Image

ഭാവഗായകൻ പി. ജയചന്ദ്രൻ : ഷൈലാ ബാബു

Published on 12 January, 2025
ഭാവഗായകൻ പി. ജയചന്ദ്രൻ : ഷൈലാ ബാബു

മലയാളനാടിന്റെ ഭാവാത്മഗായകൻ
മധുസ്വരമാരിയായ് പെയ്തൊഴിഞ്ഞൂ.

മലയാളഭാഷയ്ക്ക് മഞ്ഞാട ചുറ്റിയ
ലാവണ്യത്തനിമയായവനിയിങ്കൽ

ആയിരമായിരം പ്രിയരാഗഗീതികൾ
മാലേയ സൗരഭം ചൂടി നില്പൂ.

സുന്ദരരാഗങ്ങളനുരാഗപ്പുഴകളായ്
സ്വർഗീയനിമിഷങ്ങൾ പകർന്നു നൽകീ!

കേവലമർത്ത്യഭാഷതന്നഭിലാഷ
പ്രണവമന്ത്രങ്ങൾ തുയിലുണർത്തി.

താരാട്ടുഗാനങ്ങളീണത്തിൽ ചൊല്ലിയാൻ,
സംഗീതപ്പാലാഴിയിൽ മുങ്ങി നീന്തി.

പുണ്യമായ് മാറിയോരായുസ്സിൻ ധന്യത,
ആരാധകരുടെ മനം കവർന്നൂ.

പാടാത്ത ഗാനങ്ങളെത്രയോ ശേഷിക്കേ,
കാണാക്കയത്തിലേക്കകലുകയോ!

അന്തമില്ലാത്തതൻ പാട്ടിൻ വരികളിൽ
നന്മയായ് പരിലസിച്ചീടുമെന്നും.

ഓർമയായ് മറയുന്നു, ചിരകാല വിസ്മയം
അർപ്പിച്ചിടുന്നാദരാഞ്ജലികൾ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക