നീളേ പരന്നൂ
കിടപ്പതുണ്ടേ
നീരണിപ്പാടങ്ങ-
ളൂഴി തന്നിൽ
ശൂന്യമായ് കാൺമൂ
വയലേലകൾ
നെല്ലിൻ തളിരുകൾ കാൺമതില്ലാ.
പവിഴക്കതിരുകൾ
കൊയ്തെടുക്കും
പെണ്ണാളിന്നാരവം
കേൾക്കാനില്ലാ!
ഉഴുതുമറിക്കും
കലപ്പകളും
പോയ്മറഞ്ഞേതോ
വിദൂരതയിൽ!
ഉതിർമണി
നെല്ലിൻ പതിരുകളും
കൊത്തിപ്പറക്കും ചെറുകിളികൾ,
ഉയിരുമായുയരേ
പറന്നകന്നൂ
പുതിയ ദേശത്തി-
ന്നതിഥിയാവാൻ
ഗ്രാമത്തി-
നൈശ്വരമായിരുന്ന,
നിറപൊലിക്കാഴ്ചയും
വിസ്മൃതിയിൽ!
ഈണത്തിലുയരുന്ന
കൊയ്ത്തുപാട്ടും
ഈറനണിഞ്ഞു
പടികടന്നൂ!
കർഷകക്കൂട്ടത്തിൻ
ദാരുണാന്ത്യം,
കേവലം മാധ്യമ
ചർച്ചകളായ്!
പഴമാഭിമാനങ്ങൾ
ശോകമൂകം
മണ്ണിന്നടിയിലായ്
നാൾക്കുനാളിൽ!
ദിനകര കോപത്തിൽ
വെന്തിടുന്ന
ധരണിയും തേടുന്നു
ശാപമോക്ഷം!
ദിശതെറ്റി വീശുന്ന
മാരുതനും
സാന്ത്വനമേകാൻ
മറന്നിടുന്നു...
കേരളത്തനിമ
കൾ കഥകളായി,
മലയാള നാടിൻ
ദുരവസ്ഥകൾ!
നവമാധ്യമങ്ങൾ
തന്നതിപ്രസരം,
നന്മകൾ തീണ്ടാത്ത
ലോകമായി...