വെറുതെ ഇരുന്നപ്പോൾ ആ കുട്ടികളെ ഓർത്തുപോയി .. ജോർജും, സ്റ്റീഫനും.
അന്ന് ഞാൻ ഡിഗ്രി പരീക്ഷയൊക്കെ കഴിഞ്ഞു ഫലം അറിയാൻ കാത്തിരിക്കുന്ന
ദിവസങ്ങളായിരുന്നു. ഒപ്പം എയർ ഫോഴ്‌സിൽ ഒരു ടെസ്റ്റ് ഒക്കെ പാസ്സായിട്ടു
ഇൻറ്റർവ്യൂവിന് വിളിക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയായിരുന്നു. ഡിഫെൻസിൽ ഒരു
ജോലി കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കോളേജിൽ എൻ സി സി കേഡറ്റായിട്ടു അഞ്ചു
വർഷങ്ങൾ ബൂട്ടിട്ട് മാർച് ചെയ്തതിനു പിന്നിൽ അങ്ങനെ ഒരു ഉദേശ്യം
ഇല്ലാതില്ലായിരുന്നു.
ദരിദ്രമായ സാഹചര്യങ്ങൾ. അടിച്ചുപൊളി ഒന്നും ഇല്ല. ലൈബ്രറിയിൽ പോയി വല്ല
പുസ്തകവും എടുത്തു കൊണ്ടുവന്നു വായിക്കും. രാവിലെ ഗ്രൗണ്ടിൽ പന്തു കളിക്കാൻ
പോകും. വൈകിട്ട് ടൗൺഹാളിൽ പോയി പടികളിൽ ഇരിക്കും. കാറ്റു കൊള്ളും. അതിനൊന്നും
പണച്ചിലവില്ലലോ. സമാന അവസ്ഥയുള്ള സുഹൃത്തുക്കളുമുണ്ടാവും. എന്തെങ്കിലും
ആവശ്യത്തിന് വീട്ടിൽ പൈസ ചോദിക്കാൻ മടിയും കൗമാരത്തിൻ്റെ ചില അപകർഷതകളും.
ഒരു ദിവസം ഉച്ച കഴിഞ്ഞു വിരസമായി വീട്ടിൽ ഇരിക്കുമ്പോൾ രണ്ടു ചെറുപ്പക്കാർ
കയറി വന്നു. കോളേജിൽ വച്ച് കണ്ടു അവരെ എനിക്ക് മുഖപരിചയം ഉണ്ട്. ‘ജൂനിയർസ്’
ആണ്. ആരോടോക്കയോ വഴി ചോദിച്ചു വളരെ കഷ്ടപ്പെട്ടാണ് അവർ വീട് കണ്ടുപിടിച്ചത്.
സാമ്പത്തികമായി കഷ്ടപാടുകളുള്ള വീടുകളിലെ കുട്ടികളാണ്. പ്രീഡിഗ്രിക്കു കണക്കിൻ്റെ
പരീക്ഷയ്ക്ക് തോറ്റു. അവർക്ക് അത് എഴുതി എടുക്കണം. എത്ര വേണമെങ്കിലും
കഷ്ടപ്പെടാൻ തയാറാണ്. പഠിക്കാതെ ഉഴപ്പി നടന്നതിൻ്റെ കുറ്റബോധം അവർക്ക്
രണ്ടുപേർക്കും ഉണ്ടായിരുന്നു.
അവർ അവരുടെ ഉദ്ദേശ്യലക്ഷ്യം അവതരിപ്പിച്ചു. അവരുടെ കൈയിൽ പണമൊന്നുമില്ല.
ഞാൻ അവർക്കു കണക്കു പഠിപ്പിച്ചു കൊടുക്കണം. ആരും അത് അറിയാനും പാടില്ല.
എനിക്ക് വല്ലാത്ത കൗതുകം തോന്നി. ഞാൻ ആ ദൗത്യം ഏറ്റെടുത്തു.
