Image

നടുക്കുള്ള വൃക്ഷത്തിന്റെ ഫലം (കവിത: നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌)

Published on 13 January, 2025
നടുക്കുള്ള വൃക്ഷത്തിന്റെ ഫലം (കവിത: നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌)

വാക്കുകളുടെ അറിയാത്ത അർത്ഥങ്ങൾപോലെ
അവളെന്നിലൊളിച്ചുകിടന്നു,
തട്ടാനുരച്ചുനോക്കിയ തങ്കമ്പോലെ 
അവളെന്നിൽ തെളിഞ്ഞുകിടന്നു!

പൗർണ്ണമിചന്ദ്രികയുടെ മുഖംമറച്ച
കാർമേഘത്തെ കാറ്റേതോ മറയത്തു
കൂട്ടിക്കൊണ്ടുപോയി,
ഒന്നു പെയ്തൊഴിയുവാൻ!


നടുക്കുനിന്ന വൃക്ഷത്തിന്റെ
ഫലം പഴുത്തുവീണു!

അവളൊരു ആകാശത്തിന്റെമറവു ചോദിച്ചു,
ഞാനിലകൾ നെയ്തവൾക്കു കൊടുത്തു;
ഒരിക്കലുംവാടാത്ത ഇലകൾതേടി
അവൾ ഭൂമിയിലലഞ്ഞു!

ജീവവൃക്ഷത്തിന്റെ
ഗർഭപാത്രത്തിൽനിന്നൊരുനദി
നാലായിപ്പിരിഞ്ഞു ഭൂമിയിലെത്തി;
ഹവീലാദേശത്തിലൂടൊഴുകിവന്ന പീശോൻ
മേത്തരംപൊന്നും, രത്നക്കല്ലുകളും,
ഗുൽഗുലുവും, ഗോമേദകവും വച്ചുനീട്ടി!
അവൾ പറഞ്ഞു,
"എന്റെ കണ്ണുതുറന്നിരിക്കുന്നു!"
നിർവ്വികാരതയുടെ അടയാളമായി
പീശോൻ മടങ്ങിപ്പോയി!

സന്തോഷത്തിരകളുമായി ഗിഹോൻ*                          

കൂശ്‌*ദേശത്തിലൂടെക്കറങ്ങിവന്നു,
അവൾ പറഞ്ഞു,"ഞാൻ ചതിക്കപ്പെട്ടു!"

*അശൂരിന്റെ കിഴക്കുനിന്നും മടങ്ങിവന്ന
 *ഹിദ്ദേക്കെൽ
അവളുടെ ചടുലതയെ കുറ്റംപറഞ്ഞില്ല;
പഴക്കൊമ്പു കുലുക്കിക്കൊടുത്തവനെ
അവളും പഴിച്ചില്ല!

നാലാം നദി *ഫ്രാത്ത്‌ പറഞ്ഞു,
"നിനക്കു ഭൂമിനിറയെ മക്കളുണ്ടാകും,
അവർ ആകശത്തേക്കു നോക്കും
ഒരു പാമ്പ്‌ അതിന്റെ കൊമ്പുചായിച്ചുകൊടുക്കും,
അവരതിന്റെ ഫലം തിന്നുന്നനാളിൽ
അവരുടെ കണ്ണുതുറക്കും,
അവർ ശപിക്കപ്പെടും!"
അവരുടെ നെറ്റിയിലെ വിയർപ്പുകൊണ്ട്‌
ആകാശഗോളങ്ങളെ നനയ്ക്കും,
അവർക്കു മക്കളുണ്ടാകും, എന്നാൽ
അവരുടെ നാരികൾ പ്രസവിക്കയില്ല!

ഇന്നിതാ അവളിവിടെ മടങ്ങിവന്നു
ഞാൻ നെയ്ത ഇലകൾക്കായ്‌!

പാമ്പു കൈകഴുകി
"എനിക്കൊരുപങ്കും ഈ രക്തത്തിലില്ല!"
നടുക്കുള്ള ജീവവൃക്ഷത്തിന്റെ ഫലം
പഴുത്തുവീഴുന്നു;
അതിന്റെ വഴിയിൽ
മനുഷ്യരുടെ ഗന്ധമില്ല;
കാട്ടിലെ മൃഗങ്ങളും
ആകാശത്തിലെ പക്ഷികളും
അതു ഭക്ഷിക്കുന്നു!
നടുക്കുള്ള രണ്ടാമത്തെ മരം,
‘പാമ്പിന്റെ മരം’
അതിന്റെ ചുവട്ടിൽ പഴുത്തുവീഴുന്ന
മനുഷ്യർ!

അതിനാൽ ദൈവം ആ മരം
വീണ്ടും വീണ്ടും നട്ടുകൊണ്ടേയിരിക്കുന്നു;
ആ പഴമുള്ളകൊമ്പുചായ്ക്കുവാൻ
മനുഷ്യൻ പാമ്പിനെ പെറുന്നു!
-------------
*ഹവീലാദേശ- ഇന്നത്തെ അറേബ്യൻ ഉപദ്വീപ്‌
പീശോൻ*- വാദി അൽ ബതിൻ/ഏദൻ തോട്ടത്തിൽനിന്നും

ഒഴുകുന്ന നാലു നദികളിൽ ഒന്ന്.
ഗിഹോൻ* - രണ്ടാമത്തെ നദി
കൂശ്‌* - ഇന്നത്തെ തെക്കൻ സുഡാൻ പ്രദേശം
*അശൂർ - ഇന്നത്തെ അസ്സീറിയ
*ഹിദ്ദേക്കെൽ- ടൈഗ്രിസ്/മൂന്നാമത്തെ നദി
*ഫ്രാത്ത്- യൂഫ്രട്ടീസ്‌ /നാലാമത്തെ നദി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക