം അമേരിക്കയിൽ എത്തിക്കുന്നതിന്റെയും കാലതാമസം ചുരുക്കാനുമുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ആംബുലൻസ് ഉൾപ്പെടെ നോർക്കയുടെ സപ്പോർട്ട് ഡിവിഷൻ ഇതിനായി സജ്ജമാണ്. ഇക്കാര്യങ്ങളിൽ നോർക്ക എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.
ഓ.സി.ഐ. പ്രശ്നങ്ങളും ചർച്ച ചെയ്തു. അക്കാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് സി.ഇ.ഓ. ചൂണ്ടിക്കാട്ടി. ഇപ്പോൾ 18 വയസ്സിൽ എടുക്കുന്ന ഒസിഐ കാർഡ് ഇരുപതാം വയസ്സിലും അൻപതാം വയസ്സിലും പുതുക്കണം എന്നാണ് നിയമം. മുഖത്തിന് മാറ്റം വരുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അമേരിക്കൻ പാസ്‌പോർട്ട് പത്തുവർഷം കൂടുമ്പോൾ പുതുക്കുന്നു. പഴയ പാസ്പോർട്ടിലായിരിക്കും ഒസിഐ അറ്റാച്ച് ചെയ്തിട്ടുണ്ടാവുക. ഈ സാഹചര്യത്തിൽ യാത്ര ചെയ്യുമ്പോൾ പഴയ പാസ്‌പോർട്ടും പുതിയതും കയ്യിൽ വേണം. ചിലർ പഴയ പാസ്പോർട്ട് എടുക്കാൻ മറക്കുന്നത് പ്രശ്നമാകും. പുതിയ പാസ്‌പോർട്ടിൽ ഒസിഐ ലിങ്ക് ആകാത്തതിന്റെ പേരിൽ സൗദി എയർലൈൻസിലും കുവൈറ്റ് എയർലൈൻസിലും ഈയിടെ പലരും വിഷമത്തിലായതും നോർക്കയുടെ സമക്ഷം അവതരിപ്പിച്ചു. (യാത്രക്ക് ഓ.സി.ഐ. കാർഡ് മാത്രം കൈവശം മതി എന്നായിരുന്നു ഇതുവരെയുള്ള ചട്ടം. ഓ.സി.ഐ. സ്റ്റാമ്പ് ചെയ്ത പഴയ പാസ്പോർട്ട് വേണ്ട എന്ന തീരുമാനം വന്നത് ഏറെ മുറവിളിക്കു ശേഷമാണ്. ഇപ്പോൾ പഴയ സ്ഥിതി കൊണ്ടുവന്നത് എന്ന് മുതലാണ് എന്നോ ആരാണ് മാറ്റിയതെന്നോ ഒരു വിവരവുമില്ല. മുൻകൂട്ടി ജനത്തെ അറിയിക്കാൻ പോലും ഉദ്യോഗസ്ഥർ മെനക്കെട്ടില്ല)
വിമാന ടിക്കറ്റിന്റെ നിരക്ക് ഉയരുന്നതുമൂലമുള്ള ക്ലേശങ്ങളും ചർച്ചാ വിഷയമായി.
സംഘടനകൾ പ്രവാസികളുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തി മെമ്മോറാണ്ടം സമർപ്പിച്ചാൽ അതിന് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് നോർക്ക സി.ഇ.ഒ ഉറപ്പുനൽകി. ഇതിനായി ഇമെയിൽ ഐഡിയും ഫോൺ നമ്പറും നൽകിയിട്ടുമുണ്ട്. നോർക്കയുമായി സ്ഥിരമായി ബന്ധപ്പെടാൻ ഒരു കോണ്ടാക്ട് പേഴ്‌സനെ ചുമതലപ്പെടുത്തും.
ഫോമായുടെ 12 റീജിയനുകളിൽ നിന്നും ഓരോ അസോസിയേഷൻ നോർക്കയിൽ രജിസ്റ്റർ ചെയ്യുമെന്ന് ബേബി മണക്കുന്നേൽ അറിയിച്ചു. പ്രബുദ്ധരായ മലയാളികളുള്ള അമേരിക്കയിൽ നിന്ന് ഒരു സംഘടനപോലും ഇതുവരെ നോർക്കയിൽ ചേർന്നിട്ടില്ലെന്നത് കണക്ടിവിറ്റിയുടെ കുഴപ്പമാണെന്നും വിലയിരുത്തിക്കൊണ്ട് 3 മാസത്തിനുള്ളിൽ 12 അസോസിയേഷനുകളുടെ പ്രാതിനിധ്യം അദ്ദേഹം വാഗ്‌ദാനം ചെയ്തു. സുബിൻ കുമാരനെ ഇതിന്റെ ചാർജ് ഏൽപ്പിച്ചു. ഫോമാ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളും അദ്ദേഹം നോർക്കയ്ക്ക് മുൻപാകെ വിശദീകരിച്ചു.
നോർക്കയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് ഇരുകൂട്ടർക്കും ഗുണകരമാകുമെന്നും ചർച്ചയിലൂടെ വ്യക്തമായി.
അമേരിക്കയിൽ എത്തുന്ന ഒരു മലയാളിയെ കാണാതായാൽ സഹായത്തിനു നോർക്കയ്ക്ക് അവിടേക്ക് ബന്ധപ്പെടാൻ അതിലൂടെ സാധിക്കും. നാട്ടിലെ വസ്തുവകകൾ സംബന്ധിച്ച പ്രശ്നത്തിന് അമേരിക്കയിലുള്ള മലയാളിക്ക് നോർക്കയുടെ ബന്ധപ്പെട്ടാൽ പരിഹാരം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടാകും.ഇങ്ങനൊരു കൊടുക്കൽ-വാങ്ങലാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്.
നോർക്ക റൂട്സ് പ്രവർത്തനസജ്ജമായിട്ട് ഇത് ഇരുപത്തിമൂന്നാം വർഷമാണെന്ന് സി.ഇ.ഒ ചൂണ്ടിക്കാട്ടി. ലോക കേരള സഭ വന്ന ശേഷമാണ് പ്രവാസികളുടെ പ്രശ്നങ്ങൾ അവരോടുതന്നെ കൂടുതലായി ചോദിച്ചറിയാൻ സാധിച്ചത്. പ്രവാസികൾ തങ്ങളുടെ പ്രശ്നങ്ങൾ അറിയിച്ചാൽ കഴിയാവുന്നത്ര സഹായങ്ങൾ ചെയ്യുവാൻ തങ്ങൾ സദാ തായാറാണെന്നു സി.ഇ.ഒ ചൂണ്ടിക്കാട്ടി.
ആർ.വി.പി. ബിജു ലോസൻ , ജിജു കുളങ്ങര, മാത്യു വർഗീസ്, സുബിൻ കുമാരൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.