രാത്രിയിൽ അവർ വരും. ദൂരെയുള്ള വീടുകളിൽ നിന്ന് സൈക്കിളിലാണ് വരുന്നത്. ഞാൻ
അതുവരെ ആരെയും പഠിപ്പിച്ചിട്ടൊന്നുമുണ്ടായിരുന്നില്ല. ഗുരുനാഥന്മാരെ മനസ്സിൽ
ധ്യാനിച്ച് ഞാൻ തുടങ്ങി. ഒരു അടിസ്ഥാനം ഇടാൻ കുറെ സമയം എടുത്തു. ചിലപ്പോൾ രാത്രി
ഒരുമണി, രണ്ടുമണി വരെയൊക്കെ ക്ലാസ് നീണ്ടുപോകും. അസാമാന്യമായ
നർമ്മബോധമുള്ളവരായിരുന്നു അവർ രണ്ടുപേരും. രണ്ടു മൂന്ന് മാസത്തെ സമ്പർക്കം
കൊണ്ട് വീട്ടിലെല്ലാവർക്കും അവർ പ്രിയപെട്ടവരായി. പരീക്ഷവന്നു.
അനുഗ്രഹാശിസുകളോടെ അവർ പോയി.
എനിക്കു എയർഫോഴ്‌സിൽ നിന്നും ഇൻറ്റർവ്യൂ കാർഡ് വന്നു. ഞാൻ ബംഗളുരുവിൽ പോയി.
ഇൻറ്റർവ്യൂ വിജയകരമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞു മെഡിക്കൽ ടെസ്റ്റിന് വീണ്ടും
ചെല്ലണം. അത് കഴിഞ്ഞാൽ വേഗം ജോലിയിൽ പ്രവേശിക്കാം. ഞാൻ പ്രതീക്ഷയോടെ
ഇരുന്നു. മെഡിക്കൽ ടെസ്റ്റിൽ എനിക്കു വിജയിക്കാൻ സാധിച്ചില്ല.
ഹൃദയമിടിപ്പുകളുടെ എണ്ണം കൂടുതലെന്നായിരുന്നു കാരണം. കുറച്ചു ദിവസങ്ങൾ
നിരാശയോടെ കഴിഞ്ഞു. പിന്നെ ഞാൻ പോസ്റ്റ് ഗ്രാജുവേഷനു ചേർന്നു.
കുറച്ചു മാസങ്ങൾ കഴിഞ്ഞു. ഒരു ഞാറാഴ്ച്ച ആ കുട്ടികൾ വീണ്ടും വന്നു. പരീക്ഷയിൽ
അവർ വിജയിച്ചിരിക്കുന്നു. അത് പറയുമ്പോൾ അവരുടെ മുഖത്ത് അഭിമാനവും
സന്തോഷവും നിഴലിച്ചിരുന്നു. ഗേറ്റിനു അരുകിൽ നിന്ന് യാത്ര പറയുമ്പോൾ
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. നനഞ്ഞ കണ്ണുകളിൽ നന്ദിയുടെ പൂക്കൾ
വിരിഞ്ഞിരുന്നു.
വീടിനുള്ളിൽ വന്നു കുറേനേരം കഴിഞ്ഞാണ് ഞാൻ അത് ശ്രദ്ധിച്ചത്. മേശപ്പുറത്തു ഒരു
കവർ. അതിനു മുകളിൽ ഇങ്ങനെ എഴുതിയിരുന്നു. ഇത് സ്വീകരിക്കണം. ചേട്ടനെ ഞങ്ങൾ
ഒരിക്കലും മറക്കില്ല.
ഞാൻ കവർ തുറന്നു നോക്കി. കവറിനുള്ളിൽ മുഷിഞ്ഞ കുറെ പത്തുരൂപാ നോട്ടുകൾ. അത്
എഴുപത് രൂപ ഉണ്ടായിരുന്നു.
ഗുരുദക്ഷിണ ! ജീവിതത്തിൽ ഞാൻ ആദ്യമായി നേടിയ പണം.
വെറുതെ ഇരുന്ന ആ നിമിഷങ്ങളിൽ അവർ വീണ്ടും വന്നു .. എന്നെ കാണാൻ .. എൻ്റെ
ഓർമകളിൽ..